Editorial

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി

മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തില്‍ നിന്നു ശ്രീലങ്ക കരകയറിയിട്ട് അധികം നാളുകളായിട്ടില്ല. രാജ്യത്തെ പ്രബല വിഭാഗങ്ങളായ സിംഹളരും തമിഴരും തമ്മില്‍ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളില്‍ നിന്നു രാജ്യം ഇനിയും മോചനം നേടിയിട്ടുമില്ല. പക്ഷേ, ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ സുപ്രധാനമായ ഒരു ചുവടുവയ്പായിരുന്നു 2015ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പുതിയ ഭരണകൂടം. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും നയിക്കുന്ന പ്രധാന കക്ഷികള്‍ യോജിച്ചുനിന്നാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഒരു പതിറ്റാണ്ടിലേറെ കാലം ശ്രീലങ്കയെ നയിച്ച മഹീന്ദ രാജപക്‌സെയെ പുറത്താക്കിക്കൊണ്ടാണ് പുതിയ ഭരണകൂടം അധികാരത്തിലെത്തിയത്.
എന്നാല്‍, അസാധാരണവും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രി വിക്രമസിംഗെയെ സ്ഥാനത്തുനിന്നു പുറത്താക്കി പകരം മുന്‍ പ്രതിയോഗി രാജപക്‌സെയെ ആ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുകയാണ്. വിക്രമസിംഗെ സ്ഥാനത്തുനിന്നു മാറാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല, ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ സ്പീക്കര്‍ കരു ജയസൂര്യ പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത് വിശ്വാസപ്രമേയം വോട്ടിനിടണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ടു തെരുവിലെ ഏറ്റുമുട്ടലിലേക്കു നീങ്ങാനുള്ള സാധ്യതകള്‍ വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെയും പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുടെയും അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടി വെടിവയ്പുണ്ടായത് അത്തരത്തിലുള്ള ഒരു സംഭവം മാത്രമാണ്.
പ്രധാനമന്ത്രിയെ ഏകപക്ഷീയമായി പുറത്താക്കാനുള്ള സിരിസേനയുടെ തീരുമാനത്തിനു ഭരണഘടനാപരമായ അടിത്തറയുണ്ടോ എന്ന കാര്യം സംശയമാണ്. ശ്രീലങ്കയിലെ 225 അംഗ പാര്‍ലമെന്റില്‍ തനിക്കും മന്ത്രിസഭയ്ക്കും ഇപ്പോഴും ഭൂരിപക്ഷ പിന്തുണയുണ്ടെന്നാണ് റനില്‍ വിക്രമസിംഗെ അവകാശപ്പെടുന്നത്. എന്നാല്‍, പാര്‍ലമെന്റില്‍ ശക്തി തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശവാദം നിഷേധിച്ചുകൊണ്ട് പാര്‍ലമെന്റ് താല്‍ക്കാലികമായി മരവിപ്പിച്ചുനിര്‍ത്തിയിരിക്കുകയാണ് പ്രസിഡന്റ് സിരിസേന.
സിരിസേനയും വിക്രമസിംഗെയും തമ്മിലുള്ള ബന്ധങ്ങള്‍ കുറേക്കാലമായി വഷളായിവരുകയായിരുന്നു എന്നതു സത്യമാണ്. ഏതാനും ദിവസം മുമ്പ് തനിക്കെതിരേ ഒരു മന്ത്രിസഭാംഗം അടക്കം ചില ഉന്നതര്‍ ചേര്‍ന്നു വധഗൂഢാലോചന നടത്തിയെന്ന് പ്രസിഡന്റ് ആരോപണം ഉന്നയിക്കുകയുണ്ടായി. ശ്രീലങ്കന്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ബോണ്ടുകള്‍ സംബന്ധിച്ച അഴിമതിയാരോപണങ്ങളും പ്രസിഡന്റിന്റെ കടുത്ത നീക്കങ്ങള്‍ക്കു കാരണമായി പറയപ്പെടുന്നു. പക്ഷേ, അതൊന്നും ജനാധിപത്യവിരുദ്ധമായ ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് യാതൊരു ന്യായീകരണവും നല്‍കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജപക്‌സെയെ പുറത്താക്കിയ ജനഹിതത്തെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സിരിസേന നടത്തിയിരിക്കുന്നത്. അത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ജനാധിപത്യപരമായ അധികാരമാറ്റത്തിനു കളമൊരുക്കാന്‍ പാര്‍ലമെന്റ് ഉടനെ വിളിച്ചുചേര്‍ക്കുകയും വിക്രമസിംഗെക്ക് വിശ്വാസവോട്ടു തേടാനുള്ള അവസരം നല്‍കുകയുമാണ് അദ്ദേഹം ചെയ്യേണ്ടത്.



Next Story

RELATED STORIES

Share it