രാജ്യത്ത് പ്രതിദിനം രണ്ടു സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പീഡനം നേരിടുന്നു

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലിടങ്ങളില്‍ പീഡനം നേരിടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി ദേശീയ വനിതാ കമ്മീഷന്റെ റിപോര്‍ട്ട്. 2017ല്‍ പ്രതിദിനം ശരാശരി രണ്ടു സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നതായി വനിതാ കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. തൊഴിലിടങ്ങളിലെ പീഡനം സംബന്ധിച്ച് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 12 വരെയുള്ള 316 ദിവസത്തെ കാലയളവില്‍ കമ്മീഷന് 539 പരാതികളാണു സ്വീകരിച്ചത്. പ്രതിദിനം ശരാശരി 1.7 പരാതികള്‍. ലഭിച്ച പരാതികളില്‍ 60 ശതമാനവും ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന  എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്; 121 എണ്ണം. ഡല്‍ഹി 71, മഹാരാഷ്ട്ര 40, മധ്യപ്രദേശ് 38, ഹരിയാന 37 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്കുകള്‍. എന്നാല്‍ ഈ കണക്കുകള്‍ പൂര്‍ണമാണെന്നു കരുതാനാവില്ലെന്നും യഥാര്‍ഥത്തില്‍ പീഡനങ്ങളുടെ എണ്ണം പുറത്തറിയുന്നതിലും വളരെ അധികമാവുമെന്നും വനിതാ കമ്മീഷന്‍ പ്രതികരിച്ചു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിതെന്നും കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തൊഴിലിട പീഡനങ്ങള്‍ സംബന്ധിച്ച് 1971 പരാതികളാണു കമ്മീഷന് ലഭിച്ചത്. സ്ത്രീകളുടെ പരാതികള്‍ തൊഴിലുടമകള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നതു ഗൗരവമായി കാണുന്നതായും കമ്മീഷന്‍ വ്യക്തമാക്കി. പല പരാതികളിലും നടപടിയെടുക്കുന്നില്ലെന്നു മാത്രമല്ല പരാതിക്കാരിയെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ തൊഴില്‍കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വനിതാ കമ്മീഷന്‍ നിരീക്ഷിച്ചു. ഇത്തരം തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നു പിഴയീടാക്കാന്‍ കഴിയാത്തത് ഇത്തരം പ്രവണതകള്‍ ഏറാന്‍ കാരണമാവുന്നതായും കമ്മീഷന്‍ വിലയിരുത്തി. ഭൂരിഭാഗം സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ലെന്നു വനിതാ കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. പീഡനം സംബന്ധിച്ച പരാതികള്‍ അദ്യഘട്ടത്തില്‍ സ്ഥാപനങ്ങളിലെ ആഭ്യന്തര സമിതിക്കു കൈമാറണമെന്നാണു നിയമം. സമിതികളില്‍ നിന്നു ഫലവത്തായ നടപടിയുണ്ടായില്ലെങ്കില്‍ പരാതിക്കാര്‍ക്കു വനിതാ കമ്മീഷനടക്കമുള്ള ഉന്നത കേന്ദ്രങ്ങളെ സമീപിക്കാം.

RELATED STORIES

Share it
Top