World

വിവരങ്ങള്‍ ചോര്‍ത്തല്‍: സുക്കര്‍ബര്‍ഗ് മാപ്പുപറഞ്ഞു

ലണ്ടന്‍:   ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരാനിടയായതില്‍ സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്  മാപ്പുപറഞ്ഞു. വിഷയത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കാംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാ പ്രശ്‌നം സംഭവിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ  ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി  ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം  മുന്നറിയിപ്പു നല്‍കിയിരുന്നു.
രഹസ്യങ്ങള്‍ പുറത്തുവന്നതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫേസ്ബുക്കിനും മറ്റു രണ്ടു കമ്പനികള്‍ക്കുമെതിരേ അന്വേഷണം തുടങ്ങി.  വിവരം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കുമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു മുന്നില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും അ ദ്ദേഹം അറിയിച്ചു.
ഫേസ്ബുക്കില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെക്കുറിച്ച്് അന്വേഷിക്കും.  ഇത്തരം ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകളോട് സുക്കര്‍ബര്‍ഗ് പ്രതികരിക്കാത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.  ഇതിനിടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്്്.
ആപ്ലിക്കേഷനുകള്‍ ജനകീയമാക്കുന്നതിനാണ് 2007ല്‍ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് വഴി ആപ്പുകളിലേക്ക് ലോഗ് ഇന്‍ ചെയ്യാനും ആരെല്ലാമാണ് സുഹൃത്തുക്കള്‍ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാനുമുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയത്.
2013ല്‍ കാംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പ് മൂന്ന് ലക്ഷത്തോളം പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ അവരെല്ലാം തന്നെ ഫേസ്ബുക്കിലെ സ്വന്തം വിവരങ്ങളും  സുഹൃത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവച്ചു. ഫേസ്ബുക്ക് അന്ന് പ്രവര്‍ത്തിച്ച രീതിയനുസരിച്ച് കോഗന് കോടിക്കണക്കിന് സുഹൃത്തുക്കളുടെ വിവരങ്ങള്‍ ഇതുവഴി ശേഖരിക്കാന്‍ സാധിച്ചുവെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
എന്നാല്‍, സുക്കര്‍ബര്‍ഗിന്റെ വിശദീകരണത്തില്‍ ഉപഭോക്താക്കള്‍ സംതൃപ്തരായിട്ടില്ലെന്നാണ് വിലയിരുത്തില്‍. അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍ക്ക് ഫേസ്ബുക്കിനെ  ഓഹരി വിപണിയിലെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനായിട്ടില്ല.
Next Story

RELATED STORIES

Share it