Dont Miss

2023ല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിതമാവും; അതിന് വേണ്ടി ആരെയും കൊല്ലാം-അണിയറയില്‍ ഞെട്ടിക്കുന്ന ഒരുക്കങ്ങള്‍

2023ല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിതമാവും; അതിന് വേണ്ടി ആരെയും കൊല്ലാം-അണിയറയില്‍ ഞെട്ടിക്കുന്ന ഒരുക്കങ്ങള്‍
X


പൂനെ: 2016നും 2018നും ഇടയില്‍ മൂന്നാംലോക യുദ്ധം നടക്കും, സാമൂഹിക വിരുദ്ധരുടെ അന്ത്യത്തിന്റെ തുടക്കമായിരിക്കും അത്. ദൈവരാജ്യം സ്ഥാപിക്കാനുള്ള പരിശീലനം 2019 മുതല്‍ 2022 വരെ തുടരും. 2023ല്‍ ഹിന്ദു രാഷ്ട്രം സ്ഥാപിതമാവും.

ഇത് നോസ്ത്രദാമസിന്റെ പ്രവചനമോ ഏതെങ്കിലും ജ്യോതിഷിയുടെ വാചകമടികളോ അല്ല. ഡോ. ജയന്ത് അതാവാലെ നയിക്കുന്ന തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി കുറിച്ചിരിക്കുന്ന സമയ പട്ടികയാണിത്.

കേവലം പ്രഖ്യാപനങ്ങള്‍ക്കപ്പുറം അണിയറയില്‍ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുവെന്ന് ഈയിടെ മഹാരാഷ്ട്രയില്‍ നടന്ന റെയ്ഡുകളില്‍ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും മറ്റു രേഖകളും തെളിയിക്കുന്നു. 2013ല്‍ യുക്തിവാദി നരേന്ദ്ര ദാബോല്‍ക്കര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് മഹാരാഷ്ട്ര എടിഎസ് ഈ മാസം സനാതന്‍ സന്‍സ്ഥയുടെ കേന്ദ്രങ്ങളില്‍ ബോംബുകള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം കണ്ടെത്തിയത്.

[caption id="attachment_418172" align="alignnone" width="560"] ഡോ. ജയന്ത് അതാവാലെ[/caption]

ജയന്ത്, കുന്ദ് അതാവാലെ ഡോക്ടര്‍ ദമ്പതികള്‍ സ്ഥാപിച്ച സനാതന്‍ സന്‍സ്ഥ 1995 മുതല്‍ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനായി പ്രവര്‍ത്തിച്ചുവരുന്നതായി അവകാശപ്പെടുന്നു. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രധാന പ്രവര്‍ത്തന കേന്ദ്രം. രഹസ്യ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ആശ്രമങ്ങളിലേക്ക് ക്ഷണം ലഭിച്ചവര്‍ക്കു മാത്രമേ പ്രവേശനമുള്ളു. ആര്‍എസ്എസിന്റെയും മറ്റു സംഘപരിവാര സംഘടനകളുടെയും സഹകരണത്തോടെയും ആശീര്‍വാദത്തോടെയുമാണ് ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോവുന്നത്.

സന്‍സ്ഥയുടെ മുഖപത്രമായ സനാതന്‍ പ്രഭാത് അതിന്റെ ശത്രുക്കളാരാണെന്ന് കൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്്‌ലികളും ക്രിസ്ത്യാനികളുമാണ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള പ്രധാന തടസ്സങ്ങളെന്ന് അതില്‍ പറയുന്നു. 2013 ജൂണ്‍ 9ന് പ്രസിദ്ധീകരിച്ച സനാതന്‍ പ്രഭാതിലെ ഒരു ലേഖനത്തില്‍ പറയുന്നത് പോലിസിനെയും പട്ടാളത്തെയും പരാജയപ്പെടുത്താതെ ഹിന്ദുരാഷ്ട്ര സ്ഥാപനം സാധ്യമാവില്ലെന്നാണ്.

