അലോക് വര്‍മയെ നീക്കിയത് റഫേല്‍ അന്വേഷണം ഭയന്നെന്ന് രാഹുല്‍ന്യൂഡല്‍ഹി: റഫേല്‍ അഴിമതിയിലെ അന്വേഷണം ഭയന്നാണ് പ്രധാനമന്ത്രി സിബിഐ ഡയറക്ടര്‍സ്ഥാനത്തു നിന്ന് അലോക് വര്‍മയെ മാറ്റിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേരത്തേ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നിമയനത്തിലും ലോക്പാല്‍ നിയമനത്തിലും മോദി നിയമലംഘനം നടത്തിയിട്ടുണ്ട്. എന്നാല്‍ റഫേല്‍ നല്ല റഡാര്‍ സംവിധാനമുള്ള അപകടകരമായ യുദ്ധവിമാനമാണെന്നും മോദിക്ക് അതില്‍ നിന്ന് ഓടാനല്ലാതെ ഒളിക്കാനാവില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.
അഴിമതിക്കാരനായ തങ്ങളുടെ സ്വന്തം ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ അലോക് വര്‍മയെ മാറ്റിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിബിഐയിലെ കലഹത്തില്‍ സര്‍ക്കാര്‍ വിരണ്ടുപോയിട്ടുണ്ട്. അതുകൊണ്ടാണ് സിബിഐ ഡയറക്ടറെ നിയമവിരുദ്ധമായി നീക്കം ചെയ്തത്. ഗൗരവമുള്ള ആരോപണങ്ങളാണ് സര്‍ക്കാരിന്റെ സ്വന്തക്കാരനെതിരേയുള്ളതെന്നും അസ്താനയെ പേര് പറയാതെ യെച്ചൂരി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലേക്ക് എത്തുന്ന അഴിമതിക്കേസ് അന്വേഷണം തടയാനുള്ള ശ്രമമാണിതെന്നും യെച്ചൂരി ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.
സിബിഐ ഇപ്പോള്‍ ബിബിഐ (ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ആയി മാറിയിരിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരിഹസിച്ചു. ഇത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. റഫേല്‍ കരാറും അലോക് വര്‍മയുടെ സ്ഥാനചലനവും തമ്മില്‍ ബന്ധമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. റഫേല്‍ ആരോപണങ്ങളില്‍ അലോക് വര്‍മ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
അലോക് വര്‍മയെ നീക്കിയത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അസ്താനയെ അന്വേഷണത്തില്‍ നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവര്‍ക്കൊപ്പം താന്‍ നല്‍കിയ പരാതിയില്‍ റഫേല്‍ കരാര്‍ അന്വേഷിക്കുന്നത് പരിഗണിച്ചുകൊണ്ടിരിക്കുകയായിരുന്നു അലോക് വര്‍മയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. നിയമവിരുദ്ധമായാണ് അദ്ദേഹത്തെ നീക്കം ചെയ്തതെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top