25,874 കോടിയുടെ ബാധ്യത സര്‍ക്കാര്‍ മറച്ചുവച്ചു; സിഎജി റിപോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് വി ഡി സതീശന്‍

Update: 2024-02-16 09:22 GMT

മലപ്പുറം: 25,874 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ മറച്ചുവച്ചെന്നും സിഎജി റിപോര്‍ട്ട് സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സപ്ലൈകോയിലെ വില വര്‍ധന പിന്‍വലിക്കണം. കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സാമ്പത്തികമായി തകര്‍ത്ത് തരിപ്പണമാക്കി. പ്രതിപക്ഷം നിരന്തരമായി നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് സിഎജി ഓഡിറ്റ് റിപോര്‍ട്ട്. ബജറ്റിന് പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കിയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. 25,874 കോടിയുടെ ഈ അധിക ബാധ്യത സര്‍ക്കാര്‍ മറച്ചുവച്ചെന്നും റിപോര്‍ട്ടിലുണ്ട്. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് അപകടം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. സഞ്ചിത നിധിയില്‍ നിന്നുള്ള പണമെടുത്താണ് വരുമാനം ഉണ്ടാക്കാത്ത കിഫ്ബി വരുത്തുന്ന നഷ്ടം നികത്തുന്നത്.

കഴിഞ്ഞ ബജറ്റിനും ഈ ബജറ്റിനും ഇടയില്‍ രണ്ട് തവണ വൈദ്യുതി ചാര്‍ജ് കൂട്ടി. കെട്ടിട നികുതിയും വെള്ളക്കരവും ഇന്ധന നികുതിയും എല്ലാ സേവനങ്ങളുടെയും നിരക്കുകളും കൂട്ടി. ജപ്തി നടപടികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായതും കഴിഞ്ഞ വര്‍ഷമാണ്. ഇതിനിടയില്‍ രൂക്ഷമായ വിലക്കയറ്റമുണ്ടായി. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സപ്ലൈകോയെയും സര്‍ക്കാര്‍ തകര്‍ത്തു. 3000 കോടിയാണ് സപ്ലൈകോയുടെ നഷ്ടം. സബ്‌സിഡി നല്‍കേണ്ട 13 നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലില്ല. അധികാരത്തില്‍ എത്തിയാല്‍ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞവരാണ് സബ്‌സിഡി വെട്ടിക്കുറച്ച് വില കൂട്ടിയത്. മാവേലി സ്‌റ്റോറുകളില്‍ ഉണ്ടാവുന്ന വിലക്കയറ്റത്തിന്റെ പ്രതിഫലനം പൊതുവിപണിയിലും വിലക്കയറ്റമുണ്ടാക്കും. ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും സാധാരണക്കാരെ സങ്കടപ്പെടുത്തുന്നതാണ്. അതിനാല്‍ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പാക്കാനുള്ള തീരുമാനം അടിയന്തിരമായി പിന്‍വലിക്കാന്‍ തയാറാവണം.

കേരളീയത്തിന്റെയും നവകേരള സദസിന്റെയും പേരില്‍ നടന്ന പിരിവിന് കണക്കില്ല. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളപ്പിരിവ് നടത്തി. രാഷ്ട്രീയ പ്രചരണം നടത്താന്‍ ഉദ്യോഗസ്ഥരെ ഇറക്കി പിരിവ് നടത്തുകയാണ്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥനാണ് ഏറ്റവും കൂടുതല്‍ പണം പിരിച്ചത്. കേരളത്തില്‍ ഏതെങ്കിലും കാലത്ത് ഇതുപോലൊരു പിരിവ് നടന്നിട്ടുണ്ടോ? തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ പരിപാടിയെന്ന പേരില്‍ രാഷ്ട്രീയ പ്രചരണമാണ് സംഘടിപ്പിച്ചത്. ഒരു കോടി പിരിക്കുന്ന ചില ഉദ്യോഗസ്ഥന്‍ പത്ത് ലക്ഷം മാത്രമാണ് നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ ജനങ്ങളെ പേടിപ്പിച്ചാണ് പണപ്പിരിവ് നടത്തുന്നത്.

അമ്പലമുണ്ടെന്ന് പറഞ്ഞ് പള്ളികള്‍ പൊളിക്കാനുള്ള ശ്രമം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. ഭൂരിപക്ഷത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. തൃശൂരിലെ ക്രിസ്ത്യന്‍ പള്ളി പഴയ അമ്പലമായിരുന്നെന്ന വാദവുമായി ഹിന്ദു ഐക്യവേദി നേതാക്കള്‍ ഇറങ്ങിയിട്ടുണ്ട്. ഇതെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമാണ്. കോണ്‍ഗ്രസ് അതിനെ പ്രതിരോധിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി യുഡിഎഫ് മുന്നോട്ട് പോവുകയാണ്. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുമെന്നും വി ഡി സതീശന്‍ പറഞ്ഞു.


Tags: