kozhikode local

ശുചിത്വമില്ലാത്ത മൂന്നു കെട്ടിടങ്ങള്‍ അടച്ചുപൂട്ടി; മൂന്നെണ്ണത്തിനു നോട്ടീസ്‌

നാദാപുരം: വൃത്തി ഹീനമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കുത്തി നിറച്ച്് താമസിപ്പിച്ച നാദാപുരം പഞ്ചായത്തിലെ മൂന്ന് കെട്ടിടങ്ങള്‍ അടച്ചു പൂട്ടി. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന മൂന്ന് കെട്ടിട ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസും നല്‍കി.
നാദാപുരം ബസ് സ്റ്റാന്റിന് പിന്‍വശത്തെ ഷെഡും, പോലീസ് സ്റ്റേഷന് പിന്‍വശത്തെ പുതിയോട്ടില്‍ കോര്‍ട്ടേഴ്‌സ്, കല്ലാച്ചിയിലെ പഴയ ട്രഷറിക്കടുത്ത ഐശ്വര്യ കോര്‍ട്ടേഴ്‌സുമാണ് പഞ്ചായത്ത് അധികൃതര്‍ അടച്ച് പൂട്ടിയത്.കഴിഞ്ഞ മാസം ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയില്‍ റൂമുകളില്‍ താമസിപ്പിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ പേരെ താമസിപ്പിക്കുന്നതും, ആവശ്യത്തിന് ശൗചാലയമില്ലാത്തതുമായ കെട്ടിടവും ,കെട്ടിടങ്ങള്‍ക്ക് സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ്് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഉടമകളില്‍ നിന്ന് യാതൊരു നീക്കവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മൂന്ന് കെട്ടിടങ്ങള്‍ അധികൃതര്‍ അടച്ച് പൂട്ടിയത്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കുമ്മങ്കോട് ഭാഗത്ത് പഞ്ചായത്ത് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന മൂന്ന് കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. കുമ്മങ്കോട് ഭജനമഠത്തിന് സമീപത്തെ കെട്ടിട ഉടമ ഭരതന്‍, മലയില്‍, കുമ്മങ്കോട് ടൗണിലെ കെട്ടിട ഉടമയായ സുബൈര്‍ വാണിയൂര്‍ ,കുഞ്ഞബ്ദുല്ല ഹാജി ഇല്ലത്ത് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
ഇവിടങ്ങളില്‍ ഗ്രാമ പഞ്ചായത്തും, ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തൊഴിലാളികളെ താമസിപ്പിച്ചതായി കണ്ടെത്തുകയും, കൂടാതെ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നതായും കണ്ടെത്തി.
ഈ കെട്ടിടങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് സൗകര്യങ്ങളും ശുചിത്വ നിലവാരവും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ഈ കെട്ടിടങ്ങളിലെ താമസക്കാരെ ഏഴ് ദിവസത്തിനകം ഒഴിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കെട്ടിടങ്ങള്‍ പഞ്ചായത്ത് അടച്ച് പൂടുമെന്നും അധികൃതര്‍ പറഞ്ഞു.
നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍ കെ സതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it