Pravasi

വാറ്റ് നടപ്പാക്കുന്നത് ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്ന് റിപോര്‍ട്ട്



ദോഹ: മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നതോടെ  രാജ്യത്ത് വിലക്കയറ്റവും അതുവഴി ജീവിതച്ചെലവുകളിലെ വര്‍ധനയുമുണ്ടാകുമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. അതേ സമയം, വാറ്റ് നടപ്പിലാക്കുന്നതിലൂടെ രാജ്യത്ത് 3.6 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകും. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 2.6 ശതമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ക്യുഎന്‍ബി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷത്തെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 2.6 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം 3.6 ശതമാനവുമായിരിക്കും. എന്നാല്‍, 2019ല്‍ ഇത് 2.9 ശതമാനമായി താഴും. ഉയര്‍ന്ന എണ്ണവിലയാണ് വരുമാന വര്‍ധനയെ സ്വാധീനിക്കുക. ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ ഈ വര്‍ഷം സ്വാഭാവികമായ ഇടിവുണ്ടാകും. ബര്‍സാനില്‍ നിന്നുള്ള ഗ്യാസ് ഉല്‍പാദനവും പെട്രോളിയം മേഖലയിലുള്ള നിക്ഷേപങ്ങളും അടുത്ത രണ്ടു വര്‍ഷങ്ങളില്‍ സാമ്പത്തിക രംഗത്ത് സ്വാധീനം ചെലുത്തും. വിപണിയിലെ അധിക വിതരണം നിയന്ത്രിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എണ്ണവില തിരിച്ചു വരുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. യുഎസ് ഷെല്‍ ഓയില്‍ വില ബാരലിന് 55 ഡോളര്‍ നിരക്കില്‍ നിജപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം 58 ഡോളറും തൊട്ടടുത്ത വര്‍ഷം 60 ഡോളറായുമാണ് ഷെല്‍ ഓയില്‍ വില നിശ്ചയിച്ചിരിക്കുന്നത്. ഇത് പെട്രോള്‍ വിലയെ സ്വാധീനിക്കും. പൊതുവിപണിയില്‍ വിലക്കയറ്റം ഈ വര്‍ഷം 0.9 ശതമാനമാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. കെട്ടിട വാടകയില്‍ ഇടിവുണ്ടായതാണ് കാരണം. എന്നാല്‍, അടുത്ത വര്‍ഷം വിലക്കയറ്റം 3.3 ശതമാനമായി ഉയരും. വാറ്റ് നടപ്പില്‍ വരുന്നതാണ് കാരണം. എന്നാല്‍, 2019ല്‍ വിലക്കയറ്റം 2.5 ശതമാനമായിരിക്കും. അതേസമയം വാറ്റിലൂടെ ജി ഡി പിയുടെ ഒരു ശതമാനം അധിക വരുമാനമാണ് മൂല്യവര്‍ധിത നികുതി നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it