Flash News

വംശീയാധിക്ഷേപം താങ്ങാനാവുന്നില്ല; മെസ്യൂദ് ഓസില്‍ ഇനി ജര്‍മനിക്ക് വേണ്ടി കളിക്കില്ല

വംശീയാധിക്ഷേപം താങ്ങാനാവുന്നില്ല; മെസ്യൂദ് ഓസില്‍ ഇനി ജര്‍മനിക്ക് വേണ്ടി കളിക്കില്ല
X


ബെര്‍ലിന്‍: ജര്‍മനിയുടെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ മെസ്യൂദ് ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍ കുടുംബവേരുകള്‍ ഉള്ള ഓസിലിനെ നേരെ ഉണ്ടായ വംശീയാധിക്ഷേപമാണ് താരത്തിനെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തിലേക്കെത്തിച്ചത്. ജര്‍മനിക്കായി ഇനി ബൂട്ടണിയില്ലെന്നും ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍ കാരനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനും എന്ന നിലപാട് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും  ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന് അയച്ച കത്തിലൂടെ ഓസില്‍ വ്യക്തമാക്കി.
റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന് തന്റെ ജഴ്‌സി സമ്മാനിക്കുകയും ഒപ്പം നിന്ന ചിത്രമെടുക്കുകയും ചെയ്ത നടപടിക്കെതിരേ ശക്തമായ പ്രതിഷേധം താരം നേരിട്ടിരുന്നു. തനിക്ക് മാത്രമല്ല തന്റെ കുടുംബാംഗങ്ങള്‍ക്കും മോശമായ അനവധി അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. അവഹേളിക്കുന്ന തരത്തിലുള്ള മെയിലുകള്‍ക്കും മെസ്സേജുകള്‍ക്കുമൊപ്പം ഭീഷണി മുഴക്കിയുള്ള ഫോണ്‍കോളുകളും ഉണ്ടായിരുന്നതായി ഓസില്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കത്തിലൂടെ അറിയിച്ചു. തനിക്ക് പിന്തുണ തരേണ്ട ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനും തന്നെ പിന്തുണച്ചില്ല. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളോട് ഒരു തവണപോലും പ്രതികരിക്കാന്‍ തയ്യാറാകാതെ ഇരുന്ന ഫെഡറേഷന്റെ നടപടിയില്‍ കടുത്ത അതൃപ്തിയും ഓസില്‍ രേഖപ്പെടുത്തി. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഗ്രിന്‍ഡലില്‍നിന്ന് മോശം പെരുമാറ്റമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഓസില്‍ പറഞ്ഞു.
എര്‍ദോഗന് ഒപ്പമുള്ള ചിത്രത്തിന് രാഷ്ട്രീയമില്ല.തന്റെ കുടുംബത്തിന്റെ വേരുകള്‍ തുര്‍ക്കിയിലുണ്ട്. അതിനാല്‍ത്തന്നെ കുടുംബപരമായി മാത്രമാണ് ആ ചിത്രമെടുത്തത്. എന്നാല്‍ ചിലര്‍ അതിനെ രാഷ്ട്രീയവര്‍ക്കരിക്കുകയാണുണ്ടായതെന്നും ഓസില്‍ ആരോപിച്ചു.
റഷ്യന്‍ ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തിയത് തന്നെയാണ്. തുര്‍ക്കിക്കാരനായ ഓസിലിന് ജര്‍മനിക്ക് വേണ്ടി എങ്ങനെ ആത്മാര്‍ഥമായി കളിക്കാന്‍ കഴിയുമെന്ന് പോലും ചോദ്യമുയര്‍ന്നു. ഇതെല്ലാം തന്നെ വല്ലാതെ വേദനിപ്പിച്ചു. തുര്‍ക്കി, ജര്‍മന്‍ പാരമ്പര്യത്തെ ഞാന്‍ ഒരുപോലെ ബഹുമാനിക്കുന്നു. എന്നാല്‍ എന്നില്‍ അവര്‍ക്ക് വിശ്വസമില്ലെന്ന് മനസിലായതിനാല്‍ ഇനി ജര്‍മനിക്ക് ബൂട്ടണിണിയില്ലെന്ന് തീരുമാനിക്കേണ്ടി വന്നുവെന്നും ഓസില്‍ പറഞ്ഞു.
ജര്‍മനിക്ക് വേണ്ടി 92 മല്‍സരങ്ങള്‍ കളിച്ച ഓസില്‍ 23 ഗോളുകളാണ് അക്കൗണ്ടിലാക്കിയിട്ടുള്ളത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സനലിന്റെ താരമാണ് 29 കാരനായ ഓസില്‍.
Next Story

RELATED STORIES

Share it