കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി; യുപിയില്‍ എല്ലാ ഡിസിസികളും പിരിച്ചു വിട്ടു

പാര്‍ട്ടിയില്‍ ശുദ്ധികലശം ഉണ്ടായേ തീരൂവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് പുതിയ നീക്കം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദേശവും പാര്‍ട്ടി ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടുണ്ട്.

Update: 2019-06-24 11:27 GMT

ന്യഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ തിരിച്ചടിയെ തുടര്‍ന്ന് മരവിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിക്കാന്‍ ശ്രമമാരംഭിച്ചു. പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു. പാര്‍ട്ടിയില്‍ ശുദ്ധികലശം ഉണ്ടായേ തീരൂവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് പുതിയ നീക്കം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദേശവും പാര്‍ട്ടി ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടുണ്ട്. നേതൃത്വമില്ലാത്ത പശ്ചാത്തലത്തില്‍ പാര്‍ട്ടി നേരിടുന്ന കടുത്ത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും.

11 നിയമസഭാ സീറ്റുകളിലേക്ക് ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോവുകയാണ്. കിഴക്കന്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ എംഎല്‍എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക. ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗങ്ങള്‍ വീതമുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച് പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാനുള്ള നീക്കമാണ് പ്രിയങ്കയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഏതൊക്കെ തലങ്ങളിലാണ് വീഴ്ചയുണ്ടായത് എന്ന് വിശദമായി വിലയിരുത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായ അജയ് കുമാര്‍ ലല്ലുവിനെയാണ് യുപിയില്‍ പുനഃസംഘടനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ അച്ചടക്കലംഘനമുണ്ടായെന്ന എല്ലാ പരാതികളും പരിഗണിക്കാന്‍ മൂന്നംഗസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

യുവാക്കളെ ഉള്‍പ്പെടുത്തി പുതിയ സമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദേശമാണ് പ്രിയങ്കാ ഗാന്ധി മുന്നോട്ടു വയ്ക്കുന്നത്. പുതിയ ജില്ലാ സമിതികളില്‍ 50 ശതമാനം പേരും 40 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അധ്യക്ഷപദവിയില്‍ തുടരുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ നയപരമായ തീരുമാനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഇപ്പോള്‍ രാഹുല്‍ ഇടപെടുന്നില്ല. ഇത് കോണ്‍ഗ്രസില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. പാര്‍ട്ടിയില്‍ ആരും ഇത് തുറന്ന് പറയുന്നില്ലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ട്.

ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്തെത്തി നില്‍ക്കുകയാണ്. പതിനേഴാം ലോക്‌സഭാ സമ്മേളനത്തില്‍ പല വിഷയങ്ങളിലും എന്തു തീരുമാനമെടുക്കണമെന്ന് ഇതുവരെ നേതാക്കള്‍ക്ക് ധാരണയില്ല.

ഈ സാഹചര്യത്തില്‍ ഇനിയെന്ത് എന്ന് തീരുമാനിക്കാനാണ് അടുത്തയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുന്നത്. ഇതില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും. ഉത്തര്‍പ്രദേശിലേതിന് സമാനമായ ഉടച്ചു വാര്‍ക്കല്‍ പാര്‍ട്ടിയുടെ എല്ലാ തലത്തിലും ഉണ്ടാകാനാണ് സാധ്യത. രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാുന്ന കാര്യത്തിലും തീരുമാനമുണ്ടാവും. 

Tags:    

Similar News