ആറു മാസം വരെ ഗര്‍ഭച്ഛിദ്രം അനുവദനീയമാക്കുന്നു; നിയമ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കി. നേരത്തേ 20 ആഴ്ച (അഞ്ച് മാസം) വരെയായിരുന്നു ഗര്‍ഭച്ഛിദ്രത്തിനുള്ള അനുവദനീയമായ കാലാവധി.

Update: 2020-01-29 10:28 GMT

ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കി. നേരത്തേ 20 ആഴ്ച (അഞ്ച് മാസം) വരെയായിരുന്നു ഗര്‍ഭച്ഛിദ്രത്തിനുള്ള അനുവദനീയമായ കാലാവധി.ഫെബ്രുവരി 1ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു.

1971ലാണ് ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നിയമം കേന്ദ്രസര്‍ക്കാര്‍ ആദ്യമായി പാസ്സാക്കിയത്. അഞ്ച് മാസം വരെ (20 ആഴ്ച) ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതായിരുന്നു ഈ ബില്ല്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കാറില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം, പുരോഗമനപരമായ നിലപാടിന്റെ കൂടി പുറത്താണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബില്ലെന്നും പ്രകാശ് ജാവദേക്കര്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

ബലാത്സംഗത്തിനിരയായ കുട്ടികള്‍ക്കോ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കോ, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കോ ഗര്‍ഭാവസ്ഥയെക്കുറിച്ച് ഉടനെത്തന്നെ അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗര്‍ഭച്ഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

Tags:    

Similar News