റിയാസ് മൗലവി വധം: പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കാസര്‍കോട്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസാധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവി(28)യെ പള്ളിയിലെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലെ അവധിക്കാല ജഡ്ജി മുമ്പാകെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 28ന് കേസ് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സിഐ കെ സുധാകരനില്‍ നിന്ന് കോടതി റിപോര്‍ട്ട് തേടി. സംഭവം നടന്നതിന്റെ 88ാം ദിവസം പ്രത്യേക അന്വേഷണസംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സിജെഎം കോടതിയില്‍ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു(20), കേളുഗുഡെ മാത്തയിലെ നിധിന്‍(19), കേളുഗുഡെ ഗംഗൈയിലെ അഖിലേഷ്(24) എന്നിവരാണ് പ്രതികള്‍. പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യം ലഭിച്ചിട്ടില്ല. ഈ കേസില്‍ മാര്‍ച്ച് അഞ്ചിന് വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it