kannur local

വാഹനാപകടം; 19 കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ക്കു പരിക്ക്



ഇരിട്ടി: കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊയിലാണ്ടി സ്വദേശികള്‍ സഞ്ചരിച്ച ടെംപോ ട്രാവലര്‍ ചെങ്കല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി കുറുവങ്ങാട് മാവുഞ്ചോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. വിളക്കോട് ഊവാപള്ളി വളവില്‍ ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. കനത്ത മഴയില്‍ കെഎല്‍ 59-8587 ടെംപോ ട്രാവലര്‍ എതിരേവന്ന കെഎല്‍ 59-സിഎല്‍ 3626 ലോറിയുമായി ഇടിക്കുകയായിരുന്നു. ചെറിയ കമ്പിനിക്കുഴി സുധാകരന്‍ (45), പാടിക്കുറ്റി ശിവദാസന്‍ (50), മണ്യാര്‍കുഴി കരുണാകരന്‍ മാസ്റ്റര്‍ (62), കോഴിക്കുളങ്ങര ഗോപാലന്‍ (50), കോഴിക്കുളങ്ങര ശശി(45), ഞങ്ങ്യാര്‍കുളങ്ങര ജാനു (50), കമലാക്ഷി (50), പാടിക്കുഴി രമണി (45), പാടിക്കുഴി രാധ 45), കരിമ്പരനക്കുഴി സ്വാമിനാഥന്‍ (45), ദീപു (36), വിദ്യ(35), കൈതവളപ്പില്‍ ലക്ഷ്മി (50), കൈതവളപ്പില്‍ സുധ (40), നാരായണി (34), ചങ്ങാലി ശശി (40) കരിമ്പനക്കുഴി സ്വാമിനാഥന്റെ മക്കളായ ശ്രീദീപ് (11), ശ്രീരാഗ്, ടെംപോ ഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി ശ്രീജേഷ് (35) എന്നിവര്‍ക്കാണു പരിക്കേറ്റത്. ചെങ്കല്‍ലോറി ഡ്രൈവര്‍ മാട്ടറ സ്വദേശി ജോഷി (36) ലോഡിങ് തൊഴിലാളികളായ ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ സ്വദേശികളായ അജീഷ് (34) അഭിലാഷ് (36) എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം ഇരിട്ടി അമല ആശുപത്രിയില്‍ പ്രാമഥിക ചികില്‍സ നല്‍കി. തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ട്രാവലറില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്. കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് സംഘം പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. കനത്ത മഴയില്‍ ട്രാവലര്‍ നിയന്ത്രണംവിട്ട് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിട്ടി ഫയര്‍ഫോഴ്‌സും മുഴക്കുന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ രവീന്ദ്രന്‍, എഎസ്‌ഐമാരായ ജോസഫ്, പ്രസാദ് എന്നിവരും ഇരിട്ടി പോലിസ് സംഘവും നാട്ടുകാരുമാണ് വാന്‍ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ മുക്കാല്‍ മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it