ദിലീപിന് തിരിച്ചടി; ഫോണുകള്‍ തിങ്കളാഴ്ച ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി

തിങ്കളാഴ്ച രാവിലെ 10.15 ന് ഫോണുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്നും ഇതിന് മാറ്റമില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സീരിയല്‍ നമ്പര്‍ ഇട്ടായിരിക്കണം ഫോണുകള്‍ ഹാജരാക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു

Update: 2022-01-29 07:17 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. ദിലീപും കൂട്ടു പ്രതികളും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തിങ്കാളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി.തിങ്കളാഴ്ച രാവിലെ 10.15 ന് ഫോണുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്നും ഇതിന് മാറ്റമില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സീരിയല്‍ നമ്പര്‍ ഇട്ടായിരിക്കണം ഫോണുകള്‍ ഹാജരാക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഫോണ്‍ പരിശോധനയ്ക്ക് നല്‍കിയിരിക്കുന്ന വിദഗ്ദരില്‍ നിന്നും മടക്കി കിട്ടുന്നതിനായി ചൊവ്വാഴ്ച വരെ ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇത് അനുവദിച്ചില്ല.ഫോണ്‍ കൈമാറുന്നതിനെ എതിര്‍ത്ത് കൊണ്ട് ഇന്നലെയും ഇന്നുമായി ദിലീപ് മുന്നോട്ടുവെച്ച വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. ഫോണുകള്‍ ഹാജരാക്കുന്നില്ലെങ്കില്‍ അറസ്റ്റു തടഞ്ഞുകൊണ്ട് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് റദ്ദു ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

ഇന്നലെയും ഇന്നുമായി ഫോണ്‍ കൈമാറുന്നതിനെതിനെ എതിര്‍ത്തുകൊണ്ട് ദിലീപും നിലപാടില്‍ ഉറച്ച് പ്രോസിക്യൂഷനും ശക്തമായ വാദമുഖങ്ങളാണ് കോടതിയില്‍ ഉയര്‍ത്തത്.ഇന്ന് വാദം ആരംഭിച്ചപ്പോള്‍ തന്നെഫോണ്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശത്തിനെതിരെ തടസഹരജി ഫയല്‍ ചെയ്തതായി ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.ഫോണ്‍ കൈമാറുന്നത് സ്വകാര്യതയിലേക്കള്ള കടന്നുകയറ്റമാണെന്ന് വാദത്തില്‍ തന്നെ ദിലിപിന്റെ അഭിഭാഷന്‍ ഉറച്ചു നിന്നു.

സ്വന്തമായി ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ കൈമാറിയിരിക്കുകയാണെന്ന വാദത്തിനോട് യോജിക്കുന്നില്ലെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു.ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരംഫോണുകളുടെ ഫോറന്‍സിക് പരിശോധന കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധര്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. നിങ്ങളുടെ സ്വന്തം ഫോറന്‍സിക് അനലിസ്റ്റുകള്‍ക്ക് ഫോണ്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.സ്വകാര്യ വിവരങ്ങളും അന്വേഷണ വിവരങ്ങളും എങ്ങനെ വേര്‍തിരിക്കാന്‍ സാധിക്കുമെന്നും വാദത്തിനിടയില്‍ കോടതി ചോദിച്ചു.പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷന്‍ ഉള്ളതുകൊണ്ട് മാത്രം, ഒരു കുറ്റകൃത്യം ചെയ്യുമ്പോള്‍ അത് ഒരാളെ അന്വേഷണത്തില്‍ നിന്ന് അകറ്റുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിലെ ശബ്ദങ്ങള്‍ ചോദ്യം ചെയ്യലില്‍, തങ്ങളുടേതാണെന്ന് പ്രതികള്‍ തന്നെ തിരിച്ചറിഞ്ഞുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെ പ്രതികള്‍ എല്ലാവരും ഉടന്‍ തന്നെ ഫോണ്‍ മാറ്റിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നാണ് കോടതിയുടെ നിലപാടെന്നും വാദത്തിനിടയില്‍ വീണ്ടും കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന പോലിസും മാധ്യമങ്ങളും തങ്ങള്‍ക്കെതിരാണ് ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്നും തങ്ങളോടു ദയയുണ്ടാകണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദത്തിനിടയില്‍ കോടതിയില്‍ പറഞ്ഞു.സ്വന്തം നിലയില്‍ ഫോണ്‍ ഫോറന്‍സിക് വിദഗ്ദ്ധന് അയച്ചു എന്ന കാരണം പറഞ്ഞ് നിങ്ങള്‍ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ കഴിയില്ല. കുറഞ്ഞത് ഹൈക്കോടതി രജിസ്ട്രിക്ക് മുന്നിവല്‍ സമര്‍പ്പിക്കുകയെങ്കിലും വേണമെന്നും കോടതി വാദത്തിനിടയില്‍ വാക്കാല്‍ പരാമര്‍ശിച്ചു.

ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രോസിക്യൂഷന് അര്‍ഹതയുണ്ടെന്ന് കരുതിയതിനാലാണ് സംരക്ഷണത്തോടെ മുന്‍ ഇടക്കാല ഉത്തരവ് കോടതി പാസാക്കിയത്.എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോന്നിയാല്‍ കോടതിക്ക് നിലപാട് മാറ്റേണ്ടി വരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കേരളത്തിലെ ഫൊറന്‍സിക് ലാബ് കേരള പോലിസിന്റെ ഭാഗമാണെന്ന് പ്രതിഭാഗം വാദിച്ചു.കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ ഇരുന്ന ദിവസമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നും പ്രതിഭാഗം വാദിച്ചു.ഇത്തരം കേസില്‍ ഒരു പ്രതിക്കും സംരക്ഷണം ലഭിക്കില്ലെന്നും. സമൂഹം എന്ത് വിചാരിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.കേസില്‍ വാക്കാലുള്ള തെളിവുകള്‍ മാത്രമാണുള്ളത് എന്നാല്‍ തന്നെ അറസ്റ്റു ചെയ്യുകയെന്ന ഉദ്ദേശം മാത്രമാണ് അന്വേഷണ സംഘത്തിനുളളതെന്നും ദിലീപിനു വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരുന്നൂറിലധികം സാക്ഷികളെ വിസ്തരിച്ചതിന് ശേഷം ദിലീപിനെതിരെ തെളിവുകളൊന്നും ഇല്ലാതിരുന്നതിനാല്‍ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് ഇപ്പോഴത്തെ കേസ് അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ മാത്രമല്ല ദിലീപ് ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങള്‍ ഹാജരാക്കാത്ത ഫോണിലുണ്ടെന്നും അതിനാലാണ് ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദിലീപിന്റെ നാലു ഫോണുകള്‍ അടക്കം പ്രതികള്‍ക്ക് ഏഴു ഫോണുകളുണ്ടെന്നും പ്രതികള്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.എന്നാല്‍ മൂന്നു ഫോണുകള്‍ അല്ലാതെ നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്ന് ദിലിപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.നാലാമത്തെ ഫോണിനെക്കുറിച്ച്എന്താണു പറയാനുളളതെന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച വിവരം ആരാഞ്ഞിട്ട് കോടതിയെ അറിയിക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഏകേദശം ഒന്നര മണിക്കൂറോളം നീണ്ടു നിന്ന വാദപ്രതിവാദത്തിനൊടുവിലാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ തിങ്കളാഴ്ച ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനു മുമ്പില്‍ തങ്ങളുടെ ഫോണുകള്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടത്.തിങ്കാളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Tags:    

Similar News