സാമ്പത്തിക സംവരണ ബില്ലില്‍ നിലപാട് മാറ്റി സിപിഎം

Update: 2019-01-08 11:51 GMT

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ ഇന്നലെ പാസാക്കിയ സാമ്പത്തികസംവരണബില്ല് ലോക്‌സഭയിലെത്തിയതോടെ നിലപാട് മാറ്റി സിപിഎം. ബില്ല് പിന്‍വലിക്കണമെന്നും പാസാക്കുന്നതിനു മുമ്പ് വിശദമായ ചര്‍ച്ച വേണമെന്നുമാണ് സിപിഎം നിലപാട്. ഇന്നലെ ബില്ല് കേന്ദ്ര മന്ത്രിസഭ പാസാക്കിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഉന്നതനേതാക്കള്‍ ബില്ലിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരുന്നു. എന്നാല്‍ സംവരണപരിധി നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്നതാണ് നിലപാട് മാറ്റത്തിന് കാരണമായിരിക്കുന്നത്. എട്ട് ലക്ഷത്തില്‍ത്താഴെ വാര്‍ഷികവരുമാനമുള്ള എല്ലാവര്‍ക്കും സാമ്പത്തികസംവരണത്തിന് അര്‍ഹത നല്‍കുന്നത് യഥാര്‍ഥ പിന്നാക്കക്കാരെ തഴയുന്നതാണെന്നാണ് സിപിഎം പറയുന്നത്. പാര്‍ലമെന്റില്‍ സിപിഎം ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു.

സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നുവെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിലുറച്ചുതന്നെയാണ് പിബി. എന്നാല്‍ സംവരണബില്ലിനെ തല്‍സ്ഥിതിയില്‍ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്യരുതെന്നും ബില്ല് പിന്‍വലിക്കണമെന്നും പിബി ആവശ്യപ്പെടുന്നു.അതേസമയം, സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിന്റെയും, സിപിഎമ്മിന്റെയും നിലപാട് വിഎസ് അച്യൂതാനന്ദന്‍ തള്ളി.രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത ശേഷമേ, മുന്നോക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹിക പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജാതി പിന്നോക്കാവസ്ഥ പോലെ, സാമ്പത്തിക പിന്നോക്കാവസ്ഥ ശാശ്വതമല്ല. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴ്ത്താനുള്ള ബിജെപിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്നും വി എസ് പറഞ്ഞു.

അതിനിടെ, ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെ ലോക്‌സഭയില്‍ സംവരണബില്ല് പരിഗണിക്കാനെടുത്തിട്ടിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ച് എങ്ങനെയെങ്കിലും ലോക്‌സഭയില്‍ ബില്ല് പാസാക്കി നാളെ രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. ബിജെപി തുറുപ്പുചീട്ടായ സംവരണബില്ലിന്് പക്ഷേ രാജ്യസഭയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

Tags: