അസമില്‍ 426 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു -വീടുകള്‍ പൊളിച്ചുനീക്കി

രണ്ട് ക്യാംപുകളിലുമുള്ള മുസ്‌ലിംകളുടെ മാത്രം വാസസ്ഥലങ്ങള്‍ പൊളിച്ചുകളഞ്ഞ് പുറത്താക്കുകയും മറ്റുള്ളവരെ അവിടെ തുടരാന്‍ അനുവദിക്കുകയും ചെയ്തതായും ആരോപണമുണ്ട്.

Update: 2019-12-28 05:26 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം മുസ് ലിംകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആവര്‍ത്തിക്കുന്നതിനിടെ മുസ്‌ലിംകളെ കുടിയൊഴിപ്പിച്ച് അസം സര്‍ക്കാര്‍. അസമില്‍ 426 മുസ്‌ലിം കുടുംബങ്ങളെയാണ് ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ച് വീടുകളും വാസസ്ഥലങ്ങളും പൊളിച്ചുനീക്കിയത്. കുട്ടികളും സ്ത്രീകളും അടക്കം 1800 പേരാണ് വഴിയാധാരമായതെന്ന് പ്രദേശം സന്ദര്‍ശിച്ച ജമാഅത്തെ ഇസ് ലാമി നേതാക്കള്‍ പറഞ്ഞു.


അസമിലെ ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ നിയമസഭ മണ്ഡലത്തിലെ ബിജെപി എംഎല്‍എ പത്മ ഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കല്‍. അസം സ്വദേശികളാണ് എന്നതിന്റെ പൗരത്വരേഖകളും എന്‍ആര്‍സിയില്‍ പേരുമുള്ളവരേയാണ് കുടിയൊഴിപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെയാണ് ഡിസംബര്‍ 6ന് ജില്ല ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ച് വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് രണ്ട് ക്യാംപുകളില്‍ കഴിയുകയായിരുന്നു മുസ്‌ലിം കുടുംബങ്ങള്‍. അസമില്‍ വോട്ടവകാശമുള്ള ഇവര്‍ യഥാര്‍ഥത്തില്‍ മറ്റൊരു മണ്ഡലത്തിലുള്ളവരാണെന്ന കാരണം പറഞ്ഞാണ് എംഎല്‍എയും ജില്ല ഭരണകൂടവും കുടുംബങ്ങളെ വഴിയാധാരമാക്കിയത്.

രണ്ട് ക്യാംപുകളിലുമുള്ള മുസ്‌ലിംകളുടെ മാത്രം വാസസ്ഥലങ്ങള്‍ പൊളിച്ചുകളഞ്ഞ് പുറത്താക്കുകയും മറ്റുള്ളവരെ അവിടെ തുടരാന്‍ അനുവദിക്കുകയും ചെയ്തതായും ആരോപണമുണ്ട്.

തണുപ്പില്‍ താമസിക്കാന്‍ വീടുകളോ മതിയായ വസ്ത്രമോ കമ്പിളിയോ ഇല്ല. പൗരത്വ പ്രക്ഷോഭത്തെ നേരിടാന്‍, കഴിഞ്ഞ 10 ദിവസമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ പുറംലോകം വിവരമറിഞ്ഞിട്ടില്ല. നാലര കി.മീറ്റര്‍ അകലെ താല്‍ക്കാലിക ക്യാംപുണ്ടാക്കി 426 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുകയാണ് അടിയന്തരമായി ചെയ്യാനുള്ളതെന്ന് സ്ഥലം സ്ന്ദര്‍ശിച്ച ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി മുഹമ്മദ് അഹ്മദ് പറഞ്ഞു.

Tags:    

Similar News