'എല്ലാ വീട്ടിലും ഭയത്തിന്റെ അന്തരീക്ഷം'; കശ്മീരി ബാലന്‍മാരും ജയിലില്‍

കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുന്നത് മുസ്‌ലിം ഭൂരിപക്ഷ മേഖലയ്ക്ക് ഒരു പുതിയ പ്രഭാതം സൃഷ്ടിക്കുമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത്. എന്നാല്‍, കശ്മീരികള്‍ക്ക് മൂന്നാഴ്ച്ചയിലേറെയായി ദുരിതത്തിന്റെ നാളുകളാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു.

Update: 2019-09-04 04:34 GMT

ശ്രീനഗര്‍: 13 വയസ്സുകാരനടക്കം നിരവധി കുട്ടികള്‍ കശ്മീരില്‍ തടവില്‍ കഴിയുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. വൈകീട്ട് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടേയാണ് 13 വയസ്സുകാരനായ ഫര്‍ഹാന്‍ ഫാറൂഖും മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലാകുന്നത്. ശ്രീനഗറിന് 10 മൈല്‍ അകലെയുള്ള കശ്മീരി പട്ടണത്തിലെ ലോക്കല്‍ പോലിസ് സ്‌റ്റേഷനിലെ ജയിലിലാണ് കുട്ടികളെ പാര്‍പ്പിച്ചിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം പോലിസ് നടത്തിയ ശക്തമായ അടിച്ചമര്‍ത്തലിന്റെ ഭാഗമാണിതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 5 മുതല്‍ കാശ്മീരില്‍ തടവിലാക്കപ്പെട്ട മൂവായിരത്തോളം കശ്മീരികളില്‍ ഫര്‍ഹാനും ഉള്‍പ്പെടും. തടവുകാരില്‍ എത്രപേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്ന് വ്യക്തമല്ല. എന്നാല്‍ 18 വയസ്സിന് താഴെയുള്ള അഞ്ച് കശ്മീരികളെയെങ്കിലും അടിച്ചമര്‍ത്തല്‍ ആരംഭിച്ചതിനുശേഷം തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് സ്ഥിരീകരിച്ചു.

'എല്ലാ വീട്ടിലും ഭയത്തിന്റെ അന്തരീക്ഷമുണ്ട്,' ഫര്‍ഹാന്റെ മാതാവ് നാസിയ പറഞ്ഞു, എന്തുകൊണ്ടാണ് മകനെ തടഞ്ഞുവച്ചതെന്ന് അറിയില്ല. 'കുട്ടികളെ പോലും തടവിലിടാന്‍ കഴിയുമെങ്കില്‍ അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയും.' നാസിയ പറഞ്ഞു.

കുട്ടികളെ തടങ്കലില്‍ വയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചില്ലെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കശ്മീര്‍ പോലിസ് സ്‌റ്റേഷനിലെ സൂപ്പര്‍വൈസിംഗ് ഉദ്യോഗസ്ഥന്‍ തന്നെ തടവിലാക്കിയെന്ന് അവകാശപ്പെടുന്ന കുടുംബം മാധ്യമ പ്രവര്‍ത്തകനുമായി സംസാരിക്കാന്‍ വിസമ്മതിച്ചു. അതേസമയം, പ്രായപൂര്‍ത്തിയാകാത്തവരെയൊന്നും കസ്റ്റഡിയില്‍ എടുക്കുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ജില്ലയിലെ ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുന്നത് മുസ്‌ലിം ഭൂരിപക്ഷ മേഖലയ്ക്ക് ഒരു പുതിയ പ്രഭാതം സൃഷ്ടിക്കുമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തത്. എന്നാല്‍, കശ്മീരികള്‍ക്ക് മൂന്നാഴ്ച്ചയിലേറെയായി ദുരിതത്തിന്റെ നാളുകളാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. കശ്മീരികള്‍ക്ക് ആശയ വിനിയമ സംവിധാനങ്ങള്‍ പോലും തടഞ്ഞുവെച്ചു. കുട്ടികളേയടക്കം വ്യാപകമായി തടങ്കലില്‍ പാര്‍പ്പിച്ചു.

സുരക്ഷയുടെ പേരില്‍ നിരവധി അഭിഭാഷകര്‍, ബിസിനസ് എക്‌സിക്യൂട്ടീവുകള്‍, തൊഴിലാളികള്‍ എന്നിവരെപ്പോലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും അറസ്റ്റിലായി. കാരണമൊന്നും പറയാതെ നൂറുകണക്കിന് യുവാക്കളേയാണ് അധികാരികള്‍ തടവില്‍ പാര്‍പ്പിക്കുന്നതെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News