- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തനിയെ
BY sdq Kappan6 March 2016 2:30 AM GMT
X
sdq Kappan6 March 2016 2:30 AM GMT
- കെ എന്‍ നവാസ് അലി
ഉപേക്ഷിച്ചു പോവുന്നവര്‍ക്കറിയില്ല, ഉപേക്ഷിക്കപ്പെടുന്നവരുടെ വേദന. ജീവിതത്തിലെ തുണ നഷ്ടപ്പെടുന്നതിനേക്കാള്‍, മക്കള്‍ അനാഥരാവുമെന്നതിനേക്കാളെല്ലാം മനസ്സില്‍ ആഴ്ന്നിറങ്ങുന്നത് താന്‍ ഉപേക്ഷിക്കപ്പെട്ടവളാണെന്ന വേദന മാത്രമാണ്. അത് ഓരോ ദിവസവും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും, മരണം വരെ.' ചെറിയ വീടിന്റെ കോലായിലിരുന്ന് അവള്‍ പറഞ്ഞുതുടങ്ങി. 'കൂടെ പഠിച്ചവരും സമപ്രായക്കാരായ ബന്ധുക്കളുമെല്ലാം വിവാഹിതകളായി പടിയിറങ്ങി പോയപ്പോഴെല്ലാം തനിക്കായി ആരെങ്കിലും വരുമെന്നു കരുതി കാത്തിരുന്ന് നല്ല പ്രായമെല്ലാം പിന്നിട്ടുതുടങ്ങിയപ്പോഴാണ് മൈസൂരിലേക്കുള്ള ആലോചനയുമായി ദല്ലാളെത്തിയത്. കൂടുതലന്വേഷിച്ചാല്‍ ഒരുപക്ഷേ കല്യാണം വേണ്ടെന്നു വയ്‌ക്കേണ്ടി വന്നാലോ എന്നുപേടിച്ചാവണം വീട്ടുകാര്‍ കാര്യമായ അന്വേഷണമൊന്നും നടത്തിയില്ല. കണക്കു പറഞ്ഞു വാങ്ങിയ പതിനായിരങ്ങള്‍ക്കും കുറച്ചു സ്വര്‍ണത്തിനുമൊപ്പം വിലയില്ലാത്ത ഉരുപ്പടിയായി മൈസൂരിലേക്കു വണ്ടി കയറിയതാണ്. ഇപ്പോഴിതാ മുമ്പത്തേതു പോലെ, അല്ല അതിനേക്കാള്‍ മോശമായി വീണ്ടും ഇവിടെയിങ്ങനെ...'
കേരളത്തില്‍ ഏറ്റവുമധികം വിധവകളും വിവാഹമുക്തകളുമുള്ള വഴിക്കടവ് പഞ്ചായത്തിലെ ഒരു സ്ത്രീ അവരുടെ ജീവിതം പറഞ്ഞു തുടങ്ങിയത് ഇങ്ങനെയായിരുന്നു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് വഴിക്കടവ്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്കു പോവുന്ന ദൂരം സഞ്ചരിച്ചാല്‍ അവര്‍ക്ക് ഊട്ടിയിലെത്താം. കുറച്ചു കൂടി പോയാല്‍ മൈസൂരും. മൈസൂരും ഊട്ടിയും എത്ര അടുത്താണോ അതിനേക്കാള്‍ കുറവാണ് അവിടുത്തെ സ്ത്രീകള്‍ക്ക് വഞ്ചനയിലേക്കുള്ള വഴിദൂരം. അതിനിടയില്‍ വിവാഹദല്ലാള്‍മാരുണ്ട്, ബന്ധുജനങ്ങളുണ്ട്, വീട്ടിലെ ദാരിദ്ര്യവും മറ്റെല്ലാ പ്രയാസങ്ങളുമുണ്ട്. അപ്പോള്‍ പിന്നെ എല്ലാമറിഞ്ഞിട്ടും ദുരനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ചുറ്റുമിരുന്ന് വിലക്കിയിട്ടും മൈസൂര്‍ കല്യാണമെന്ന കെണിയിലേക്ക് ഇവരും തലവച്ചു കൊടുക്കുന്നു. ചതിക്കപ്പെടില്ല എന്ന ദുര്‍ബലമായ വിശ്വാസത്തോടെ.
