World

60 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ യുഎസ് പുറത്താക്കി

വാഷിങ്ടണ്‍: ബ്രിട്ടിഷ് ചാരനു നേരെ സാലിസ്ബറിയില്‍ രാസവസ്തു പ്രയോഗം നടത്തിയതിനെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രതിസന്ധി കൂടുതല്‍ വഷളാവുന്നു. വിഷയത്തില്‍ ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ച് 60 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ യുഎസ് പുറത്താക്കി.
സിയാറ്റിലെ റഷ്യന്‍ കോണ്‍സുലേറ്റ് പൂട്ടാനും  റഷ്യയോട് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്താക്കിയതില്‍ 48 പേര്‍ വാഷിങ്ടണിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥരും മറ്റുള്ളവര്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ഓഫിസിലുമുള്ളവരാണ്. ഇവര്‍ നയതന്ത്ര പരിരക്ഷയോടെ ചാരപ്രവര്‍ത്തനം നടത്തുന്നവരാണെന്നു യുഎസ് ആരോപിച്ചു. ഉദ്യോഗസ്ഥര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണമെന്നും യുഎസ് ആവശ്യപ്പെട്ടു.
സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കുമെതിരായ ആക്രമണത്തിനു പിന്നില്‍ റഷ്യ തന്നെയാണെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടിയെന്നു യുഎസ് അറിയിച്ചു. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചാണ് റഷ്യന്‍ നടപടി. ഈ അവസരത്തില്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ രാജ്യത്ത് തുടരുന്നത് ഭീഷണിയാണെന്നും യുഎസ് അറിയിച്ചു.
യുഎസ് നടപടിക്കു പിന്നാലെ ജര്‍മനി, ഫ്രാന്‍സ്, ഉക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളും റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 13 റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പറഞ്ഞു. റഷ്യക്കെതിരായ ആരോപണം ശക്തമായ സാഹചര്യത്തില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും പുറത്താക്കല്‍ നടപടി തുടരുമെന്നാണ് സൂചന.
മുന്‍ സൈനിക ഉദ്യോഗസ്ഥനായ സ്‌ക്രിപാലിനും മകള്‍ ജൂലിയക്കും നേരെ ലണ്ടനിലെ സാലിസ്ബറിയില്‍ ഈ മാസം നാലിനാണ് രാസവസ്തു ആക്രമണമുണ്ടായത്.
ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാണ് ബ്രിട്ടന്റെ ആരോപണം. അന്വേഷണവുമായി റഷ്യ സഹകരിക്കുന്നില്ലെന്നാരോപിച്ച് 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ നേരത്തേ ബ്രിട്ടന്‍ പുറത്താക്കിയിരുന്നു.
Next Story

RELATED STORIES

Share it