ദാബോല്‍ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പിടിച്ചെടുത്ത സന്‍സ്ഥയുടെ പ്രസിദ്ധീകരണത്തില്‍ ദുഷ്ടജനങ്ങളെ കൊല്ലുന്നത് ഒരു തെറ്റല്ലെന്ന് സമര്‍ഥിക്കുന്നുണ്ട്. സന്‍സ്ഥയുടെ പ്രസിദ്ധീകരണമായ ക്ഷത്രധര്‍മ(ക്ഷത്രിയരുടെ മതം)യില്‍ ദുഷ്ടജനങ്ങളെയും അവരുടെ ബന്ധുക്കളെയും നശിപ്പിക്കേണ്ടത് എങ്ങിനെയെന്ന് വിശദീകരിക്കുന്നു. ഒരു ശിഖരം വെട്ടുന്നതിന് പകരം മരത്തിന്റെ തായ്ത്തടി ഒന്നാകെ വെട്ടുക, അതോടെ എല്ലാ ശിഖരങ്ങളും നശിക്കും- പുസ്തകത്തില്‍ പറയുന്നു.ഇത്തരം ആളുകളെ ആദ്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. സാധ്യമാവുന്നില്ലെങ്കില്‍ ശിക്ഷ നല്‍കുക-ഇതാണ് സന്‍സ്ഥ പുസ്തകങ്ങളിലൂടെ മുന്നോട്ട് വയ്ക്കുന്ന സിദ്ധാന്തം. ഇതിനായി തോക്കും ബോംബും ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നേടണം. ഛത്രപതി ശിവജി രാജ്യം സ്ഥാപിച്ചത് തിരഞ്ഞെടുപ്പ് ജയിച്ചല്ല, നമ്മള്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കേണ്ടതും അതേ പാതയിലായിരിക്കണം- പുസ്തകത്തില്‍ പറയുന്നു.

ദാബോല്‍ക്കറുടെ വധവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത വീരേന്ദ്ര ദാവ്‌ഡെയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറില്‍ 15,000 അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു സൈന്യം രൂപികരിക്കുന്നത് സംബന്ധിച്ച് പറയുന്നുണ്ട്. ഹിന്ദു ജനജാഗൃതിയുടെയും സനാതന്‍ സന്‍സ്ഥയുടെയും അംഗമാണ് ഡോ. ദാവ്‌ഡെ. തങ്ങളുടെ അംഗങ്ങളില്‍ അഞ്ച് ശതമാനം പോലിസുകാരാണെന്നും അവര്‍ സേനയ്ക്കകത്ത് നിന്ന് തങ്ങളെ സഹായിക്കുമെന്നും പിടിച്ചെടുത്ത പ്രസിദ്ധീകരണങ്ങളും രേഖകളും വെളിപ്പെടുത്തുന്നു.

ഹിന്ദുരാഷ്ട്ര സ്ഥാപനം

2013 ജൂണ്‍ 9ന്റെ സനാതന്‍ പ്രഭാതിലാണ് ഹിന്ദുരാഷ്ട സ്ഥാപനത്തിന്റെ ടൈം ടേബിള്‍ നല്‍കിയിട്ടുള്ളത്. 1999 മുതല്‍ 2012 വരെ ദുഷ്ടജനങ്ങളുടെ നിര്‍മാര്‍ജനത്തിന് ജനമനസ്സ് പാകപ്പെടുത്താനുള്ള കാലഘട്ടമാണ്. 2013നും-15നും ഇടയില്‍ ഇത്തരക്കാര്‍ക്കെതിരേ മനശാസ്ത്രപരവും ശാരീരികവും ആത്മീയവുമായ ആക്രമണം അഴിച്ചുവിടണം. 2016നും 2018നും ഇടയില്‍ ദുഷ്ട ജനങ്ങളെ നശിപ്പിക്കുന്നതിനുള്ള മൂന്നാം ലോകയുദ്ധവും പ്രകൃതി ദുരന്തങ്ങളും നടക്കും.

അതിന് ശേഷമാണ് 2019 മുതല്‍ 2022 വരെ രാഷ്ട്ര സ്ഥാപനത്തിനുള്ള പരിശീലനം നടക്കുക. 2023ല്‍ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുമെന്നും സനാതന്‍ പ്രഭാതില്‍ പറയുന്നു.

