Alappuzha local

വീടുകളില്‍ വെള്ളം കയറി; അമ്പലപ്പുഴ പകര്‍ച്ചവ്യാധി ഭീതിയില്‍

അമ്പലപ്പുഴ: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ അമ്പലപ്പുഴ വടക്കു പഞ്ചായത്തില്‍ ഏറെ താഴ്ന്ന പ്രദേശമായ കമ്പിവളപ്പ് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇവിടെ നിരവധി വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്.മഴ തുടര്‍ന്നാല്‍ പല വീടുകള്‍ക്കുള്ളിലും വെള്ളം കയറി താമസ യോഗ്യമല്ലാതാകും.നിലവില്‍പ്രദേശത്തെ റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്.
ഇടറോഡുകള്‍ എല്ലാം തകര്‍ന്ന നിലയിലാണ്. പ്രദേശത്ത് പതിക്കുന്ന മഴവെള്ളം  ഒഴുകി പോകാത്തതാണ് വെള്ളക്കെട്ടിനു പ്രധാന കാരണം. തോടുകള്‍ റോഡായതും വ്യാപകമായ തോടുകയ്യേറ്റവും നീരൊഴുക്കിന് തടസമായി.നേരത്തെ മഴവെള്ളം  പൂക്കൈതയാറിലേക്ക് എത്തിച്ച് പ്രദേശത്തെ വെള്ളകെട്ടില്‍ നിന്ന് സംരക്ഷിച്ചിരുന്ന കാപ്പിതോട്ടിലെ നീരൊഴുക്ക് നിലച്ചതും ഈ പ്രദേശത്തിന് ശാപമായി.ഇതുമൂലം കാപ്പിത്തോട്ടിലെത്തുന്ന മലിനജലം താഴ്ന്ന പ്രദേശമായ കമ്പിവളപ്പിലേക്കാണ് ഒഴുകിയെത്തുന്നത്. ഇവിടങ്ങളില്‍ വീട്ടുമുറ്റത്ത് കെട്ടിക്കിടക്കുന്നത് മലിനജലമായതിനാല്‍ പുറത്തേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതു കൊണ്ടു തന്നെ സാംക്രമിക രോഗ ഭീഷണിയിലാണ് പ്രദേശം.
കൂടാതെ ത്വക്കു രോഗങ്ങളും പ്രദേശത്ത് വ്യാപകമാണ്. ഏറെ കുട്ടികളുള്ള അങ്കനവാടിയും മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന മദ്രസയും ജുമുത്തു പള്ളിയും പ്രദേശത്തുണ്ട്.  മഴക്കാലക്കെടുതി മുന്നില്‍ കണ്ട് പഞ്ചായത്ത്, ആരോഗ്യ വകുപ്പധികൃതര്‍ യാതൊനടപടിയും സ്വീകരിക്കാറില്ലന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.    ഓരോ കാലവര്‍ഷത്തിലും പ്രദേശത്ത്   ദുരിതമേറെയാണങ്കിലും യാതൊരു ആനുകൂല്യങ്ങളും ലഭിക്കാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it