വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മാടമ്പികളാവരുത്

തിരുവനന്തപുരം: അധ്യാപകരെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ ഖജനാവിലേക്ക് ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുന്നതില്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മാടമ്പികളായി ചമയരുതെന്ന് സംയുക്ത അധ്യാപക സമിതി ചെയര്‍മാന്‍ പി ഹരിഗോവിന്ദനും ജനറല്‍ കണ്‍വീനര്‍ എ കെ സൈനുദ്ദീനും ആവശ്യപ്പെട്ടു. സര്‍ക്കാരും വിദ്യാഭ്യാസ ഓഫിസര്‍മാരും അധ്യാപകരുടെയും ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കാനാണ് ഭാവമെങ്കില്‍ ശക്തമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. ശമ്പളം ആരുടെയും ഔദാര്യമല്ല, ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശമാണ്. സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ഓണം ഫെസ്റ്റിവല്‍ അലവന്‍സും സര്‍ക്കാര്‍ നല്‍കിയ ഓപ്ഷന്‍ പ്രകാരം രണ്ടു ദിവസത്തെ ശമ്പളവും ദാനമായി നല്‍കിയതിന് ശേഷമാണ് ഒരു മാസത്തെ ശമ്പളം വേണമെന്ന് സര്‍ക്കാര്‍ വാശിപിടിക്കുന്നത്. ഇതുസംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത അധ്യാപക, സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ നിര്‍ബന്ധ പിരിവ് പാടില്ലെന്നും ജീവനക്കാരുടെ കൈയില്‍ നിന്ന് സമ്മതപത്രം വാങ്ങി മാത്രമേ പണം പിരിച്ചെടുക്കാവൂ എന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ്. ഇതുസംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നാണ് ധനമന്ത്രി യോഗത്തില്‍ പറഞ്ഞത്. തീരുമാനം ആവുന്നതിനു മുമ്പ് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഭീഷണിപ്പെടുത്തി അധ്യാപകരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനല്ല സര്‍ക്കാരിന് താല്‍പര്യം, സര്‍ക്കാര്‍ ഖജനാവിലേക്കുള്ള ഫണ്ട് ശേഖരണമാണ് ലക്ഷ്യമെന്ന് തെളിഞ്ഞിരിക്കയാണെന്ന് സംയുക്ത അധ്യാപകസമിതി ആരോപിച്ചു. കേരള സംസ്ഥാനം പ്രളയഭീഷണി നേരിടുമ്പോഴും പുതിയ മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിച്ചതും ചീഫ്‌വിപ്പ് പദവി സൃഷ്ടിച്ചതും സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെ ഭാഗമായാണ്. പാഴ്‌ചെലവും ധൂര്‍ത്തും ചുരുക്കുന്നതിനു പകരം സര്‍ക്കാര്‍ ചെലവുകള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും മേല്‍ കെട്ടിവയ്ക്കുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.



Next Story

RELATED STORIES

Share it