സുനിലിനെ പോലിസ് മര്‍ദിച്ചിട്ടില്ലെന്ന് രാജേഷ്‌

കോട്ടയം: ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ സുനില്‍കുമാറിനൊപ്പം പോലിസ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ചെങ്ങന്നൂര്‍ സ്വദേശി രാജേഷില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. സുനില്‍കുമാറിനെ പോലിസ് ഭീഷണിപ്പെടുത്തുകയോ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് രാജേഷ് മൊഴിനല്‍കി.
ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന്‍ പി പടന്നയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ തിരുവല്ലയിലെത്തിയാണ് രാജേഷിന്റെ മൊഴിയെടുത്തത്. സുനില്‍കുമാറും ഭാര്യ രേഷ്മയുമെത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് രാജേഷും സ്‌റ്റേഷനിലെത്തിയത്. ഇരുവരും ചേര്‍ന്നാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന സംശയത്തിന്റെ പേരിലായിരുന്നു രാജേഷിനെയും വിളിച്ചുവരുത്തിയത്. താന്‍ പോവുന്നതുവരെ സുനിലിനെ മര്‍ദിച്ചിട്ടില്ലെന്നും അതിന് ശേഷം നടന്ന കാര്യങ്ങള്‍ അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് രാജേഷ് പറഞ്ഞു.
രാജേഷിന്റെ ഭാര്യയെയും തിരുവല്ല സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലിസ് മൊഴിരേഖപ്പെടുത്തി. അടുത്ത ദിവസം പരാതിക്കാരനായ സജികുമാറില്‍ നിന്നും എസ്‌ഐ ഷെമീര്‍ഖാനില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാണ് പോലിസിന്റെ നീക്കം. മരിച്ച രേഷ്മയുടെ ആത്മഹത്യാക്കുറിപ്പില്‍ പോലിസ് പീഡനം മൂലമാണ് തങ്ങള്‍ ആത്മഹത്യചെയ്യുന്നതെന്നാണ് എഴുതിയിരുന്നത്. സുനിലിന്റെ ഭാര്യ രേഷ്മ എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം പരിശോധിക്കും.
സുനില്‍കുമാര്‍ സ്‌റ്റേഷനിലുണ്ടായിരുന്ന സമയത്ത് അവിടെയുണ്ടായിരുന്നവരുടെയും മൊഴിയെടുക്കും. കൂടാത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. പരാതിക്കാരനായ സജികുമാറിനെയും അന്വേഷണസംഘം ചോദ്യംചെയ്യും. രാജേഷ് എത്തുന്നതിന് മുമ്പ് സുനില്‍കുമാറിനെ പോലിസ് മര്‍ദിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
Next Story

RELATED STORIES

Share it