ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ഡിപ്പോയില്‍ സ്‌ഫോടനം; 16 പേര്‍ മരിച്ചു, 450 ലധികം പേര്‍ക്ക് പരിക്ക്

Update: 2022-06-05 05:23 GMT

ധക്ക: തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. 450 ലധികം പേര്‍ക്ക് പൊള്ളലേറ്റു. 20 പേരുടെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച രാത്രിയില്‍ ചിറ്റഗോങ് സീതഗുന്ദ പട്ടണത്തിലെ കദാംറസൂല്‍ മേഖലയിലെ ബിഎം കണ്ടെയ്‌നര്‍ ഡിപ്പോയിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുണ്ടാവാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഡിപ്പോയിലെ ചില കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ രാസവസ്തുക്കള്‍ മൂലമാണ് കണ്ടെയ്‌നര്‍ ഡിപ്പോയ്ക്ക് തീപ്പിടിച്ചതെന്ന് സംശയിക്കുന്നതായി ചിറ്റഗോങ് മെഡിക്കല്‍ കോളജ് ആശുപത്രി (സിഎംസിഎച്ച്) പോലിസ് ഔട്ട്‌പോസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ നൂറുല്‍ ആലം പറഞ്ഞു. സ്‌ഫോടനത്തില്‍ സമീപത്തെ നിരവധി കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായും നാലുകിലോമീറ്റര്‍ ദൂരെയുള്ള പ്രദേശങ്ങള്‍ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിശമന സേനയെത്തി തീയണക്കുന്നതിനിടെയാണ് വന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് ശേഷം തീ കൂടുതല്‍ വ്യാപിച്ചതായി ധക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. രാത്രി ഒമ്പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് എസ്‌ഐ നൂറുല്‍ ആലം പറഞ്ഞു.

രാത്രി 9 മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം 11:45 ന് വന്‍ സ്‌ഫോടനമുണ്ടായി. ഇതെത്തുടര്‍ന്ന് കണ്ടെയ്‌നറുകളിലൊന്നില്‍ രാസവസ്തുക്കള്‍ കലര്‍ന്നതിനെ തുടര്‍ന്ന് ഒരു കണ്ടെയ്‌നറില്‍ നിന്ന് മറ്റൊന്നിലേക്ക് തീ പടരുകയായിരുന്നു. 450ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുറഞ്ഞത് 350 പേര്‍ സിഎംസിഎച്ചിലാണ്- അദ്ദേഹം പറഞ്ഞു. 19 ഓളം അഗ്‌നിശമനാ യൂനിറ്റുകളാണ് തീ അണയ്ക്കാമെത്തിയത്. ആറ് ആംബുലന്‍സുകളും സ്ഥലത്തുണ്ട്. 2011 മെയ് മുതല്‍ പ്രവര്‍ത്തിക്കുന്ന ഉള്‍നാടന്‍ കണ്ടെയ്‌നര്‍ ഡിപ്പോയായാണ് ബിഎം കണ്ടെയ്‌നര്‍ ഡിപ്പോ. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അഗ്‌നിശമനാ ഉദ്യോഗസ്ഥന്‍ ആശങ്കപ്പെടുന്നത്.

Tags: