Flash News

റഷ്യ വീണു; ഗ്രൂപ്പ് എ ചാംപ്യന്‍മാരായി ഉറുഗ്വേ പ്രീക്വര്‍ട്ടറില്‍

റഷ്യ വീണു; ഗ്രൂപ്പ് എ ചാംപ്യന്‍മാരായി ഉറുഗ്വേ പ്രീക്വര്‍ട്ടറില്‍
X

സമാറ: ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യയെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി ഉറുഗ്വേ പ്രീക്വാര്‍ട്ടറില്‍. ആദ്യ രണ്ട് മല്‍സരങ്ങളിലും വമ്പന്‍ ജയം സ്വന്തമാക്കിയ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഉറുഗ്വേ തകര്‍ത്തുവിട്ടത്. സൂപ്പര്‍ താരങ്ങളായ ലൂയിസ് സുവാരസും എഡിന്‍സണ്‍ കവാനിയും ഉറുഗ്വേയ്ക്കായി വലകുലുക്കിയപ്പോള്‍ ചെറിഷേവിന്റെ വക സെല്‍ഫ് ഗോളും ഉറുഗ്വേയ്ക്ക് ലഭിച്ചു.
ഗ്രൂപ്പ് എ ചാംപ്യന്‍മാരെ നിര്‍ണയിക്കുന്ന കരുത്തുറ്റ പോരാട്ടത്തില്‍ 3-5-2 ഫോര്‍മാറ്റില്‍ ഉറുഗ്വേ ബൂട്ടണിഞ്ഞപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു റഷ്യ തന്ത്രം മെനഞ്ഞത്. തുടക്കം മുതല്‍ ആധിപത്യം പിടിച്ചെടുത്ത ഉറുഗ്വേ നിര 10ാം മിനിറ്റില്‍ത്തന്നെ അക്കൗണ്ട് തുറന്നു. പോസ്റ്റിന് മുന്നില്‍ നിന്ന് ലഭിച്ച ഫ്രീകിക്കിനെ മനോഹരമായ ഷോട്ടിലൂടെ വലയിലെത്തിച്ചാണ് സുവരാസ് ഉറുഗ്വേയുടെ അക്കൗണ്ട് തുറന്നത്. ഉറുഗ്വേ 1-0ന് മുന്നില്‍. 12ാം മിനിറ്റില്‍ റഷ്യക്ക് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചെങ്കിലും ചെറിഷേവിന്റെ ഷോട്ടിന് ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത മിനിറ്റിലും ഗോള്‍ അടിക്കാനുള്ള സുവര്‍ണാവസരം ചെറിഷേവ് പാഴാക്കി കളഞ്ഞു. ചെറിഷേവിന്റെ ഷോട്ടിനെ ഉറുഗ്വേ ഗോളി മുസ്ലേര തട്ടിയകറ്റുകയായിരുന്നു.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ സമനില ഗോളിനായി വിയര്‍ത്ത് കളിച്ച റഷ്യക്ക് 23ാം മിനിറ്റില്‍ രണ്ടാമെത്ത ഷോക്കേറ്റു. കോര്‍ണര്‍ കിക്ക് ലഭിച്ച പന്തിനെ പിടിച്ചെടുത്ത ഡീഗോ ലാക്‌സാല്‍റ്റിന്റെ ഷോട്ട് റഷ്യയുടെ ചെറിഷേവിന്റെ കാലില്‍തട്ടി വലയില്‍ കയറുകയായിരുന്നു. 2-0ന് ഉറുഗ്വേ മുന്നില്‍. രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും പന്തടക്കത്തില്‍ റഷ്യക്കായിരുന്നു ആധിപത്യം. 27ാം മിനിറ്റില്‍ കവാനിയെ ഫൗള്‍ ചെയ്തതിന് സ്‌മോള്‍നിക്കോവിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 36ാം മിനിറ്റില്‍ വീണ്ടും മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ സ്‌മോള്‍നിക്കോവിന് കളത്തില്‍ നിന്ന് പുറത്തുപോവേണ്ടി വന്നു. ഇതോടെ റഷ്യന്‍ പട 10 പേരായി ചുരുങ്ങിയെങ്കിലും ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്ത് ലീഡുയര്‍ത്താന്‍ ഉറുഗ്വേയ്ക്ക് ആയില്ല. ഇതോടെ ആദ്യ പകുതി 2-0ന്റെ ആധിപത്യത്തോടെയാണ് ഉറുഗ്വേ കളം വിട്ടത്.
10 പേരായി ചുരുങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ മികച്ച പ്രതിരോധം തീര്‍ത്ത് റഷ്യ കൈയടി നേടി. 48ാം മിനിറ്റില്‍ പോസ്റ്റിന് തൊട്ട് മുന്നില്‍ നിന്ന് സുവാരസിനെ കുറ്റപ്പോവ് ഫൗള്‍ ചെയ്തതിന് ഉറുഗ്വേയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ലീഡുയര്‍ത്താന്‍ ആക്രമിച്ച് മുന്നേറിയ ഉറുഗ്വേ ഒടുവില്‍ 90ാം മിനിറ്റില്‍ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ഉറുഗ്വേയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍കിക്കിനെ റഷ്യന്‍ ഗോളി അക്കിന്‍ഫീവ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്തിനെ കവാനി വലയിലാക്കുകയായിരുന്നു. പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ 3-0ന്റെ ജയത്തോടെ ഉറുഗ്വേ ഗ്രൂപ്പ് ചാംപ്യന്‍മാരായപ്പോള്‍ രണ്ടാം സ്ഥാനത്തോടെ റഷ്യയും പ്രീക്വാര്‍ട്ടറില്‍ കടന്നു.
Next Story

RELATED STORIES

Share it