World

സൗദി ദേശീയ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു

റോസ്‌തോവ് (റഷ്യ): സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു. റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെ ആകാശത്തു വച്ച് എന്‍ജിനില്‍ തീ പടര്‍ന്ന വിമാനം സുരക്ഷിതമായി ഇറക്കി. ഫിഫ ലോകകപ്പില്‍  രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി താരങ്ങള്‍ സഞ്ചരിച്ച ഔദ്യോഗിക വിമാനത്തിനാണു തീപ്പിടിച്ചത്.
ഫുട്‌ബോള്‍ ടീം സുരക്ഷിതമായി റോസ്‌തോവില്‍ ഇറങ്ങിയതായി ഫെഡറേഷന്‍ ട്വിറ്റര്‍ പോസ്റ്റില്‍ സ്ഥിരീകരിച്ചു. ഇവിടെ ഗ്രൂപ്പ് എ യില്‍ ഇന്ന് ഉറുഗ്വേയുമായിട്ടാണു സൗദി ടീമിന്റെ മല്‍സരം. സൗദിയുടെ രണ്ടാമത്തെ മല്‍സരമാണിത്.
ചെറിയ സാങ്കേതിക തകരാറായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. വിമാനത്തിന്റെ ഒരു എന്‍ജിന് തീപ്പിടിച്ച ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ ചിറകിനടയിലെ എന്‍ജിനില്‍ നിന്നു തീ പടരുന്ന ദൃശ്യങ്ങളാണു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോകളില്‍ കാണുന്നത്. അതേസമയം എന്‍ജിന് തകരാറു സംഭവിച്ചിട്ടില്ലെന്നും പക്ഷി വന്നിടിച്ചതു കൊണ്ടുണ്ടായ പിഴവാണെന്നുമാണു വിമാനകമ്പനിയുടെ വിശദീകരണം.
റോസിയ എയര്‍ബസ് എ 319100 വിമാനത്തിലാണു സെ ന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു സൗദി താരങ്ങളെ കൊണ്ടുപോയത്. പക്ഷി എന്‍ജിനില്‍ ഇടിച്ചതാണു സാങ്കേതിക തകരാറിന് ഇടയാക്കിയതെന്നും റോസ്‌തോവില്‍ ഇറങ്ങുമ്പോള്‍ രണ്ട് എന്‍ജിനും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നും റോസിയ വിമാന കമ്പനി പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. സാധാരണ നിലയിലാണു വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്യുമ്പോള്‍ മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
സാങ്കേതിക തകരാറുണ്ടായ വിമാനത്തിനു സൗദി അറേബ്യന്‍ എയര്‍ലൈന്‍സുമായി ബന്ധമില്ലെന്നും ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് അയാട്ട ഓര്‍ഗനൈസേഷണല്‍ കമ്മിറ്റി നല്‍കിയതാണെന്നും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it