20ാം വയസ്സില്‍ ഉപേക്ഷിക്കപ്പെട്ടവള്‍
റസീന 15ാം വയസ്സിലാണ് വിവാഹിതയായത്. താഴെയുള്ള അനുജത്തിമാര്‍ മുതിര്‍ന്നു വരുമ്പോഴേക്കും അവളുടെ വിവാഹം നടത്താനുള്ള തിടുക്കത്തിലായിരുന്നു വീട്ടുകാര്‍. കുറഞ്ഞ പണവും സ്വര്‍ണവും വാങ്ങി വിവാഹം ചെയ്യാന്‍ നാട്ടിലുള്ള ചെറുപ്പക്കാരൊന്നും വന്നില്ല. അതോടെ കുടുംബത്തിന്റെ കഷ്ടത കണ്ട് സഹായിക്കാനെന്ന പേരില്‍ നാട്ടുകാരനായ ദല്ലാള്‍ മൈസൂരില്‍ നിന്നുള്ള ആലോചനയുമായെത്തി. വീട്ടുകാര്‍ സമ്മതം മൂളിയതോടെ അന്നോളം പരിചിതമല്ലാത്ത ഭാഷയും സംസ്‌കാരവുമുള്ള നാട്ടിലേക്ക് വധുവായി റസീന പോയി. വേണ്ടത്ര ഭക്ഷണമില്ലാതെ, കുളിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സ്വകാര്യത പോലുമില്ലാതെ, വിഷമങ്ങള്‍ കേള്‍ക്കാന്‍ വരെ ആരുമില്ലാത്ത ജീവിതം. എന്നിട്ടും റസീന അവിടെ പിടിച്ചുനിന്നു. പക്ഷേ നാലു വര്‍ഷത്തെ ദുരിതജീവിതത്തിനു ശേഷം 20ാം വയസ്സില്‍ അവളെ ഭര്‍ത്താവ് ഉപേക്ഷിച്ചു വീട്ടിനു പുറത്താക്കി. ചെറിയ കുഞ്ഞുമായി അവള്‍ തിരികെ നാട്ടിലേക്കു വണ്ടി കയറി. വിവാഹമെന്നു കേട്ടാല്‍ പോലും ഭയമുളവാക്കുന്ന ഓര്‍മകളുമായി റസീന വഴിക്കടവിലെ ചെറിയ വീട്ടിലുണ്ട്. കുഞ്ഞിനെ വളര്‍ത്തി നല്ല ജീവിതം നല്‍കണമെന്നു മാത്രമാണ് അവളുടെ സ്വപ്‌നം.
നാല്‍പതു ശതമാനം വിധവകള്‍
വഴിക്കടവ് പഞ്ചായത്തിലെ വിധവകളുടെ എണ്ണം ഒരുപക്ഷേ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലായിരിക്കും. ഇവിടെ വിവാഹിതകളുടെ എണ്ണത്തിന്റെ 40 ശതമാനത്തോളമാണ് വിധവകള്‍. വഴിക്കടവിലെ 36 ശതമാനം വീടുകളിലും വിധവകളാണ് ഗൃഹനാഥകള്‍. വിധവകളുടെ എണ്ണമെടുക്കുകയാണെങ്കില്‍ അത് ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരും. മരണം, ഉപേക്ഷിക്കല്‍, നിയമാനുസൃതമുള്ള വേര്‍പിരിയല്‍ എന്നിങ്ങനെയുള്ള കാരണത്താലാണ് ഏറെ പേര്‍ക്കും പങ്കാളികളെ നഷ്ടമായത്.
പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഇവിടെയുണ്ട്. വഴിക്കടവ് പഞ്ചായത്തില്‍ തന്നെയുള്ള നസീമയെ ഭര്‍ത്താവ് ഉപേക്ഷിച്ചത് ആദ്യത്തെ കണ്‍മണി പെണ്‍കുഞ്ഞായതിന്റെ പേരിലായിരുന്നു. ഇരുപത്തിമൂന്നാം വയസ്സില്‍ വിവാഹിതയായ നസീമ രണ്ടു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം പ്രസവത്തോടെ ഇരുപത്തഞ്ചാം വയസ്സില്‍ ഭര്‍തൃവീടിന്റെ പടിക്കു പുറത്തായി. ഭര്‍ത്താവിനു വേണ്ടെങ്കിലും മകളെ തുന്നല്‍ ജോലിയും മറ്റു ജോലികളും ചെയ്തു വളര്‍ത്തുകയാണ് നസീമ.
വിധവകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കു പോലും പൂര്‍ണമായും തിരിച്ചറിയാനാവില്ലെന്ന് അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനായ ഉണ്ണി പറയുന്നു. കുടുംബത്തിലും പൊതുസമൂഹത്തിലും ഒട്ടേറെ പ്രശ്‌നങ്ങളാണ് അവര്‍ നേരിടേണ്ടി വരുന്നത്. 28ാം വയസ്സില്‍ വൈധവ്യം നേരിടേണ്ടി വന്ന മാമാങ്കരയിലെ ജംഷീനയുടെ വാക്കുകളില്‍ വിധവകള്‍ അഭിമുഖീകരിക്കേണ്ട ദുരവസ്ഥകള്‍ വ്യക്തമാവുന്നുണ്ട്.
ഭര്‍ത്താവ് മരിച്ചതോടെ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന ചിന്തയിലായിരുന്നു താനെന്ന് വഴിക്കടവ് ജംഷീന പറയുന്നു. ഏറെക്കാലം രോഗിയായി കിടന്ന ശേഷമാണ് ഭര്‍ത്താവ് ജംഷീനയെയും രണ്ടു മക്കളെയും അനാഥരാക്കി വിടപറഞ്ഞത്. അയാളുടെ മരണശേഷം രണ്ടു വര്‍ഷം വീടിനകത്തു തന്നെ കഴിച്ചുകൂട്ടി. ബന്ധുവീട്ടിലെ വിവാഹങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കോ പോയില്ല. കാണുന്നവരെല്ലാം സഹതാപത്തോടെ നോക്കുന്നത് ഏറെ പ്രസായമുണ്ടാക്കുന്നുവെന്ന് ഇവര്‍ പറയുന്നു.
എങ്ങനെയാണ് ജീവിക്കുന്നതെന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. എവിടെയും സഹതാപം കലര്‍ന്ന ചോദ്യങ്ങളും ഉപദേശങ്ങളും മാത്രം. വഴി കാണിച്ചുതരാന്‍ ആരുമില്ലെങ്കിലും സഹതപിക്കാന്‍ എല്ലാവരുമുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിധവയ്ക്കു വേണ്ടത് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മവിശ്വാസവും ജീവിതമാര്‍ഗവുമാണ്. സഹതാപം കൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇനിയെങ്കിലും സമൂഹം മനസ്സിലാക്കണമെന്നും ജംഷീന പറഞ്ഞു. എസ്എസ്എല്‍സി മാത്രമാണ് വിദ്യാഭ്യാസമെന്നതിനാല്‍ ജോലി ലഭിക്കാനുള്ള സാധ്യതകളൊന്നുമില്ല. ഇപ്പോള്‍ ഉമ്മയോടൊപ്പം സഹോദരന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഭാവിയെക്കുറിച്ച് എന്താണ് പ്രതീക്ഷിക്കുക?
ജീവിതം തന്നെ മടുത്ത് പുറത്തിറങ്ങാതെ കഴിയുന്നതിനിടെയാണ് വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ പ്രവര്‍ത്തകര്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. സമാനദുഃഖം പേറുന്ന ഒട്ടേറെ പേരെ കണ്ട് വിഷമങ്ങള്‍ പങ്കുവച്ചപ്പോള്‍ ഇനിയും ജീവിക്കണമെന്ന ചിന്ത ഉണ്ടായി- മുപ്പതുകാരിയായ ജംഷീന പറഞ്ഞു.
