സ്വത്വം ബില്ലിനെതിരേ പ്രതിഷേധം മണിപ്പൂരില്‍ നിരോധനാജ്ഞ

ഇംഫാല്‍: സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സ്വത്വം സംരക്ഷിക്കുന്ന ബില്ലിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മണിപ്പൂരിലെ ജിരിബം ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയില്‍ നാലോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കുന്നത് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ വിലക്കിയിട്ടുണ്ട്.
മണിപ്പൂര്‍ ജനതാ സംരക്ഷണ ബില്ല് 2018 ഈ മാസം 23നാണ് നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. 1951ന് മുമ്പ് സംസ്ഥാനത്തെത്തിയ മെയ്റ്റികള്‍, പംഗല്‍ മുസ്‌ലിംകള്‍, പട്ടികവര്‍ഗക്കാര്‍ തുടങ്ങിയവര്‍ക്ക് തദ്ദേശീയ പദവി നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബില്ല് പാസാക്കിയത്. “മണിപ്പൂരില്‍ അല്ലാത്ത’ വിഭാഗത്തില്‍പ്പെടുത്തിയ അവശേഷിച്ചവര്‍ നിയമം വിജ്ഞാപനം ചെയ്തതിന് ഒരു മാസത്തിനകം സ്വയം രജിസ്റ്റര്‍ ചെയ്യേണ്ടിവരും. 1951 അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ചതിനെതിരേ ജനങ്ങള്‍ റാലി നടത്തിയതിനെത്തുടര്‍ന്നാണ് അസമിലെ കച്ചാറിന്റെ അതിര്‍ത്തിയിലുള്ള ജിരിബമില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ബില്ല് ഇപ്പോള്‍ ഗവര്‍ണര്‍ നജ്മ ഹിബത്തുല്ലയുടെ അനുമതി കാത്തിരിക്കുകയാണ്.
ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും നിരവധി പേരുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കര്‍മസമിതിയുടെ വക്താവ് മുഹമ്മദ് അഹമ്മദ് അലി പറഞ്ഞു. ബംഗ്ലാദേശികളും റോഹിന്‍ഗ്യകളും അടക്കമുള്ള അനധികൃത കുടിയേറ്റക്കാരുടെ തള്ളിക്കയറ്റംമൂലം കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം ജിരിബമിലെ ജനസംഖ്യാ കണക്കില്‍ മാറ്റംവന്നിട്ടുണ്ടെന്നാണ് ഒരു ജില്ലാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it