ഷിഗെല്ല ബാക്റ്റീരിയ ജാഗ്രത വേണം

നിപാ്ക്ക്് പിന്നാലെ കേരളത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഷിഗെല്ല ബാക്റ്റീരിയ വഴിയുണ്ടാവുന്ന വയറിളക്കം. സാധാരണ വയറിളക്കമായി കണ്ട് വിദഗ്ധ ചികില്‍സ വൈകുന്നതാണ് ഷിഗെല്ല കാരണമുണ്ടാവുന്ന മരണത്തിന് വഴിവയ്ക്കുന്നത്.
മനുഷ്യശരീരത്തിലെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ജലജന്യ രോഗമാണ് ഷിഗെല്ലോസിസ്. ഇ -കോളി ബാക്റ്റീരിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബാക്റ്റീരിയ വര്‍ഗമാണ് ഷിഗെല്ല. 1897ല്‍ ബാക്റ്റീരിയയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ കിയോഷി ഷിഗയുടെ പേരില്‍ നിന്നാണ് ഷിഗെല്ല എന്ന പേര് ലഭിക്കുന്നത്.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഇതു പകരുന്നത്. ഷിഗെല്ല ബാക്റ്റീരിയ പുറത്തുവിടുന്ന വിഷം കുടലുകളെ ശോഷിപ്പിക്കും. അതിനാല്‍ കുടല്‍ കരണ്ട് തിന്നുന്ന ബാക്റ്റീരിയ എന്നും ഷിഗെല്ല അറിയപ്പെടുന്നു. കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്റ്റീരിയ തിന്നുന്നതോടെയാണ് മലത്തിനൊപ്പം രക്തവും പഴുപ്പും കഫവും ഉണ്ടാവുന്നത്. ഫലപ്രദമായ ചികില്‍സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗാണു തലച്ചോറിനെയും വൃക്കയെയും ബാധിക്കും. ഇതാണ് മരണത്തിന് ഇടയാക്കുന്നത്. ഒപ്പം നിര്‍ജലീകരണം വന്നും മരണം സംഭവിക്കാം. കുട്ടികളിലാണു രോഗസാധ്യത കൂടുതല്‍. ചെറിയ കുട്ടികള്‍ ഇടയ്ക്കിടെ കൈവിരലുകള്‍ വായിലിടുന്നത് രോഗാണു ശരീരത്തിനകത്ത് വേഗത്തിലെത്താന്‍ കാരണമാവും.  അതിനാല്‍ കുട്ടികളുടെ നഖം കൃത്യമായി വെട്ടി ഒതുക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ കൈകഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. കൂടാതെ ഇതിന്റെ അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. മലവിസര്‍ജനം കഴിഞ്ഞ് കൈ വൃത്തിയാക്കാതെ ഭക്ഷണം പാകംചെയ്യുന്നതുകൊണ്ടും ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാണ് അസുഖം വരുന്നത്.  മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കു വരുന്നതോടെ രോഗം മൂര്‍ച്ഛിക്കും. വയറിളക്കത്തിന് പുറമേ വയറുവേദനയും ഛര്‍ദ്ദിയും ശ്വാസതടസ്സവും മലവിസര്‍ജനത്തിനിടെ വേദനയും ശരീരത്തിന് ചൂടു കൂടുകയും ചെയ്യുന്നു. ഈച്ചകളിലൂടെയും കുട്ടികളുടെ ഡയപ്പറുകള്‍ മാറ്റുമ്പോഴും രോഗാണു പടരാം.അഞ്ചു മുതല്‍ ഏഴു ദിവസം വരെ സാധാരണയായി ലക്ഷണങ്ങള്‍ കാണും. മലപരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്.
മലത്തിലൂടെ രക്തം പോവുക, മലവിസര്‍ജനം ഇടയ്ക്കിടെയുണ്ടാവുക, മലം ഇളകിപ്പോവുക, വയറുവേദന, ക്ഷീണം എന്നിവയാണ് ലക്ഷണം. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെന്ന് പറഞ്ഞല്ലോ. അതിനാല്‍ തന്നെ സാധാരണ വയറിളക്കമാണെന്നു കരുതി ചികില്‍സ വൈകാന്‍ ഇടനല്‍കരുത്. സാധ്യമായ വേഗത്തില്‍ വിദഗ്ധ ചികില്‍സ തേടുക എന്നതാണ് പ്രധാന പരിഹാരമാര്‍ഗം. =
Next Story

RELATED STORIES

Share it