palakkad local

സീബ്രാലൈന്‍ മായുന്നു; കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണി

പട്ടാമ്പി: മുഴുവന്‍ സ്ഥലത്തും നടപ്പാതയില്ലാത്തതും റോഡിലെ സീബ്രാലൈന്‍ മാഞ്ഞതും പട്ടാമ്പി നഗരത്തിലെത്തുന്ന കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാവുന്നു. ബസ് സ്റ്റാന്റു മുതല്‍ റെയില്‍വേ കമാനം വരെ കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് യാത്രചെയ്യുന്നത്. വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നതിനിടയിലൂടെ വേണം ഇവര്‍ക്ക് സഞ്ചരിക്കാന്‍.
വര്‍ഷങ്ങള്‍ക്കുമുമ്പ് നഗരത്തിലെ റോഡ് നവീകരണത്തിന്റെ ഭാഗമായി മേലേ പട്ടാമ്പി മുതല്‍ കമാനം വരെയുള്ള റോഡില്‍ നടപ്പാത സ്ഥാപിച്ച് ഇഷ്ടിക വിരിച്ചിരുന്നു. എന്നാല്‍, റോഡിന്റെ വീതിക്കുറവ്, കൈയേറ്റം തുടങ്ങിയ കാരണങ്ങളാല്‍ കമാനം മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്ത് നടപ്പാത സ്ഥാപിച്ചില്ല. ഉള്ള നടപ്പാതയാണെങ്കില്‍ വ്യാപാരസ്ഥാപനങ്ങള്‍ കൈയേറിയ സ്ഥിതിയാണ്. കടകളിലെ സാധനങ്ങള്‍ മുഴുവന്‍ ഇറക്കിവെക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കായുള്ള നടപ്പാതയിലേക്കാണ്. ഇതൊക്കെ ചാടിക്കടന്ന് വേണം നടക്കാന്‍.
നഗരത്തില്‍ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും മാഞ്ഞുപോയ സ്ഥിതിയാണ്. സീബ്രാലൈന്‍ കാണാതായതോടെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്കായി വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുന്നതും ഇല്ലാതായി. വാഹനങ്ങള്‍ പായുന്നതിനിടയിലൂടെ വേണം കാല്‍നടയാത്രക്കാര്‍ക്ക് റോഡിനപ്പുറത്തെത്താന്‍. ഗുരുവായൂര്‍ റോഡ് ജങ്ഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, സ്‌കൂള്‍ പരിസരങ്ങള്‍, എസ്ബിഐ ജങ്ഷന്‍, പോലിസ് സ്‌റ്റേഷന് മുന്‍വശം, മേലേ പട്ടാമ്പി എന്നിവിടങ്ങളിലെ സീബ്രാലൈന്‍ എല്ലാം മാഞ്ഞുപോയ സ്ഥിതിയാണ്. സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സമയം അനുവദിച്ചിട്ടില്ല. തിരക്കേറിയ സമയങ്ങളില്‍ ഏറെസമയം കാത്തുനിന്നാലാണ് റോഡ് മുറിച്ചുകടക്കാനാവുക. പ്രായം ചെന്നവരാണ് ഇതില്‍ ഏറെ പ്രയാസമനുഭവിക്കുന്നത്. റോഡ് സേഫ്റ്റി ഫണ്ടിലാണ് റോഡിലെ സുരക്ഷാമാര്‍ഗങ്ങള്‍ സ്ഥാപിക്കേണ്ടതും പുനരുദ്ധരിക്കേണ്ടതും. ഇതിനായി എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ട്.
ഇതനുവദിച്ചുകിട്ടിയാല്‍ സീബ്രാലൈനടക്കമുള്ളവ പുതുക്കാനാവും. പട്ടാമ്പികുളപ്പുള്ളി ഐപിടി റോഡ് വികസനപദ്ധതി വരുന്നതോടെ പട്ടാമ്പി നഗരത്തില്‍ 10.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോടുകൂടിയ റോഡാവും. സപ്തംബറോടെ പദ്ധതി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it