വിധവകളല്ല, ഏകരക്ഷിതാക്കള്‍
നമ്പൂതിരി സ്ത്രീകളെ മറക്കുടയില്‍ നിന്നും നാലുകെട്ടിലെ ഇരുളടഞ്ഞ മുറികളില്‍ നിന്നും പുറത്തിറക്കാന്‍ വി ടി ഭട്ടതിരിപ്പാട് 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' എന്ന നാടകമെഴുതിയത് പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്. എന്നാല്‍, കാലമേറെ കഴിഞ്ഞിട്ടും വിധവകളെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ ഒരു സംഘടനയും പ്രസ്ഥാനവുമില്ല. ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും വിധവകളോട് സമുദായവും സമൂഹവും അനുവര്‍ത്തിക്കുന്ന സമീപനം ഒരുപോലെയാണ്. കുടുംബത്തിന്റെ എല്ലാ ഭാരങ്ങളും ചുമലിലേറ്റി മക്കള്‍ക്കുവേണ്ടി സ്വയം എരിഞ്ഞുതീരുന്നതാണ് ഓരോ വിധവയുടെയും ജീവിതം. വിധവ എന്ന പേരു തന്നെ ശരിയല്ലെന്നാണ് വേള്‍ഡ് വിഷനിലെ ഉണ്ണി പറയുന്നത്. സിംഗിള്‍ പാരന്റ് (ഏകരക്ഷിതാക്കള്‍) എന്നാണ് വിധവകളെ പറയേണ്ടത്. സമൂഹം കാലങ്ങളായി അടിച്ചേല്‍പ്പിച്ച വിധവ എന്ന പേരുതന്നെ മാറ്റിയെഴുതിയാണ് കുടുംബശ്രീ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ അവര്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തനം നടത്തുന്നത്.
വഴിക്കടവ് പഞ്ചായത്തില്‍ വിധവകള്‍ക്കു വേണ്ടി രണ്ടു വര്‍ഷം മുമ്പ് പഞ്ചായത്ത് ഭരണസമിതി, കുടുംബശ്രീ, സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഗമം സംഘടിപ്പിച്ചിരുന്നു. 45 വയസ്സില്‍ താഴെയുള്ള ഏകരക്ഷിതാക്കളെയാണ് ഇതിലേക്കു ക്ഷണിച്ചത്. വിധവകളുടേതിനു തുല്യമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ എന്നതിനാല്‍ അവിവാഹിതരായ അമ്മമാരെയും ക്ഷണിച്ചിരുന്നു. വിധവയെന്ന വാക്കിന്റെ അര്‍ഥം ഭര്‍ത്താവ് മരിച്ചവള്‍ എന്നാണ്. എന്നാല്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവരും വിവാഹമുക്തകളുമെല്ലാം ഈ പേരിലാണറിയപ്പെടുന്നത്. വിധവാ പെന്‍ഷന്‍ ലഭിക്കുന്നവരില്‍ ഇക്കൂട്ടരും ഉള്‍പ്പെടുന്നു. ഏകരക്ഷിതാക്കള്‍ എന്നാണ് എല്ലാവരെയും അഭിസംബോധന ചെയ്തത്.
സംഗമത്തിലെ പ്രധാന ഇനം അനുഭവങ്ങള്‍ പങ്കുവയ്ക്കലായിരുന്നു. സമാനദുഃഖങ്ങളുള്ളവര്‍ അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതു കേട്ടപ്പോള്‍ സംഘാടകര്‍ വരെ കരഞ്ഞുപോയി. കുട്ടിക്കാലം മുതല്‍ക്കുള്ള അനുഭവങ്ങളാണ് എല്ലാവരോടും പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ചത്. വിവാഹജീവിതവും തുടര്‍ന്നുള്ള കാലവും വിവരിച്ചപ്പോള്‍ പലരും വിതുമ്പിക്കരഞ്ഞു. പറഞ്ഞും കരഞ്ഞും ഒരു ദിവസം പൂര്‍ണമായി അവര്‍ ഒന്നിച്ചിരുന്നു. സമാനദുഃഖം പേറുന്നവരുടെ ശക്തമായ കൂട്ടായ്മ അതോടെ രൂപപ്പെടുകയായിരുന്നു. ആദ്യമായാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ പുറത്തുപറയാനുള്ള അവസരം ലഭിച്ചതെന്നു ജംഷീന പറഞ്ഞു.
