Flash News

സാനിറ്ററി പാഡുകള്‍ക്ക് ഇനി നികുതി നല്‍കേണ്ട

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി പരിധിയില്‍ നിന്നു സാനിറ്ററി പാഡുകള്‍ അടക്കം ഏതാനും ഉല്‍പന്നങ്ങളെ ഒഴിവാക്കി. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പാദരക്ഷകള്‍, ചെറിയ ടെലിവിഷനുകള്‍, റഫ്രിജറേറ്റര്‍, ലിഥിയം അയേണ്‍ ബാറ്ററി, മിക്‌സി, ഗ്രൈന്‍ഡര്‍, ഹെയര്‍ ഡ്രൈയര്‍, വാക്വം ക്ലീനറുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കാനും യോഗത്തില്‍ തീരുമാനമായി. ജിഎസ്ടി പ്രകാരം സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതിയേര്‍പ്പെടുത്തിയ തീരുമാനം ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ആര്‍ത്തവത്തിന് രാജ്യത്ത് 12 ശതമാനം നികുതി നല്‍കേണ്ടിവരുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ച് വനിതാ സംഘടനകള്‍  പ്രതിഷേധിച്ചിരുന്നു. നേരത്തേ 12 ശതമാനം നികുതിയാണ് നാപ്കിന് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, നികുതി ഒഴിവാക്കിയതോടെ നാപ്കിനുകളുടെ വില കുറയുമോ എന്നതില്‍ വ്യക്തതയില്ല. കല്ല്, മാര്‍ബിള്‍, മരം എന്നിവകൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങള്‍, ലോഹങ്ങള്‍ ഉപയോഗിക്കാത്ത രാഖികള്‍, വിറ്റമിന്‍ ഡി ചേര്‍ത്ത പാല്‍, റിസര്‍വ് ബാങ്ക് വിതരണം ചെയ്യുന്ന സ്മരണാത്മകമായ കോയിനുകള്‍, ഇലകള്‍ ഉപയോഗിച്ചുള്ള പാത്രങ്ങള്‍ എന്നിവയെയാണ് നികുതിയില്‍ നിന്ന് ഒഴിവാക്കിയത്.
കൈത്തറി സാരികള്‍, രാസവളങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഫോസ്‌ഫോറിക് ആസിഡ് എന്നിവയുടെ നികുതി 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി. ലിഥിയം അയേണ്‍ ബാറ്ററി, റഫ്രിജറേറ്റര്‍, വാക്വം ക്ലീനറുകള്‍, മിക്‌സി, ഗ്രൈന്‍ഡര്‍ എന്നിവയുടെ നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി. സ്‌റ്റോറേജ് വാട്ടര്‍ ഹീറ്ററുകള്‍, ഷേവര്‍, മുടിപിന്നുകള്‍, വാട്ടര്‍ കൂളര്‍, ഇസ്തിരിപ്പെട്ടികള്‍, ഐസ്‌ക്രീം ഫ്രീസര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പെയിന്റ്, വാര്‍ണിഷ് എന്നിവയുടെ നികുതിയും 28ല്‍ നിന്ന് 18 ശതമാനമാക്കി . എണ്ണക്കമ്പനികള്‍ക്കുള്ള എഥനോ ള്‍ സോളിഡിന്റെ നികുതി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു.
ഇറക്കുമതി ചെയ്യുന്ന യൂറിയയ്ക്കും  ഇ-പുസ്തകങ്ങ ക്കും നികുതി അഞ്ചു ശതമാനമാക്കി. മുള ഉല്‍പന്നങ്ങള്‍ക്ക് നികുതി 12 ശതമാനമാക്കി. അഞ്ചു കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ ഇനിമുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയലാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. 28 ശതമാനത്തിന്റെ സ്ലാബ് ഒഴിവാക്കി 18 ശതമാനമാക്കി മാറ്റിയത് 6,000 കോടിയുടെ വരുമാന നഷ്ടമുണ്ടാവുമെന്ന് അസം ധനകാര്യ മന്ത്രി ഹിമന്ദാ ബില്‍വാ ശര്‍മ പറഞ്ഞു. അടുത്തമാസം നാലിന് ജിഎസ്ടി കൗണ്‍സില്‍ വീണ്ടും യോഗം ചേരും. ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായ മേഖലയ്ക്കാണ് യോഗത്തില്‍ ഊന്നല്‍ നല്‍കിയതെന്നു പിയൂഷ് ഗോയല്‍ പറഞ്ഞു. അഞ്ചു കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത് ലഘൂകരിച്ചതിനാല്‍ രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങള്‍ക്കും മൂന്നുമാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. കേരളത്തെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥാണ് യോഗത്തില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it