അക്രമസംഭവങ്ങള്‍: ജാഗ്രത പാലിക്കാന്‍ പോലിസിന് ഡിജിപിയുടെ നിര്‍ദേശം

കണ്ണൂരിലെ അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കാനും രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ അക്രമിച്ചവരെ ഉടന്‍ പിടികൂടാനും കണ്ണൂര്‍ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.തലശ്ശേരി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി മാത്രം 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.

Update: 2019-01-05 04:40 GMT

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിക്കുന്ന സാഹചര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പോലിസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കാനും രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ അക്രമിച്ചവരെ ഉടന്‍ പിടികൂടാനും കണ്ണൂര്‍ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.തലശ്ശേരി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി മാത്രം 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. ജില്ലയില്‍ പോലിസ് പട്രോളിങ്ങും പിക്കറ്റിങും പരിശോധനയും ശക്തമാക്കി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജില്ലാ പോലിസിന് നിര്‍ദേശം നല്‍കി.പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9 കേസുകള്‍ അടൂരിലാണ്. അവിടെ അധികമായി പോലിസിനെ വിന്യസിച്ചു. പത്തനംതിട്ടയില്‍ മാത്രം 110 പേര്‍ അറസ്റ്റിലായി. ഇവരില്‍ 85 പേര്‍ക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാന്റ് ചെയ്തു. 204 പേരെ കരുതല്‍ തടങ്കലില്‍ എടുത്തുവെന്നും ഡിജിപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


കണ്ണൂരില്‍ കനത്ത സുരക്ഷ

തലശ്ശേരിയില്‍ അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കണ്ണൂര്‍ പോലിസ് മേധാവിയുടെ സാന്നിധ്യത്തില്‍ വന്‍ പോലിസ് സന്നാഹമാണ് തലശ്ശേരിയില്‍ നിലയുറപ്പിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പോലിസിനെ വിന്യസിക്കും. കണ്ണൂര്‍ എആര്‍ ക്യാംപിലെ പോലിസുകാരെ ഇരുട്ടി തലശ്ശേരി എന്നിവിടങ്ങളില്‍ ഇന്നലെ തന്നെ വിന്യസിച്ചിട്ടുണ്ട്. അവധിയിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


പോലിസ് റൂട്ട് മാര്‍ച്ച് നടത്തി

തലശ്ശേരിയില്‍ പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് പോലിസ് റൂട്ട് മാര്‍ച്ച് നടത്തിയത്. സിപിഎംബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലായിരുന്നു റൂട്ട് മാര്‍ച്ച്.


അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ

അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ. പന്തളം ഡിവൈഎസ്പിയുടെ പരിധിയില്‍ വരുന്ന കൊടുമണ്‍, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്കുണ്ട്. അതേസമയം, ഇന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സിപിഎംബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെ അക്രമണം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട എസ്പി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്റ്റര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Tags: