thiruvananthapuram local

സിപിഎം നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ഇടവക്കോട് സാജുവിനെ(49) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. ചെറുവയ്ക്കല്‍ ഇളംകുളം മഠത്തുനട താഴത്തുവിളാകം രമ്യാ ഭവനില്‍ സുമേഷ്(25), ഇടവക്കോട് കല്ലംപള്ളി വിനായകനഗര്‍ കൃഷ്ണവിലാസം വീട്ടില്‍ ജയശങ്കര്‍(26), ഇടവക്കോട് കരമ്പുക്കോണം ക്ഷേത്രത്തിനു സമീപം ആദിത്യനഗര്‍ പറയ്‌ക്കോട് പുത്തന്‍വീട്ടില്‍ വിക്കിയെന്നു വിളിക്കുന്ന വിഘ്‌നേഷ്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30ന് ഇടവക്കോട് ജങ്ഷനു സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ ഏഴോളം ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തിയ സംഘം സാജുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ സാജു ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലെ ന്യൂറോ സര്‍ജറി ഐസിയുവില്‍ ചികില്‍സയിലാണ്. അറസ്റ്റിലായ സുമേഷ് ആര്‍എസ്എസ് ശ്രീകാര്യം ഉപനഗര്‍ ശാരീരിക് പ്രമുഖും ജയശങ്കര്‍ കല്ലംപള്ളി ശാഖയിലെ മുഖ്യശിക്ഷകും വിഘ്‌നേഷ് ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയും ആര്‍എസ്എസ് ബസ്തി കാര്യവാഹകുമായ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയതിലും കഴിഞ്ഞദിവസം ഇടവക്കോട് ജങ്ഷനില്‍ വച്ചു നടന്ന വഞ്ചിയൂര്‍ ഏരിയാ സമ്മേളനം വിപുലമായി നടത്തി വിജയിപ്പിച്ചതിന്റെയും വിരോധത്തിലാണ് സാജുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം നടന്നത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചും പോലിസ് അന്വേഷണം നടത്തുന്നതിനിടയില്‍ കഴിഞ്ഞദിവസം നടന്ന വാഹനപരിശോധനയ്ക്കിടെ ഇവര്‍ പിടിക്കപ്പെടുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്കും ആയുധങ്ങളും പോലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെകുറിച്ചും അന്വേഷണം നടത്തിവരികയാണെന്ന് കഴക്കൂട്ടം സൈബര്‍സിറ്റി എസി അനില്‍കുമാര്‍ പറഞ്ഞു.മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാര്‍, ശ്രീകാര്യം എസ്‌ഐ സനോജ്, സിറ്റി ഷാഡോ എസ്‌ഐ സുനിലാല്‍, ഷാഡോ ടീമംഗങ്ങള്‍, പോലിസ് ഉദ്യോഗസ്ഥരായ ഖാദര്‍, അനില്‍, ബിനു, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it