ബാബരി മസ്ജിദ് കേസ്: മധ്യസ്ഥ ശ്രമങ്ങളെ എതിര്‍ത്ത് ഹിന്ദുമഹാസഭ

അതേസമയം മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ് മുസ്‌ലിം സംഘടനകലുടെ നിലപാട്. മധ്യസ്ഥചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്നും മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി രാജീവ് ധവാന്‍ വാദിച്ചു.

Update: 2019-03-06 07:29 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്ന കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. മധ്യസ്ഥ ശ്രമത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞാണ് കോടതി നടപടികള്‍ ആരംഭിച്ചത്. മധ്യസ്ഥശ്രമങ്ങളെ എതിര്‍ക്കുന്നതായി ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ കോടതിയെ അറിയിച്ചു. ഭൂമി തര്‍ക്ക കേസില്‍ കോടതി നടപടികളിലൂടെ തീര്‍പ്പാക്കണമെന്നാണ് ഹിന്ദു മഹാസഭയുടെ നിലപാട്.

കക്ഷികള്‍ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണം എന്നില്ല എന്നായയിരുന്നു ഹിന്ദു മഹാസഭയുടെ വാദം. മധ്യസ്ഥശ്രമത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാന്‍ കോടതി നോട്ടീസ് ഇറക്കണമെന്നും ഹിന്ദു മഹാസഭ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അയോധ്യ പ്രശ്‌നം വൈകാരികവും മാനസികവും ആയ പ്രശ്‌നമാണെന്നും കേവലം ഭൂമി തര്‍ക്കമല്ല എന്നും കോടതി നിരീക്ഷിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങും മുന്‍പേ പരാജയപ്പെടുമെന്ന് പറയുകയാണോ എന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. മധ്യസ്ഥത ആവുമ്പോള്‍ വിട്ടു വീഴ്ച വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങിനെ മുറിവുണക്കാം എന്നാണ് കോടതി ആലോചിക്കുന്നതെന്നും കോടതി പറഞ്ഞു. മധ്യസ്ഥചര്‍ച്ചയ്ക്ക് മുന്‍പ് പൊതു ജനങ്ങള്‍ക്ക് നോട്ടീസ് നല്‍കേണ്ട ആവശ്യം ഇല്ലെന്ന് കോടതി പറഞ്ഞു.

അതേസമയം മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ് മുസ്‌ലിം സംഘടനകലുടെ നിലപാട്. മധ്യസ്ഥചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്നും മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി രാജീവ് ധവാന്‍ വാദിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. തര്‍ക്കപരിഹാരം മാത്രമാണ് കോടതിയുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്റ് ഭൂമി യുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. സ്വകാര്യ ഭൂതര്‍ക്കമായല്ല ഇതിനെ കാണുന്നത് എന്നും വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടി ആയാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തു തീര്‍പ്പിന് ഒരു ശതമാനം സാധ്യത എങ്കിലും ബാക്കിയുണ്ടെങ്കില്‍ അതാണ് നല്ലതെന്നും ഭരണഘടന ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു. സിവില്‍ പ്രൊസീജ്യര്‍ കോഡിലെ 89 താം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഈ നീക്കം. ഇത്തരം ഒരു ഉത്തരവ് ഇറക്കുകയാണെങ്കില്‍ നിയമരംഗത്തെ പ്രഗ്തഭരായിരിക്കും അതിന് നിയോഗിക്കപ്പെടുക. ഇവരുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി നിലനിര്‍ത്തുമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

അന്തിമ വിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോഴേ കഴിയൂ. അതിനാണ് ശ്രമം നടത്തുന്നതെന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. കേസിലെ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ട്. പണ്ട് നടന്ന കാര്യങ്ങള്‍ കോടതി നോക്കുന്നില്ലെന്നും ഇപ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് കോടതി പരിശോധിക്കുന്നതെന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

Tags:    

Similar News