malappuram local

ശുദ്ധജല ക്ഷാമം: ബണ്ടുകളില്‍ വെള്ളം സംഭരിക്കാന്‍ തുടങ്ങി

പൊന്നാനി: ശുദ്ധജല ക്ഷാമത്തെ നേരിടാന്‍ ബണ്ടുകളില്‍ വെള്ളം സംഭരിക്കല്‍ തുടങ്ങി. വേനല്‍ച്ചൂടില്‍ മേഖലയിലെ ജലസ്രോതസുകള്‍ വറ്റിത്തുടങ്ങുമ്പോള്‍ പൊന്നാനി കോള്‍മേഖലകള്‍ ഉള്‍പ്പെടുന്ന  പഞ്ചായത്തുകളിലെയും കുന്നംകുളം നഗരസഭയിലെയും താഴ്ന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് നടപടി ഒരു പരിധിവരെ പരിഹാരമാകും ബണ്ടുകളിലെ ജലസംഭരണം.
ഇറിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വെള്ളം സംഭരിച്ചു വയ്ക്കുന്ന കോള്‍മേഖലയിലുള്‍പ്പെട്ട  തിരുത്തിക്കാട്, ഒതുളൂര്‍ ബണ്ടുകളാണ് സമീപത്തെ കിണറുകളിലെയും കുളങ്ങളിലേയും നീരൊഴുക്ക് നിലനിറുത്തി വരള്‍ച്ചയെ പ്രതിരോധിക്കുന്നത്.ഒതുളൂര്‍ ബണ്ടിലേക്കുള്ള പമ്പിങ് നിലവില്‍ തുടരുകയാണ്.
ഇവിടെ വെള്ളം നിറയുന്നതോടെ തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്തുകള്‍ക്കും മലപ്പുറം ജില്ലയിലെ ആലംങ്കോട് പഞ്ചായത്തിനും പാലക്കാട് ജില്ലയിലെ ചാലിശേരി പഞ്ചായത്തിനും ശുദ്ധജലക്ഷാമത്തിന് വലിയൊരളവില്‍ പരിഹാരമാകും.
പോര്‍ക്കുളം തിരുത്തിക്കാട് ബണ്ടില്‍ പമ്പിങ് പൂര്‍ത്തിയായതുമൂലം കുന്നംകുളം നഗരസഭ, പോര്‍ക്കുളം പഞ്ചായത്ത് എന്നിവിടങ്ങളിലെ വീടുകളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന വെള്ളം കൃഷിക്ക് ആവശ്യമുള്ളപ്പോള്‍ കോള്‍പ്പടവുകളിലേക്ക് തുറന്നുവിടാനും കഴിയും.ബണ്ടിലേക്ക് വെള്ളം നിറയ്ക്കുമ്പോള്‍ മാലിന്യപ്രശ്‌നവും വലയ്ക്കുന്നുണ്ട്. ബണ്ടിലേക്ക് വലിച്ചെറിയുന്ന മാലിന്യം ശുദ്ധജല സ്രോതസുകള്‍ക്കും ഭീഷണിയാകുകയാണ്. തിരുത്തിക്കാട് ബണ്ടില്‍ വെള്ളം നിറഞ്ഞതോടെ സമീപത്തെ കുളങ്ങളിലെ വെള്ളത്തിന് നിറം മാറിയിരുന്നു. പല കുളങ്ങളിലും മീനുകള്‍ ചത്തൊടുങ്ങുകയും ചെയ്തു.
ഒതുളൂര്‍ ബണ്ടിലും മാലിന്യം തള്ളുന്നത് പതിവാണ്. ഇറച്ചി മാലിന്യം ഉള്‍പ്പെടെ ചാക്കിലാക്കി തള്ളുകയാണ് ചെയ്യുന്നത്.അയിലക്കാടും സമാനമായ സ്ഥിതിയാണുള്ളത്.ബണ്ടിലേക്ക് മാലിന്യം തള്ളുന്നത് തടയുകയും ജലസ്രോതസുകളെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.
Next Story

RELATED STORIES

Share it