Alappuzha local

വിദ്യാഭ്യാസ പുരോഗതിയില്‍ കേരളം ലോകത്ത് ഒന്നാമതാവും: വിദ്യാഭ്യാസ മന്ത്രി



അരൂര്‍: വിദ്യാഭ്യാസ പുരോഗതിയില്‍ കേരളം ലോകത്ത് ഒന്നാമതാവുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കേരളം ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന സംസ്ഥാനമായി മാറും. സമസ്ത മേഖലകളിലും വിദ്യാഭ്യാസ പരമായ ഒരു തലമുറയെ വാര്‍ത്തെടുക്കലാണ് ലക്ഷ്യമെന്നും അതിനുള്ള പോരാട്ടം വിജയിക്കുമെന്നും മന്ത്രി പറഞ്ഞു. എരമല്ലുര്‍ സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ ഹൈസ്‌കൂളുകളേയും ഹൈട്ടക്കാക്കും. ഇതോടെ കേരളം ഇന്ത്യയിലെ ഡിജിറ്റല്‍ സംസ്ഥാനമായി മാറും. ഇതിനായി 543 കോടി സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനത്തില്‍ എയ്ഡഡ്, സര്‍ക്കാര്‍ എന്ന വേര്‍തിരിവില്ലാതെ ഒന്നു മുതല്‍ ഏഴ് വരെ സൗജന്യ യൂനിഫോം വിതരണം നടപ്പാക്കിക്കഴിഞ്ഞു. ഇത് എല്ലാ സ്‌കൂളുകളിലും എത്തിക്കും. സ്‌കൂളുകള്‍ക്കുള്ള സൗജന്യ ഇന്റര്‍നെറ്റ് കണക്്ഷന്‍ പദ്ധതി വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കും. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിലെ ഒരു ക്ലാസ്‌റൂം ഹൈട്ടക്കാക്കും എന്ന മന്ത്രിയുടെ പ്രഖ്യാപനം വന്‍ കരഘോഷത്തോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും വരവേറ്റത്. ചടങ്ങില്‍ ഫാ. ജോപ്പിക്കൂട്ടുങ്കള്‍ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വല്‍സല തമ്പി, എരമല്ലൂര്‍ തങ്കപ്പന്‍, ജോസഫ് ഫ്രാന്‍സീസ്, സി എക്‌സ് ജോസി കണ്ടനാട്ടുതറ, പി എം സഫര്‍, ടികെ ഗോപാലന്‍, ടി എസ് സൈഫുദ്ദീന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it