kozhikode local

സോഷ്യലിസത്തെ പുനര്‍വിചിന്തനത്തിന് വിധേയമാക്കണം: ശശികുമാര്‍

കോഴിക്കോട്: പുതിയ ലോക പാശ്ചാത്തലത്തില്‍ സോഷ്യലിസത്തെ പുനര്‍ചിന്തക്ക് വിധേയമാക്കണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. ജനാധിപത്യ വേദി ടൗണ്‍ഹാളില്‍ നടത്തിയ പി ഗോകുല്‍ ദാസ് അനുസ്മരണത്തില്‍ സോഷ്യലിസത്തിന്റെ ഒരു നൂറ്റാണ്ട്, അനുഭവങ്ങള്‍ പാഠങ്ങള്‍’ ഓപണ്‍ ഫോറം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രചാരണങ്ങള്‍ സങ്കല്‍പങ്ങള്‍ക്ക് നിര്‍വചനം കൊടുക്കുന്ന കാലമാണിത്. മാര്‍ക്‌സിസത്തിന്റെ ദര്‍ശനത്തെയും സമ്പദ്ശാസ്ത്ര ചിന്തകളെയും മുന്നോട്ട്‌കൊണ്ടുപോവാന്‍ കഴിയുന്ന അന്വേഷണങ്ങള്‍ വര്‍ത്തമാനകാല ലോക സാഹചര്യം ആവശ്യപ്പെടുന്നു.
കഴിഞ്ഞ കാലത്തെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഭാവി കരുപിടിപ്പിക്കാന്‍ ഉതകുന്ന സൈദ്ധാന്തിക രാഷ്ട്രീയ അന്വേഷണങ്ങളും ആവശ്യമാണ്. സോഷ്യലിസത്തെ ശാസ്ത്രീയമാക്കി മാറ്റുകയാണ് മാര്‍ക്‌സിസം ചെയ്തത്. വികസനത്തില്‍ മുതലാളിത്ത യാന്ത്രിക രീതികള്‍ അതേപടി സ്വാംശീകരിക്കാന്‍ ശ്രമിച്ച സോവിയറ്റ് യൂനിയന്റെ തകര്‍ച്ച അനിവാര്യതയായിരുന്നു.
വിയറ്റ്‌നാം യുദ്ധത്തില്‍ തോറ്റിട്ടും അമേരിക്കക്ക് സാസ്‌കാരിക വിജയം നേടാനായത് മാധ്യമങ്ങള്‍ ഉപയോഗിച്ചാണ്. ചൈനയിലെ സാധാരണക്കാരന്റെ പ്രശ്‌നം അവിടത്തെ ഭരണാധികാരികളുടെ ശ്രദ്ധയില്‍പെടാതെ പോവുന്നതും സ്വതന്ത്ര മാധ്യമങ്ങളുടെ അഭാവം കാരണമാണ്-അദ്ദേഹം പറഞ്ഞു.
എന്‍ പ്രഭാകരന്‍, സോമശേഖരന്‍, ഡോ. മൈത്രി പി ഉണ്ണി സംസാരിച്ചു. ഡോ. കെ എന്‍ അജോയ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പി ചന്ദ്രന്‍ ഗോകുല്‍ ദാസ് അനുസ്മരണം നടത്തി. പ്രിയേഷ് കുമാര്‍ സംസാരിച്ചു. ഇടതു പക്ഷം പുതിയ കാലത്ത് എന്ന സെഷനില്‍ പ്രഫ. ബി രാജീവന്‍, സി പി  ജോണ്‍, പി ജെ ബേബി, സി എ ദിനില്‍ സംസാരിച്ചു. കെ അജയ്‌ഘോഷ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it