Breaking News

സുബൈദ വധക്കേസ്: കൊല നടത്തിയ നാലംഗസംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍

സുബൈദ വധക്കേസ്: കൊല നടത്തിയ നാലംഗസംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍
X
കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കൊലയില്‍ നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കണ്ടെത്താനുണ്ടെന്നും കാസര്‍കോട് ജില്ലാ പോലിസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഡിജിപി രാജേഷ് ദിവാന്‍ അറിയിച്ചു.



മധൂര്‍ കുഞ്ചാര്‍ സ്വദേശി നസ്രീന മനിസിലില്‍ കെ.എം അബ്ദുല്‍ ഖാദര്‍ (26), പടഌകുതിരപ്പാടിയിലെ അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്യപ്പെട്ട രണ്ട് സ്വര്‍ണ വളകളും ഒരു മാലയും ഒരു ജോഡി കമ്മലും ഉള്‍പ്പടെ അഞ്ചര പവന്റെ ആഭരണങ്ങള്‍ കണ്ടെടുത്തു. ഘാതകര്‍ സഞ്ചരിച്ചെന്നു കരുതുന്ന രണ്ടു കാറുകളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 18നാണ് ചെക്കിപ്പള്ളത്ത് ഒറ്റക്ക് താമസിച്ചിരുന്ന സുബൈദയെ വീട്ടിനുള്ളില്‍ കൈകാലുകള്‍ പരസ്പരം കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെക്കിപ്പള്ളത്തെ മുഹമ്മദ് കുഞ്ഞിയുടെ വാടക ക്വാട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേനെയാണ് സംഘം പെരിയയില്‍ എത്തിയത്. വെളുത്ത ഐ20 ആസ്ട്ര കാറിലാണ് സംഘം എത്തിയത്. ക്വാട്ടേഴ്‌സ് അന്വേഷിച്ച് എത്തിയ സംഘം സുബൈദയെ സമീപിക്കുകയും തുടര്‍ന്ന് സുബൈദ താന്‍ മുമ്പ് നോക്കി നടത്തിയിരുന്ന മേല്‍പ്പറഞ്ഞ ക്വാട്ടേഴ്‌സ് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ സുബൈദയുടെ വീടും പരിസരവും വീക്ഷിക്കുകയും വരാമെന്ന് പറഞ്ഞ് പോവുകയും ചെയ്തു. പിറ്റേദിവസം മറ്റൊരു ചുവന്ന കളര്‍ സ്വിഫ്റ്റ് കാറില്‍ നാലുപേരും വീണ്ടും ഉച്ചക്ക് 12.30മണിയോടെ സുബൈദയുടെ വീട്ടിലെത്തി.

എന്നാല്‍ സുബൈദയുടെ വീട് പൂട്ടിക്കിടക്കുന്നതിനാല്‍ തിരിച്ചുപോകും വഴിയില്‍ വെച്ച് സുബൈദയെ കാണുകയും പിന്തുടര്‍ന്ന് വീട്ടിലേക്ക് സംഘം മടങ്ങിവരികയും ചെയ്തു. സബൈദ വീട്ടില്‍ കയറിയതോടെ അബ്ദുല്‍ ഖാദറും മറ്റൊരു പ്രതിയും കാറില്‍ പരിചയം ഭാവിച്ച് വീട്ടിലേക്ക് കയറിചെല്ലുകയും ചെയ്തു. സംസാരിച്ചിരിക്കുന്നതിനിടയില്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ചെറുനാരങ്ങ വെള്ളം ഉണ്ടാക്കാനായി സുബൈദ അുക്കളയിലേക്ക് പോയി. നാരങ്ങ വെള്ളം തയാറാക്കി വരുന്നതിനിടയില്‍ മൂന്നാം പ്രതി കയ്യില്‍ കരുതിയ ക്ലോറോഫോം ഒഴിച്ച തുണി ഉപയോഗിച്ച് സുബൈദയെ പിന്നില്‍ നിന്നും മൂക്കുംവായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ നിലത്ത് വീണ സുബൈദയെ നിലത്ത് കിടത്തി ദേഹത്തിലണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുക്കുകയും പണവുമെടുത്ത് വീട് പുറത്തുനിന്നും പൂട്ടി കടന്നുകളയുകയുമായിരുന്നു. കാറില്‍ ചുറ്റിത്തിരിഞ്ഞ് കാസര്‍കോട്ടെത്തിയ സംഘം അന്ന് തന്നെ സ്വര്‍ണങ്ങള്‍ വില്‍പ്പന നടത്തി തുക പങ്കിട്ടെടുക്കുകയും ചെയ്തു. മൂന്ന്, നാല് പ്രതികളെ കൂടി ലഭിച്ചാല്‍ കൂടുതല്‍ കേസ് സംബന്ധിച്ചും മറ്റു കേസുകളുമായുള്ള സംഘത്തിന്റെ ബന്ധത്തെ കുറിച്ച് വ്യക്തമാവുമെന്നും പൊലിസ് പറഞ്ഞു.

രണ്ടാഴ്ചക്കകം സുബൈദ കൊലക്കേസ്  തെളിയിച്ച ജില്ലാ പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി അഭിനന്ദിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, സിഐമാരായ അബ്ദുല്‍ റഹിമാന്‍, വികെ വിശ്വംഭരന്‍, സികെ സുനില്‍കുമാര്‍, ബേക്കല്‍ എസ്.ഐ വിപിന്‍, മധുമദന്‍ അടങ്ങുന്ന 22 അംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വംനല്‍കിയത്.
Next Story

RELATED STORIES

Share it