Flash News

സിമി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന 21 തടവുകാര്‍ക്ക് ജയിലില്‍ പീഡനം

സിമി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന 21 തടവുകാര്‍ക്ക്  ജയിലില്‍ പീഡനം
X


ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട സിമിയിലെ അംഗങ്ങളെന്നു സംശയിക്കുന്ന വിചാരണത്തടവുകാരെ ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ പീഡിപ്പിക്കുന്നതായും അവര്‍ക്കു ചികില്‍സ നിഷേധിക്കുന്നതായും കുടുംബങ്ങള്‍. അവര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.സിമി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന 29 പേരായിരുന്നു ജയിലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ എട്ടുപേര്‍ 2016 ഒക്ടോബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആ കേസ് അന്വേഷണത്തിലാണ്. ജയിലിലെ സുരക്ഷാ ഭടനെ വധിച്ച് രക്ഷപ്പെട്ട സിമി പ്രവര്‍ത്തകര്‍ പിന്നീട് ഏറ്റുമുട്ടലില്‍ മരിച്ചുവെന്നാണ് മധ്യപ്രദേശ് പോലിസ് അവകാശപ്പെട്ടത്. എട്ടുപേരുടെ മരണത്തിനു ശേഷമാണ് ബാക്കിയുള്ളവര്‍ക്കെതിരേ ജയിലില്‍ പീഡനം തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ജാവദ്, മുഹമ്മദ് ആദില്‍, മുഹമ്മദ് സുബൈര്‍ എന്നിവരുടെ ബന്ധുക്കളാണു ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. അപേക്ഷയില്‍ സാമൂഹിക പ്രവര്‍ത്തകരായ എന്‍ ഡി പഞ്ചോളി (പിയുസിഎല്‍), മനീഷ സേഥി (ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍), മാത്യു ജേക്കബ് (പീപ്പിള്‍സ് വാച്ച്), അന്‍സാര്‍ ഇന്ദോരി (എന്‍സിഎച്ച്ആര്‍ഒ) എന്നിവര്‍ ഒപ്പുവച്ചു. ചട്ടപ്രകാരം രണ്ടാഴ്ച കൂടുമ്പോള്‍ 20 മിനിറ്റ് നേരം തടവുകാരനുമായി കൂടിക്കാഴ്ച നടത്താം. എന്നാല്‍ തന്റെ ഭര്‍ത്താവിനെ കാണാന്‍ അഞ്ച് മിനിറ്റ് മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ആദിലിന്റെ ഭാര്യ ഫര്‍സാന പരാതിപ്പെട്ടു.  മര്‍ദിക്കുന്നതായി മറ്റൊരു തടവുകാരനായ മുഹമ്മദ് ഇക്‌രാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ മജിസ്‌ട്രേറ്റിനെയും അറിയിച്ചു. തന്റെ താടിരോമങ്ങള്‍ ബലമായി മുറിച്ചുവെന്നും ഇസ്‌ലാമിക വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പറഞ്ഞു. ജയിലിലെ സ്ഥിതിഗതികള്‍ പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മജിസ്‌ട്രേറ്റിനെ ഇക്‌രാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റിനോട് വിവരം പറഞ്ഞതിനാല്‍ ഇക്‌രാറിനെ വീണ്ടും മര്‍ദിച്ചതായി ജയില്‍ സന്ദര്‍ശിച്ച ബന്ധു ഇമാനൂര്‍ റഹ്മാന്‍ പറഞ്ഞു. ജയ് ശ്രീറാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് തടവുകാരനായ അബൂ ഫസലും പറഞ്ഞു.തടവുകാരെ മര്‍ദിക്കുന്നതു സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഇപ്പോള്‍ നടക്കുന്ന വിചാരണ മുതിര്‍ന്ന അഭിഭാഷകന്റെ നിരീക്ഷണത്തിലാവണമെന്നുമാണ് ആവശ്യം. പരാതിയുടെ അടിസ്ഥാനത്തില്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്.
Next Story

RELATED STORIES

Share it