അദൃശ്യനായ നേതാവ്
അനുയായികള്‍ ദൈവത്തിന്റെ അവതാരമായി കരുതുന്ന ഡോ. അതാവാലെ വര്‍ഷങ്ങളായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല. ആയുധ ശേഖരം പിടികൂടിയതിനെ തുടര്‍ന്ന അതാവാലെയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിഖെ പാട്ടീല്‍ അസംബ്ലിയില്‍ ആവശ്യമുന്നയിച്ചിരുന്നു. അദ്ദേഹം ധ്യാനത്തിലാണെന്നാണ് ഇതിന് സനാതന്‍ സന്‍സ്ഥ വക്താവ് ചേതന്‍ രജാന്‍സ് നല്‍കിയ മറുപടി.മൂന്ന് യുക്തിവാദികളുടെയും ഒരു മാധ്യമപ്രവര്‍ത്തകയുടെയും-നരേന്ദ്ര ദാബോല്‍ക്കര്‍(2013), ഗോവിന്ദ് പന്‍സാരെ(2015), എം എം കല്‍ബുര്‍ഗി(2015), ഗൗരി ലങ്കേഷ്(2017)- കൊലപാതകത്തില്‍ അന്വേഷണം നേരിടുന്ന സന്‍സ്ഥ ചിന്തകരെയും ബുദ്ധിജീവികളെയും എപ്പോഴും എതിര്‍ത്ത് പോന്നിരുന്നു.

തങ്ങളുടെ ഭാര്യമാരെ സ്വാധീനിച്ച് വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നതായും ആശ്രമത്തിലെ സ്ഥിരവാസികളാക്കുന്നതായും ഡോ. അതാവാലയ്‌ക്കെതിരേ സന്‍സ്ഥയുടെ അനുയായികളില്‍ ചിലര്‍ തന്നെ പരാതിയുമായി എത്തിയിരുന്നു. സന്‍സ്ഥയുടെ ചില പുസ്തകങ്ങള്‍ എഴുതിയ മാനസിക രോഗ വിദഗ്ധന്‍ ഡോ. അശുതോഷ് പ്രഭുദേശായ് ഉള്‍പ്പെടെ ഇത്തരം പരാതി ഉന്നയിച്ചിട്ടുണ്ട്. മുംബൈ സ്വദേശിയായ വിജയ് റോക്കഡെ സമാനമായ പരാതിയുമായി ബോംബെ ഹൈക്കോടതയെ സമീപിച്ചത് ഈയിടെയാണ്. മറ്റു നാലു കുടുംബങ്ങള്‍ ഇതിനെ പിന്തുണച്ചിട്ടുണ്ട്.

എടിഎസ് ഇടപെടല്‍
2018 ആഗസ്ത് 10ന് നല്ലസോപാറയില്‍ നിന്ന് വൈഭവ് റാവുത്ത്, ശരത് കലാസ്‌കര്‍ എന്നിവരും പൂനെയില്‍ നിന്ന് സുധാന്‍വ ഗോണ്ടലേക്കറും അറസ്റ്റിലായതോടെയാണ് മഹാരാഷ്ട്ര എടിഎസ്് സനാതന്‍ സന്‍സ്ഥയിലേക്ക് കാര്യമായി ശ്രദ്ധ തിരിച്ചത്. ഹിന്ദുത്വ സംഘടനകളായ ഹിന്ദു ഗോവന്‍ശ് രക്ഷാ സമിതി, ശിവപ്രതിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ എന്നിവയിലെ അംഗങ്ങളായിരുന്നു റാവുത്തും ഗോണ്ടലേക്കറും. ഗോണ്ടലേക്കറിന്റെ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന സാംഭാജി ഭിടെയാണ് ഭീമ കൊരേഗാവില്‍ 2018 ജനുവരിയില്‍ ദലിതുകള്‍ക്കെതിരേ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്.അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തങ്ങളുടെ അംഗങ്ങളല്ലെന്ന് സനാതന്‍ സന്‍സ്ഥ അവകാശപ്പെടുന്നുണ്ടെങ്കിലും മറിച്ചുള്ള തെളിവുകള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. സന്‍സ്ഥയുടെ സഹസംഘടനയായ ഹിന്ദു ജാഗൃതി സമിതിയുടെ വാര്‍ത്താ സമ്മേളനങ്ങളിലും സന്‍സ്ഥയുടെ മറ്റു പരിപാടികളിലും റാവുത്ത് പങ്കെടുക്കാറുണ്ട്.

