Kollam Local

ഹലീമയ്ക്ക് സഹായഹസ്തവുമായി മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന്‍

കൊല്ലം: അന്ധതയ്ക്കു പുറമേ, അപൂര്‍വ വൃക്കരോഗത്തിന്റെ തീരാവേദനകളില്‍ തളര്‍ന്ന ഒമ്പതു വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സഹായഹസ്തവുമായി ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന്‍. നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന അപൂര്‍വമായ വൃക്കരോഗം ബാധിച്ച് ഇരുവൃക്കകളും തകരാറിലായി, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു നിര്‍ദേശിക്കപ്പെട്ട കൂട്ടിക്കട ശാസ്താംവെളി മാഹിന്‍ മന്‍സിലില്‍ നാസറിന്റെയും നബീസത്തിന്റെയും മകളായ ഹലീമയ്ക്കാണ് സഹായ ഹസ്തവുമായി കിഡ്‌നി ഫൗണ്ടേഷന്‍ രംഗത്തെത്തിയത്. ഏഴു ലക്ഷത്തോളം രൂപ ചെലവു വരുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമായി നടത്താമെന്നും ശസ്ത്രക്രിയാനന്തരം ഒരു വര്‍ഷത്തേക്ക് തുടര്‍ചികില്‍സയ്ക്കും മരുന്നുകള്‍ക്കും മറ്റുമായി വേണ്ടിവരുന്ന മുഴുവന്‍ ചെലവും മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന്‍ വഹിക്കാമെന്നും മെഡിസിറ്റി ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ എ എ സലാമും സെക്രട്ടറി അബ്ദുള്‍ സലാമും ഹലീമയുടെ മാതാപിതാക്കളെ അറിയിച്ചു.വഴുതയ്ക്കാട് ബ്‌ളൈന്‍ഡ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് പാട്ടിലും കഥാപ്രസംഗത്തിലും മോണോ ആക്ടിലുമൊക്കെ മിടുക്കിയായ ഹലീമ. അന്ധതയ്ക്കു പുറമേ ഗുരുതരമായ വൃക്കരോഗം കൂടി ബാധിച്ചതോടെ മകളുടെ ചികില്‍സയ്ക്കും മറ്റുമായി ബുദ്ധിമുട്ടുകയാണ് നിര്‍ധന കുടുംബം. മൂന്നു മാസമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍, ആഴ്ചയില്‍ രണ്ടു തവണ വീതം ഹീമോ ഡയാലിസിസ് തുടരുന്ന ഹലീമയ്ക്ക് ഡയാലിസിസിന്റെ എണ്ണം കൂട്ടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ഈയിടെയാണ്. മാത്രമല്ല, ഹലീമയുടെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തര വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിച്ചു. കടുത്ത പ്രമേഹ രോഗികളായ മാതാപിതാക്കളുടെ വൃക്ക സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഒരു ഒ  പോസിറ്റീവ് വൃക്കയ്ക്കായുള്ള കാത്തിരിപ്പിലാണ് ഹലീമയുടെ കുടുംബം.സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കാത്തിരിപ്പുകാരുടെ പട്ടികയില്‍ 115-ാമത് ആണ് ഹലീമയുടെ പേര്. ആ ഊഴമെത്തുന്നതുവരെ വൃക്ക ശസ്ത്രക്രിയ മാറ്റിവയ്ക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വാഹനാപകടങ്ങളിലും മറ്റും മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ വൃക്ക ലഭിച്ചാല്‍ (കഡാവര്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍) ആ നിമിഷം ശസ്ത്രക്രിയയ്ക്ക് മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന്‍ ഒരുക്കമാണ്. പക്ഷേ, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതു സംബന്ധിച്ചും കഡാവര്‍ കിഡ്‌നി ട്രാന്‍പ്ലാന്റ് സംബന്ധിച്ചും കടമ്പകള്‍ ഏറെയാണ്.സര്‍ക്കാര്‍ ഇടപെട്ട് മൃതസഞ്ജീവനി അവയവ ദാന പദ്ധതിയില്‍ ഹലീമയ്ക്ക് മുന്‍ഗണന നല്‍കുകയോ, കഡാവര്‍ കിഡ്‌നി ലഭ്യമാകുന്നതിനുള്ള നിയമതടസ്സങ്ങളില്‍ ഇളവ് അനുവദിക്കുകയോ ചെയ്താല്‍ ഹലീമയുടെ വേഗം വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്താം. ആ പ്രതീക്ഷയിലാണിപ്പോള്‍ ഹലീമയും മാതാപിതാക്കളും.
Next Story

RELATED STORIES

Share it