World

സിറിയക്കു നേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം; ഒമ്പതുപേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ ഇസ്രായേല്‍ നടത്തിയ രണ്ടു മിസൈല്‍ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ദമസ്‌കസിനടുത്തുണ്ടായ ആക്രമണത്തില്‍ സര്‍ക്കാര്‍ സഖ്യത്തിന്റെ സൈനികരാണ് കൊല്ലപ്പെത്.
അസദ് സര്‍ക്കാരിനെ സഹായിക്കുന്ന ഇറാന്‍ വിപ്ലവ ഗാര്‍ഡ്‌സിന്റെ സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടുമെന്നു സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എസ്ഒഎച്ച്ആര്‍) അറിയിച്ചു. ക്വിസ്വേയിലെ ഇറാന്‍ വിപ്ലവ  ഗാര്‍ഡ്‌സിന്റെ ആയുധശേഖരത്തെയും റോക്കറ്റ് ലോഞ്ചറുകളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് എസ്ഒഎച്ച്ആര്‍ പറയുന്നത്.
ഇറാനുമായുള്ള ആണവകരാറില്‍ നിന്നു ട്രംപ് പിന്‍മാറിയതിനു പിന്നാലെയാണ് സിറിയയിലേക്ക് ഇസ്രായേല്‍ മിസൈലുകള്‍ വര്‍ഷിച്ചത്. ട്രംപിന്റെ പ്രഖ്യാപനം കഴിഞ്ഞു രണ്ടു മണിക്കൂറിനു ശേഷമാണ് സിറിയന്‍ മാധ്യമങ്ങള്‍ ആക്രമണവാര്‍ത്ത പുറത്തുവിട്ടത്.
സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് തെക്ക് കിസ്വേ ലക്ഷ്യമാക്കി രണ്ടു മിസൈലുകളാണ് ഇസ്രായേല്‍ തൊടുത്തുവിട്ടതെന്നു സിറിയയുടെ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചു തടഞ്ഞതായി സിറിയ അവകാശപ്പെട്ടു.
സിറിയയിലെ ഇറാന്റെ സൈനിക താവളങ്ങള്‍ക്കു നേര്‍ക്കു മുമ്പും പലതവണ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം നടന്ന ആക്രമണത്തില്‍ ഏഴ് ഇറാന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it