kozhikode local

വിവിധ മോഷണക്കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട്, താമരശ്ശേരി ഭാഗങ്ങളില്‍ നിന്ന് ബൈക്കുകളും കമ്പ്യൂട്ടറുകളും മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ കസബ പോലിസിന്റെ പിടിയിലായി. താമരശ്ശേരി സ്വദേശി ആഷിഖ് എന്ന ആഷിഖ് (27), ചെലവൂര്‍ സ്വദേശി സനു ഷഹല്‍ (22), മാങ്കാവ് സ്വദേശി ഷബീര്‍ അലി, പൊക്കുന്ന് സ്വദേശി രാഘവ്, കൊമ്മേരി സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്.
നഗരത്തില്‍ രാത്രിസമയങ്ങളില്‍ കളവും പിടിച്ചുപറിയും അനാശാസ്യവും വര്‍ധിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം പോലിസ് നടപടി ശക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ നടന്ന വാഹനപരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലിസ് പിന്തുടരുകയും ജില്ലാ ജയിലിനു മുന്‍വശം വെച്ച് കുതറിയോടാന്‍ ശ്രമിക്കുന്നതിനിടെ മല്‍പ്പിടുത്തത്തിലൂടെയാണ് അമ്പായിത്തോട് ആഷിഖിനെ കീഴ്‌പ്പെടുത്തിയത്.
കസബ എസ്‌ഐ സിജിത്, സിപിഒ മാരായ സന്ദീപ്, അനൂജ് എന്നിവരാണ് ഇയാളെ പിടികൂടിയത്. ആഷിഖില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് അസി.കമ്മീഷണര്‍ അബ്ദുല്‍ റസാഖ്, കസബ സിഐ പരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് മറ്റു നാല് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മോഷ്ടിച്ച 9 ബൈക്കുകള്‍, 2 കമ്പ്യൂട്ടര്‍, ഒരു ടിവി, രണ്ട് ടാബ്, 8 ബാറ്ററികള്‍, 3 മോട്ടോര്‍, 4 സ്‌പോട്ട് ലൈറ്റുകള്‍ തുടങ്ങിയ കളവുമുതലുകളും പിടിച്ചെടുത്തു. ഈ സംഘത്തില്‍ ഇനിയും പിടികിട്ടാനുള്ള മൂഴിക്കല്‍ സ്വദേശി അക്ഷയ് സജീവ് നഗരത്തിലെ മയക്കുമരുന്നു ശൃംഖലയിലെ പ്രധാന കണ്ണിയും മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ച് വില്‍ക്കുന്നതില്‍ വിദഗ്ധനുമാണെന്ന് പോലിസ് പറഞ്ഞു. സംഘത്തിന്റെ നേതാവായ അമ്പായിത്തോട് ആഷിഖ് നഗരത്തില്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
മയക്കുമരുന്നിന് അടിമയായ ഇയാള്‍ ചെറുപ്രായത്തില്‍ നഗരത്തിലെത്തിയതാണ്. ഇയാള്‍ അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും രാത്രിസമയങ്ങളില്‍ യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കവരുകയും ചെയ്തിട്ടുണ്ട്.
പോലിസിന്റെ പിടിയിലായാല്‍ സ്വയം മുറിവേല്പിച്ചും പരിക്കേല്‍പിച്ചും രക്ഷപ്പെടുകയാണ് പതിവ്. നഗരത്തില്‍ നടക്കുന്ന പല അനാശാസ്യപ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കുന്നത് ആഷിഖാണെന്ന് പോലിസ് പറഞ്ഞു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, അബ്ദുറഹ്മാന്‍, കെ മനോജ്, ഇ രണ്‍ധീര്‍, രമേഷ്ബാബു, സി കെ സുജിത്, ഷാഫി, കസബ എസ്‌ഐ ഇസ്മയില്‍, എഎസ്‌ഐ ദിനേശ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it