Kottayam Local

സംസ്ഥാന ബജറ്റിലും റബര്‍ മേഖലയെ തഴഞ്ഞു

കോട്ടയം: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാന ബജറ്റിലും റബര്‍ മേഖലയ്ക്ക് കടുത്ത അവഗണന. വന്‍തോതിലുള്ള വിലയിടിവിനെത്തുടര്‍ന്ന് നട്ടംതിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് സഹായകരമാവുന്ന യാതൊരു പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കാത്തത് മേഖലയെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. കേന്ദ്ര ബജറ്റിലാവട്ടെ റബര്‍ ബോര്‍ഡിന് 146.62 കോടി രൂപ മാത്രമാണ് അനുവദിക്കുകയുണ്ടായത്. 1,400 ഉദ്യോഗസ്ഥരുടെ ശമ്പളം, ആനുകൂല്യം, ഗതാഗതം, വാടക എന്നിവയ്ക്കു മാത്രം വേണം ബോര്‍ഡിന് 140 കോടി രൂപ. ഗവേഷണത്തിനും കൃഷിവ്യാപനത്തിനും ചെലവഴിക്കുന്നതിന് പണം ബാക്കിയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റബര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പ്രോല്‍സാഹിപ്പിക്കുന്നതിനായി സിയാല്‍ മാതൃകയില്‍ ഒരു കമ്പനി രൂപീകരിക്കുമെന്നതാണ് ബജറ്റിലെ പ്രഖ്യാപനം. പത്തനംതിട്ടയിലും കോട്ടയത്തും റബര്‍ പാര്‍ക്കുകളും ചങ്ങനാശ്ശേരിയിലെ സിഎഫ്എസ്‌സിയില്‍ റബറധിഷ്ടിത വ്യവസായങ്ങള്‍ക്കായി ഒരു ഇന്‍കുബേഷന്‍ സെന്ററും സ്ഥാപിക്കും. ഭാവിയുടെ വാഹനമായ ഇ- വെഹിക്കിള്‍സ് നിര്‍മിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ കേരള ഓട്ടോമൊബൈ ല്‍സ് ലിമിറ്റഡില്‍ ഏര്‍പ്പെടുത്തുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. റബര്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നത് നേരത്തെയുള്ള പ്രഖ്യാപനമാണ്. അതേസമയം, മുന്‍കാലങ്ങളിലെ സംസ്ഥാന ബജറ്റുകളില്‍ റബര്‍ മേഖലയുടെ വികസനത്തിനും സംരക്ഷണത്തിനും സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലയിടിവ് നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ റബര്‍ വിലസ്ഥിരതാ ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായി നിശ്ചിത തുകയും നീക്കിവയ്ക്കുകയുണ്ടായി. എന്നാല്‍, റബര്‍ വിലസ്ഥിരതാ ഫണ്ടിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടാതിരുന്നത് കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയ്ക്ക് ആശ്വാസകരമായ പദ്ധതികളൊന്നുംതന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. എംജി സര്‍വകലാശാലയ്ക്ക് 25 കോടി അനുവദിച്ചുവെന്നതാണ് പ്രധാന പ്രഖ്യാപനം. കോട്ടയത്തെ ട്രാവന്‍കൂര്‍ സിമന്റ്‌സ് പ്ലാന്റ് നവീകരണത്തിന് 10 കോടി അനുവദിക്കും. സംസ്ഥാന ലഹരിവര്‍ജന മിഷന്‍ പദ്ധതിയുടെ ഭാഗമായി കോട്ടയം പാലാ ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന് ഡി അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങുമെന്നും ബജറ്റില്‍ പറയുന്നു. എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം ആരംഭിക്കുന്നതിനുള്ള പദ്ധതി തുടരുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. എന്നാല്‍, സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന കോട്ടയം ജില്ലയുടെ വിനോദസഞ്ചാര വികസനത്തിന് ബജറ്റില്‍ യാതൊരു പരിഗണനയും നല്‍കാത്തതും ശക്തമായ പ്രതിഷേധത്തിനിടയായിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ കുമരകത്തെ പ്രത്യേക ടൂറിസം കേന്ദ്രമായി ഉയര്‍ത്താന്‍ പണം അനുവദിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. അതേസമയം, സംസ്ഥാന ബജറ്റിലാവട്ടെ കോട്ടയത്തെ വിനോദസഞ്ചാര മേഖലയെ ധനമന്ത്രി കണ്ടില്ലെന്ന മട്ടാണ്. രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന ജില്ലയില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. സംസ്ഥാന ബജറ്റിലാവട്ടെ റോഡുവികസനത്തിന് കാര്യമായ പണമൊന്നും നീക്കിവയ്ക്കാത്തതും വ്യാപകവിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it