മറ്റു സ്ത്രീകളെ അപേക്ഷിച്ച് എല്ലായ്‌പോഴും നിരീക്ഷണത്തിനു വിധേയമാണ് വിധവകളുടെ ജീവിതം. ശ്രദ്ധിച്ചില്ലെങ്കില്‍ വഴിതെറ്റി പോവുന്നവരാണ് വിധവകള്‍ എന്ന നിലയ്ക്കാണ് തങ്ങളെ കുടുബവും സമൂഹവും കാണുന്നതെന്നും ഇവര്‍ സൂചിപ്പിച്ചു.
കടുത്ത മാനസിക സംഘര്‍ഷങ്ങളോടെയാണ് ഓരോ വിധവയും ജീവിക്കുന്നത്. സ്വന്തമായി വീട്, നിത്യചെലവുകള്‍ നിറവേറ്റാനുള്ള വരുമാനം എന്നിവയാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ സംരക്ഷണത്തിലാണെങ്കില്‍ പോലും അധികപ്പറ്റായി മാറുന്നുവെന്ന തോന്നലാണ് ഇവര്‍ക്കുള്ളത്. അറിയാതെ വീഴുന്ന വാക്കുകള്‍ പോലും തങ്ങളെ ഉന്നംവച്ചാണെന്ന് ഇവര്‍ കരുതുന്നു. ഏകരക്ഷിതാക്കളുടെ കുട്ടികളും നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. മാതാവിനെ അനുസരിക്കാത്തവരാണ് ഇത്തരം കുടുംബങ്ങളിലെ മിക്ക ആണ്‍കുട്ടികളുമെന്ന് വേള്‍ഡ് വിഷന്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും മാതാവിനെ കുറ്റപ്പെടുത്തുന്നതും അമിതമായ ആകാംക്ഷയും നിരാശയും പിതാവില്ലാത്ത ആണ്‍കുട്ടികളില്‍ അധികമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷിതത്വമില്ല എന്ന തോന്നലാണ് മാതാവ് മാത്രമുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. പലപ്പോഴും അത്യാവശ്യ കാര്യങ്ങള്‍ പോലും നിറവേറ്റാനാവാത്തത് ഇവര്‍ക്ക് കടുത്ത നിരാശയുണ്ടാക്കുന്നു. ഭാവിയെക്കുറിച്ച് അമിതമായ ഉല്‍ക്കണ്ഠയും ഇത്തരം കുടുംബത്തിലെ പെണ്‍കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്. ഏകരക്ഷിതാക്കളുള്ള കുടുംബത്തിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു കുടുംബശ്രീയും പഞ്ചായത്ത് അധികൃതരും വേള്‍ഡ് വിഷനും ശ്രദ്ധിക്കുന്നുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന തരത്തിലുള്ള വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
തുടരുന്ന പദ്ധതികള്‍,
ഉന്നതമായ ലക്ഷ്യങ്ങള്‍
വിധവകള്‍ നാഥകളായ കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്തുക എന്നതാണ് കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനം. ഏകരക്ഷിതാക്കള്‍ മാത്രം അംഗങ്ങളായുള്ള നാല്‍പ്പതോളം കുടുംബശ്രീ യൂനിറ്റുകള്‍ വഴിക്കടവിലുണ്ട്. പച്ചക്കറി കൃഷിയാണ് ഇപ്പോള്‍ പ്രധാനമായും ചെയ്യുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ വിധവകള്‍ക്ക് ആടുവളര്‍ത്തുന്നതിനുള്ള പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഇപ്പോഴത്തെ അംഗവുമായ ഹഫ്‌സത്ത് പുളിക്കല്‍ പറഞ്ഞു.
