malappuram local

സംസ്ഥാനപാതയോരത്തെ വീടുകളിലും കടകളിലും മോഷണം പതിവ്

എടപ്പാള്‍: സംസ്ഥാനപാതയില്‍ എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയില്‍ മോഷണം തുടര്‍ക്കഥയാകുന്നു. പാതയോരത്തെ വ്യാപാര സ്ഥാപനങ്ങള്‍ കുത്തിതുറന്ന് പണവും സാധനങ്ങളും കടത്തുന്നത് വ്യാപകമാണ്. വീടുകളുടെ മുറ്റത്ത് നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കഴിഞ്ഞ ഒരു വര്‍ഷത്തിനകം അര ഡസനിലധികമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം പുള്ളുവന്‍ പടിയിലെ ചക്കായില്‍ മുഹമ്മദ് കുട്ടിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 54 സി 4094 നമ്പറിലുള്ള ഹീറോ സ്‌കൂട്ടര്‍ മോഷണം പോയി. രണ്ട് മാസം മുന്‍പാണ് എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും വിലകൂടിയ മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളും ലാപ് ടോപ്പും മോഷണം പോയത്. അടിക്കടിയുണ്ടാകുന്ന ഇത്തരം മോഷണ പരമ്പര ജനങ്ങളില്‍ ഭീതിയുയര്‍ത്തിയിരിക്കയാണ്.
ഹൈവേ പോലിസിന്റെ രാത്രികാല പട്രോളിംഗ് സംസ്ഥാന പാതയില്‍ ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. റോഡോരത്തെ പറമ്പുകളില്‍ നിര്‍ത്തിയിടുന്ന ടൂറിസ്റ്റ് ബസുകളടക്കമുള്ള വാഹനങ്ങളും ബാറ്ററികള്‍ മോഷ്ടിക്കുന്നതും ഡീസല്‍ ടാങ്കുകളില്‍ നിന്നും ഡീസല്‍ ചോര്‍ത്തിയെടുക്കുന്നതും നിത്യ സംഭവമാണ്.
രാത്രി സമയങ്ങളില്‍ റോഡോരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലാണ് മോഷ്ടാക്കള്‍ എത്തുന്നത്. വാഹനങ്ങളെ ശ്രദ്ധിക്കുന്നതിന് ഇടക്കിടെ ഹൈവേ പോലിസിന്റെ പട്രോളിംഗ് സഹായകരമാകും.
Next Story

RELATED STORIES

Share it