ആഗസ്ത് 9ന് നല്ലസോപാറയില്‍ റാവുത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടത്തിയ റെയ്ഡില്‍ നാടന്‍ ബോംബുകള്‍, ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഇലക്ട്രോണിക് ഡിറ്റൊണേറ്ററുകള്‍, സേഫ്റ്റി ഫ്യൂസ് വയറുകള്‍, വെടിമരുന്ന്, ബാറ്ററികള്‍, കട്ടര്‍, മഴു, പിസിബി സര്‍ക്യൂട്ട്, റിലേ സ്വിച്ചുകള്‍, റെസിസ്റ്ററുകള്‍, ട്രാന്‍സിസ്റ്ററുകള്‍, സര്‍ക്യൂട്ട് ഡയഗ്രം മുതലായവ പിടിച്ചെടുത്തിരുന്നു. സംസ്ഥാന വ്യാപകമായി ആസൂത്രിത പദ്ധതികള്‍ തയ്യാറാക്കിയതായാണ് പിടിച്ചെടുത്ത വസ്തുക്കളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് എടിഎസ് ചൂണ്ടിക്കാട്ടുന്നു.

ആഗസ്ത് 11ന് നടത്തിയ മറ്റൊരു റെയ്ഡില്‍ 10 പിസ്റ്റളുകള്‍, ആറ് ഭാഗികമായി നിര്‍മിച്ച പിസ്റ്റളുകള്‍, 10 ബാരലുകള്‍, ഭാഗികമായി നിര്‍മിച്ച വെടിയുറകള്‍, തോക്കുകളുടെ ഭാഗങ്ങള്‍ എന്നിവ ഗൊണ്ടലേക്കറിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി.കലാസ്‌കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ എടിഎസിന് ലഭിച്ചത്. 2013ല്‍ നരേന്ദ്ര ദാബോല്‍ക്കര്‍ കൊല്ലപ്പെട്ടതില്‍ തനിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. സച്ചിന്‍ ആന്‍ഡുറെ എന്നയാള്‍ തന്നോടൊപ്പമുണ്ടായിരുന്നതായും കലാസ്‌കര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് എടിഎസ് ഔറംഗബാദ് സ്വദേശിയായ ആന്‍ഡുറെയെ പിടികൂടി ചോദ്യം ചെയ്യലിനായി സിബിഐയെ ഏല്‍പ്പിച്ചു. സിബിഐ നടത്തിയ അന്വേഷണത്തില്‍ ഇരുവരും ചേര്‍ന്നാണ് ദാബോല്‍ക്കറിനെ വെടിവച്ചുവീഴ്ത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ജല്‍നയില്‍ നിന്നുള്ള ശ്രീകാന്ത് പന്‍ഗാര്‍ക്കര്‍, മുംബൈയിലെ ഗാട്‌കോപ്പര്‍ സ്വദേശിയായ അവിനാശ് പവാര്‍ എന്നിവരെയും എടിഎസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂനെയില്‍ നടക്കുന്ന ചില മത ആഘോഷങ്ങള്‍, ബെല്‍ഗാമില്‍ പത്മാവദ് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ എന്നിവ റാവുത്തും സഹപ്രതിയും ലക്ഷ്യമിട്ടിരുന്നതായി എടിഎസ് വ്യക്തമാക്കി. കലാസ്‌കറിനും ആന്‍ഡുറെയ്ക്കും ഗൗരി ലങ്കേഷ് വധത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് സിബിഐ നേരത്തേ കോടതിയെ അറിയിച്ചിട്ടുണ്ട്.

കടപ്പാട്: ദി ഹിന്ദു ദിനപത്രം

Next Story

RELATED STORIES

Share it