വഴിക്കടവ് ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ വേള്‍ഡ് വിഷന്‍ പ്രവര്‍ത്തകരുടെ ഇടപെടലുകളും വിധവകള്‍ക്കും മക്കള്‍ക്കും ഏറെ ഉപകാരപ്പെടുന്നുണ്ട്. സര്‍ക്കാരില്‍ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സബ്‌സിഡിയോടു കൂടിയ വായ്പ ലഭിക്കുന്നതിലും സ്വയം തൊഴിലില്‍ പരിശീലനം നല്‍കുന്നതിലും വേള്‍ഡ് വിഷന്‍ സഹായിക്കുന്നുണ്ട്. സോപ്പ് നിര്‍മാണം ഉള്‍പ്പെടെയുള്ള മുപ്പതോളം സ്വയം തൊഴില്‍ സംരംഭങ്ങളില്‍ വിധവകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഏകരക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്ന ഇവരുടെ പദ്ധതി ഏറെ പ്രശംസനീയമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും ഉന്നത പഠനത്തിനു പോവുന്നവര്‍ക്ക് ധനസഹായവും നല്‍കുന്നുണ്ട്. വേള്‍ഡ് വിഷന്റെ ധനസഹായത്തോടെ പ്രഫഷനല്‍ കോഴ്‌സിനു പഠിക്കുന്നവരും വഴിക്കടവ് പഞ്ചായത്തിലുണ്ട്.
വഴിക്കടവ് പഞ്ചായത്തില്‍ ഏതു മേഖലയിലും ഏകരക്ഷിതാക്കളുടെ സാന്നിധ്യമുണ്ട്. പഞ്ചായത്ത് ഭരണസമിതിയില്‍, കുടുംബശ്രീ ഭാരവാഹിത്വത്തില്‍, സ്വയംതൊഴില്‍ മേഖലകളില്‍ എല്ലായിടത്തും അവരുണ്ട്. പക്ഷേ, അവര്‍ക്കു മാത്രമായുള്ള നല്ല പദ്ധതികളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. വഴിക്കടവിലെ വിധവകളുടെ
എണ്ണം സംബന്ധിച്ചുള്ള കൃത്യമായ കണക്കുപോലും സാമൂഹികക്ഷേമ വകുപ്പിന്റെ പക്കലില്ല. വേള്‍ഡ് വിഷന്‍ എന്ന വിദേശ സന്നദ്ധസംഘടന നടത്തിയ പഠനങ്ങളും കുടുംബശ്രീയുമായും പഞ്ചായത്ത് ഭരണസമിതിയുമായും ചേര്‍ന്ന് അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മാത്രമാണ് ഇവിടുത്തെ അയ്യായിരത്തോളം വരുന്ന വിധവകളുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ അല്‍പമെങ്കിലും മാറ്റം വരുത്തുന്നത്. ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ളതാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നതിനാല്‍ എല്ലാവരിലേക്കും ഇവയൊന്നും എത്തുന്നുമില്ല. ജീവിതാവശ്യങ്ങള്‍ നിറവേറ്റാനാവാത്ത, കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഒട്ടേറെ വിധവാകുടുംബങ്ങള്‍ വഴിക്കടവിലുണ്ട്. ഏകരക്ഷിതാക്കള്‍ എന്ന വിധവകളുടെ വാക്ക് കടമെടുത്താല്‍ സഹതാപമോ അനുകമ്പയോ അല്ല ഇവര്‍ക്ക് ആവശ്യം, മറിച്ച് സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതു മാത്രമാണ്.
ദൂരദര്‍ശന്റെ അംഗീകാരം
സംസ്ഥാനത്തെ കുടുംബശ്രീ യൂനിറ്റുകളെ കുറിച്ചുള്ള ദൂരദര്‍ശന്റെ 'ഇനി ഞങ്ങള്‍ പറയാം' എന്ന റിയാലിറ്റി ഷോയില്‍ വഴിക്കടവ് പഞ്ചായത്ത് സിഡിഎസ് വിധവാ ശാക്തീകണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് ഒന്നാംസ്ഥാനം നേടിയിരുന്നു. സംസ്ഥാനത്തെ 1000 പഞ്ചായത്തുകളില്‍നിന്ന് മികച്ച സിഡിഎസിനെ തിരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലാണ് വഴിക്കടവ് സിഡിഎസ് ഒന്നാംസ്ഥാനത്തെത്തിയത്. 50 ലക്ഷം രൂപയാണ് സമ്മാനം. ി
Next Story
RELATED STORIES
സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഅബ്ദുര്‍റഹീം കേസ്; ഡിസംബര്‍ 30ന് പരിഗണിക്കും
12 Dec 2024 1:52 PM GMTപ്രവാചക നിന്ദ നടത്തിയ അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവം: എം കെ...
12 Dec 2024 1:38 PM GMTവിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMT