Flash News

സെന്‍കുമാറിന്റെ നിയമനം : തിരിച്ചടി ചോദിച്ചുവാങ്ങി വീണ്ടും പിണറായി



പി എം അഹ്മദ്

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ സംസ്ഥാന പോലിസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് മറികടക്കാന്‍ പഴുതു തേടിയ ഇടതു സര്‍ക്കാര്‍ തിരിച്ചടി ഇരന്നു വാങ്ങിയ അവസ്ഥയിലായി. സെന്‍കുമാറിനെ പോലിസ് മേധാവിയായി നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി ചെലവുള്‍പ്പെടെ അടയ്ക്കണമെന്ന നിര്‍ദേശത്തോടെ തള്ളുകയായിരുന്നു.  കോടതി ചെലവിനായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവ് നടപ്പാക്കാത്തതിനാല്‍ എന്തു നടപടി സ്വീകരിക്കണമെന്നു കോടതിക്ക് അറിയാമെന്നുമുള്ള ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം അക്ഷരാര്‍ഥത്തില്‍ പിണറായി സര്‍ക്കാരിനേറ്റ കനത്ത അടിയായി. സര്‍ക്കാരിന് വിശ്വാസമില്ലാത്ത സെന്‍കുമാറിനെ പോലിസ് മേധാവിയാക്കി എങ്ങിനെ ക്രമസമാധാനപാലനം മുന്നോട്ടുകൊണ്ടുപോവാനാവുമെന്ന പ്രതിസന്ധിയും വരും ദിവസങ്ങളില്‍ ഉയരും.  കോടതി ഉത്തരവ് വന്ന് 12 ദിവസം പിന്നിട്ടിട്ടും നിയമനം ഒഴിവാക്കാനുള്ള മറുവഴി തേടുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനം ഉടന്‍ നടത്തണമെന്ന മുറവിളി നാനാഭാഗത്തുനിന്നും ഉയരുന്നതിനിടെയാണ് ഉത്തരവില്‍ വ്യക്തതതേടി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്. മുന്‍ ചീഫ് സെക്രട്ടറിയുടെയും നിയമവകുപ്പ് സെക്രട്ടറിയുടെയും ഉപദേശങ്ങള്‍ തള്ളിയായിരുന്നു പിണറായി സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, നീതിപീഠത്തിന്റെ വിലയിരുത്തല്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു.  രൂക്ഷമായ ഭാഷയിലായിരുന്നു സര്‍ക്കാരിനെതിരേ കോടതിയുടെ വിമര്‍ശനം. അതേസമയം, സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി ചൊവ്വാഴ്ച പരിഗണിക്കും. ഡിജിപി ആയിരുന്ന ടി പി സെന്‍കുമാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറാം ദിവസം നീക്കി ലോക്‌നാഥ് ബെഹ്‌റയെ ആ സ്ഥാനത്തു നിയമിച്ചാണ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനും ഒപ്പം വിവാദങ്ങള്‍ക്കും തിരികൊളുത്തിയത്. സെന്‍കുമാറിനെ മാറ്റി പകരം കൊണ്ടുവന്ന ബെഹ്‌റയ്ക്ക് പ്രവര്‍ത്തന മികവിന്റെ കാര്യത്തില്‍ സെന്‍കുമാറിന് ഒപ്പമെത്താന്‍ കഴിയാതിരുന്നത് അന്നുമുതല്‍ തന്നെ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. തുടരെത്തുടരെയായി പോലിസിന് സംഭവിച്ച വീഴ്ചകള്‍ പാര്‍ട്ടിക്ക് അകത്തും മുന്നണിയിലും ഒട്ടേറെ പ്രതിസന്ധികളും സൃഷ്ടിച്ചിരുന്നു. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതെന്തിനെന്ന ചോദ്യത്തിന് ശരിയായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കഴിഞ്ഞിരുന്നില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം തന്നെയായിരുന്നു. ഇടതുമുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ പോലും സെന്‍കുമാര്‍ വിഷയത്തില്‍ പിണറായിക്കെതിരേ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
Next Story

RELATED STORIES

Share it