വംശഹത്യയുടെ കെടുതിയില്‍ നിന്ന് കരകയറാന്‍ മുസ്്‌ലിംകള്‍

അഹ്മദാബാദ്: ഗുജറാത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളില്‍ നില്‍ക്കവെ 15 വര്‍ഷം മുമ്പ് നടന്ന വംശഹത്യയുടെ കെടുതിയില്‍ നിന്ന് മോചനം നേടാനുള്ള കഠിനപരിശ്രമത്തിലാണ് മുസ്്‌ലിംകള്‍. വംശഹത്യക്കാലത്ത് മുസ്്‌ലിംകള്‍ക്ക് ഏറ്റവും കൂടുതല്‍ കെടുതി നേരിട്ട അഹ്മദാബാദ്, ദാഹോദ്, വഡോദര പഞ്ച്മഹല്‍ ജില്ലകളില്‍ 14ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്. തിരഞ്ഞൈടുപ്പ് കോലാഹലങ്ങളുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നേറുമ്പോഴും മുസ്‌ലിംകള്‍ നിശ്ശബ്ദകാഴ്ചക്കാരാണ്. 2012ലെ തിരഞ്ഞെടുപ്പ് വരെ വംശഹത്യ സുപ്രധാന തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. മോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് വിളിച്ച കോണ്‍ഗ്രസ് ഇത്തവണ പൊതുപരിപാടികളില്‍ മുസ്്‌ലിംവേഷം പോലും വിലക്കിയിട്ടുണ്ട്. 10 ശതമാനം വരുന്ന മുസ്്‌ലിംകള്‍ ഇത്തരത്തില്‍ അദൃശ്യരായിപ്പോവുന്നത് ഞെട്ടിക്കുന്നതാണെന്ന് എം എസ് സര്‍വകലാശാലയിലെ മുന്‍ ഫിസിക്‌സ് പ്രഫസര്‍ ജെ എസ് ബന്ദൂക്‌വാല പറയുന്നു. വംശഹത്യക്കാലത്ത് ഹിന്ദുത്വര്‍ ബന്ദൂക്‌വാലയുടെ വീടാക്രമിച്ചിരുന്നു. എക്കാലത്തും മുസ്‌ലിംകളെ ലക്ഷ്യമാക്കിയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നതെന്ന് ബന്ദൂക് വാല പറയുന്നു. ഇത്തവണ മോദി ആവശ്യപ്പെടും മുമ്പ് തന്നെ മുസ്്‌ലിംകള്‍ കീഴടങ്ങിയിട്ടുണ്ട്. ബന്ദൂക് വാല പറയുന്നു. 2002ന് ശേഷം വിദ്യാഭ്യാസം, ബിസ്സിനസ് പുനര്‍നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് മുസ്്‌ലിംകള്‍ ശ്രദ്ധചെലുത്തുന്നത്. മൂന്നു മാസത്തോളം നീണ്ട കൊള്ളയും കൊലയും വാണിജ്യമേഖലയില്‍ നിന്ന് മുസ്്‌ലിംകളെ തകര്‍ത്തെറിഞ്ഞിരുന്നു. എങ്കിലും എല്ലാം നിരാശാജനകമായിരുന്നില്ലെന്ന് ഗുജറാത്തിലെ മുതിര്‍ന്ന മുസ്്‌ലിം മാധ്യപ്രവര്‍ത്തകനും ഗുജറാത്ത് സിയാസത്ത് എഡിറ്ററുമായ അബ്ദുല്‍ഹാഫിസ് ലഖാനി പറയുന്നു. ഏതു വംശഹത്യയും ചില പ്രതീക്ഷകള്‍ ബാക്കിവയ്ക്കും. വംശഹത്യയുടെ ഓര്‍മയില്‍ നിന്ന് മുസ്്‌ലിംകള്‍ മുന്നോട്ടു പോവണം. ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും വര്‍ഗീയതയുള്ള സംസ്ഥാനമായിരിക്കാം. എങ്കിലും മതേതരം കാത്തുസൂക്ഷിക്കുന്ന കൂറെ പേര്‍ ഇവിടെയുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ മുസ്്‌ലിംകള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണ് വേണ്ടത്. ജമാഅത്തെ ഇസ്്‌ലാമിയും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അതോടൊപ്പം ബിജെപിയുമായി സംസാരിക്കാനും മുസ്്‌ലിംകള്‍ അവസരം കണ്ടെത്തണം. ലഖാനി പറയുന്നു. ഹാര്‍ദിക് പട്ടേലും ജിഗ്്‌നേഷ് മേവാനിയുമെല്ലാം പോലിസ് അനുമതി പോലും നേടാതെയാണ് വലിയ റാലികള്‍ നടത്തുന്നത്. മുസ്്‌ലിംകള്‍ക്ക് അനുമതിയില്ലാതെ ഒരു ചെറിയ യോഗം പോലും നടത്താനാവില്ല. ലഖാനി പറയുന്നു. വഡോദരയിലെയും അഹ്മദാബാദിലെയും വംശഹത്യാമേഖലകളില്‍ മുസ്്‌ലിംകളുടെ ഗെറ്റോ വല്‍ക്കരണം പൂര്‍ത്തിയാട്ടുണ്ട്. നേരത്തെ ഇവിടെ സാമ്പത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗലികള്‍ രുപം കൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ മുസ്്‌ലിംകള്‍ക്ക് ഹിന്ദുമേഖലകളിലോ ഹിന്ദുക്കള്‍ക്ക് മുസ്്‌ലിംമേഖലകളിലോ വസ്തു വാങാനാവില്ല. പല സ്വകാര്യ സ്‌കൂളുകളും മുസ്്‌ലിംകുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ല. ഈ സാഹചര്യത്തില്‍ സ്വന്തമായി സ്‌കൂള്‍ തുടങ്ങുകയെന്ന ആശയത്തിലാണ് മുസ്്‌ലിം വ്യവസായികള്‍. 2012ലെ തിരഞ്ഞെടുപ്പില്‍ രണ്ടു മുസ്്‌ലിംകള്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 10 വര്‍ഷത്തിലധികമായി ഒരു ഗുജറാത്തി മുസ്്‌ലിംപോലും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അതിലേക്കൊന്നും നോക്കാതെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇരകളുടെ കോളനിയായ ആലംനഗര്‍ അര്‍ഷ് കോളനിയിലെ മഖ്‌സൂദ് പറയുന്നു. വംശഹത്യക്കാലത്ത് ചമന്‍പുരയിലെ വീട് ഹിന്ദുത്വര്‍ കത്തിച്ചപ്പോള്‍ കൊലയാളികളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോന്നതാണ് അന്ന് 15 കാരനായ മര്‍സൂഖ്. മര്‍സൂഖിനെപ്പോലെ നിരവധി പേരുണ്ട് കോളനിയില്‍ എല്ലാം മാറ്റിവച്ച് ഇനിയൊരു ജീവിതം സ്വപ്‌നം കാണുന്നവര്‍.
Next Story

RELATED STORIES

Share it