യുപിയിൽ പ്രതിഷേധത്തിന് നേരെ വെടിവയ്പ്; ആറ് പേർ കൊല്ലപ്പെട്ടു

ബിജ്‌നോറിൽ രണ്ട് പ്രതിഷേധക്കാരും സാംബാൽ, ഫിറോസാബാദ്, മീററ്റ്, കാൺപൂർ എന്നിവിടങ്ങളിൽ ഒരോ ആൾ വീതവുമാണ് കൊല്ലപ്പെട്ടത്.

Update: 2019-12-20 14:59 GMT

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഉത്തർപ്രദേശിലെ പ്രതിഷേധത്തിന് നേരെ നടന്ന വെടിവയ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇതുവരെ സംസ്ഥാനത്ത് ഇതുവരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം ഏഴായി.

സംസ്ഥാനത്തെ 13 ജില്ലകളിലാണ് വെള്ളിയാഴ്ച വ്യാപകമായ പ്രതിഷേധം നടന്നത്. നിരോധനാജ്ഞ ലംഘിച്ച് പതിനായിരക്കണക്കിന് പേര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. മിക്ക ജില്ലകളിലും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. ഇതോടെ പോലിസ് ലാത്തിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടതോടെ പ്രതിഷേധം തെരുവു യുദ്ധത്തിലേക്ക് വഴിമാറി. ചിതറിയോടിയ പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ച് പ്രതിഷേധം തുടര്‍ന്നു.

ബിജ്‌നോറിൽ രണ്ട് പ്രതിഷേധക്കാരും സാംബാൽ, ഫിറോസാബാദ്, മീററ്റ്, കാൺപൂർ എന്നിവിടങ്ങളിൽ ഒരോ ആൾ വീതവുമാണ് കൊല്ലപ്പെട്ടത്. മുസഫര്‍നഗര്‍, ബഹ്റായ്ച്ച്, ബുലന്ദ്ഷഹര്‍, ഗോരഖ്പുര്‍, ഫിറോസാബാദ്, അലിഗഡ്, ഫറുഖാബാദ്, ബദോഹി, മീററ്റ്, ഗാസിയാബാദ്, ബിജ്നൂര്‍, സുല്‍ത്താന്‍പുര്‍, വാരാണാസി, സംബല്‍ തുടങ്ങിയ ജില്ലകളാണ് പ്രക്ഷോഭത്തില്‍ മുങ്ങിയത്. തലസ്ഥാന ജില്ലയായ ലഖ്‌നോവില്‍ വ്യാഴാഴ്ച ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

പോലിസ് വെടിവയ്പിൽ പ്രതിഷേധക്കാരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഒപി സിംഗ് അവകാശപ്പെട്ടു. ഞങ്ങൾ ഒരു വെടിയുണ്ട പോലും ഉതിർത്തിട്ടില്ല, എന്തെങ്കിലും വെടിവയ്പ്പ് നടന്നിട്ടുണ്ടെങ്കിൽ അത് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുള്ളതാണെന്നാണ് പോലിസ് ഭാഷ്യം.

സംസ്ഥാനത്ത് പ്രതിഷേധം നടക്കുന്ന ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്ത് 3500 പേരെ ഇതിനോടകം കരുതല്‍ തടങ്കലിലാക്കി. 150 പേരെ അറസ്റ്റ് ചെയ്തു. ഗോരഖ്പൂരില്‍ പ്രതിഷേധക്കാരും പോലിസും തമ്മില്‍ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ബുലന്ദ്ഷഹറില്‍ പോലിസ് ജീപ്പ് പ്രതിഷേധക്കാര്‍ തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണാസിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ലാത്തി വീശിയത് സംഘര്‍ഷത്തിടയാക്കി.

Tags:    

Similar News