kannur local

ലക്ഷ്യം വ്യത്യസ്തം: ജോസ്ഗിരിയില്‍ അധികൃതരുടെ വെവ്വേറെ സംഘം

ചെറുപുഴ: ടൂറിസം വികസനവുമായി ബന്ധപ്പെട്ടും ക്വാറി തുടങ്ങുന്നതിനുള്ള പരിശോധനക്കായും ചെറുപുഴ പഞ്ചായത്തിലെ ജോസ് ഗിരിയില്‍ ഒരേദിവസം സര്‍ക്കാരിന്റെ വ്യത്യസ്ത സംഘങ്ങളുടെ സന്ദര്‍ശനം. ഒരുവശത്ത് ടൂറിസം വികസനവുമായി ബന്ധപ്പെട്ട്്് സി കൃഷ്ണന്‍ എംഎല്‍എയും സംഘവുമാണ് മലകയറിയത്.
പ്രദേശിക ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജോസ്ഗിരി കാനംവയല്‍, കൊട്ടത്തലച്ചി പ്രദേശങ്ങളിലാണ് സംഘം പഠനം നടത്താനെത്തിയത്. ഈമാസം തന്നെ പദ്ധതി ആരംഭിക്കാന്‍ നടപടികളെടുക്കാന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം എംഎല്‍എ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിതീഷ് ജോസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ്, പ്രോജക്ട് എന്‍ജിനിയര്‍ മിലുസര്‍, ആര്‍ക്കിടെക്ടുമാരായ ആഷില്‍, കിരണ്‍ എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സണ്‍, ഡെന്നി കാവാലം, ജമീല കോളയത്ത്, കെ കെ ജോയി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
എന്നാല്‍ മലയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാന്‍ പരിശോധനക്കും ഇതേദിവസം തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുമിച്ചെത്തി. പരിസ്ഥിതിക്കും നാട്ടുക്കാര്‍ക്കും ഭീഷണിയായതിനെ തുടര്‍ന്ന് ജോസ്ഗിരി ക്വാറി അടച്ചുപൂട്ടിയതിന് സമീപത്തായി പുതിയ ക്വാറിക്ക് അനുമതി നല്‍കുന്നതിനാണ് പരിശോധന. വ്യാവസായ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മൈനിങ്് ആന്റ് ജിയോളജി വകുപ്പ്, ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ കെ കെ ജോയി, ഷാന്റി കലാധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്. പരിസ്ഥിതി ലോല പ്രദേശമായ ജോസ്ഗിരിയില്‍ കരിങ്കല്‍ ഖനനം നാട്ടുകാര്‍ക്കു ദുരിതമാണ് വിതച്ചത്. കല്ല് ഉരുണ്ടുവീണ് വീട് തകര്‍ന്ന സംഭവവും ഇവിടെയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ സമരം നടത്തി നിലവിലെ ക്വാറി പൂട്ടിച്ചത്. എന്നാല്‍ ഇതിനു സമീപത്താണ് പുതിയ ക്വാറിക്ക് അനുമതി നല്‍കാന്‍ ഒരുങ്ങുന്നത്. വ്യവസായ മന്ത്രിയുടെ അടുപ്പമുള്ള ആളുടേതാണ് പുതിയ ക്വാറിയെന്നും പരാതിയുണ്ട്. ചരിത്രപ്രധാന്യമുള്ള നായനാര്‍ പാറ ഉള്‍പ്പെടെ ലക്ഷ്യമാക്കിയാണ് ക്വാറിയുടെ പ്രവര്‍ത്തനം നടക്കുന്നത്.
Next Story

RELATED STORIES

Share it