Idukki local

വികസനത്തിന്റെ പേരില്‍ ജനങ്ങളെ മാറ്റി നിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് കാനം



തൊടുപുഴ: വികസനത്തിന്റെ പേരില്‍ ജനങ്ങളെ മാറ്റി നിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ജനങ്ങളില്ലെങ്കിലും വികസനം വേണമെന്ന ചിന്താഗതി സിപിഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവെപ്പിന്‍ പോലിസ് നടപടിക്കെതിരെയായിരുന്നു സിപിഐ സെക്രട്ടറിയുടെ ഒളിയമ്പ്.തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സഖാവ് വഴിത്തല ഭാസ്‌ക്കരന്റെ 13ാമത്  ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഗവണ്‍മെന്റ് നവഫാസിസ്റ്റ് സര്‍ക്കാരായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ബാങ്കിംഗ് മേഖലയില്‍ വരുത്തിയ പരിഷ്‌ക്കരണങ്ങളിലൂടെ  എസ്ബിഐയെ പോലുള്ള ബാങ്കുകള്‍ കൊള്ളലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. ഇതിനു ബദലായാണ് കേരളാ ബാങ്ക് എന്ന ആശയവുമായി ഇടതുമുന്നണി രംഗത്ത് വന്നിരിക്കുന്നത്. ഭരണഘടനാ ഉറപ്പു നല്‍കുന്ന മൗലീകാവകാശങ്ങള്‍ പോലും കേന്ദ്രം നിഷേധിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് കന്നുകാലി വില്‍പ്പനക്കും കശാപ്പിനും നിയന്ത്രണം കൊണ്ടുവന്നത്. ആഹാരം,ജോലി എന്നിവ തീരുമാനിക്കുന്നതിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഒരോ പൗരനും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റേത് ഭ്രാന്തന്‍ നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനുസ്മരണ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ സലിംകുമാര്‍ അദ്ധ്യക്ഷനായിരുന്നു.സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍,സിപിഐ സംസ്ഥാന കൗണ്‍സിലംഗം മാത്യൂ വര്‍ഗീസ്,എ ഐ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍,ഇ എസ് ബിജിമോള്‍ എം എല്‍ എ,സിപിഐ പി പി ജോയി പങ്കെടുത്തു.
Next Story

RELATED STORIES

Share it