Alappuzha local

റമദാന്‍ വ്രതാനുഷ്ഠാനം : ഇഫ്താര്‍ സംഗമങ്ങളില്‍ ഹരിതചട്ടം പാലിക്കാന്‍ ആഹ്വാനം



ആലപ്പുഴ: റമദാന്‍ വ്രതാനുഷ്ടാനവും അതോടനുബന്ധിച്ചുള്ള ഇഫ്താര്‍ സംഗമങ്ങളും ഹരിതനിയമാവലി പാലിച്ചാവണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ആഹ്വാനത്തെ പിന്തുണച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞദിവസം ഇക്കാര്യത്തിനായി ജില്ല കലക്ടര്‍ വീണാ എന്‍ മാധവന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവര്‍ ആരാധാനാലയങ്ങളില്‍ ഹരിതചട്ടം പാലിക്കുമെന്ന് ഉറപ്പു നല്‍കി. വിവിധ സ്ഥാപനങ്ങള്‍ നിരീക്ഷിച്ച് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജില്ല ഭരണകൂടത്തിന്റെ സാക്ഷ്യപത്രം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഇന്ന് പള്ളികളില്‍ പ്രചാരണം നടത്തുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. വ്രതാനുഷ്ടാനവും ഇഫ്താര്‍ സംഗമങ്ങളും പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ സജ്ജീകരിക്കുന്നത് നമുക്കും വരും തലമുറയ്ക്കും ഗുണകരവും ആരോഗ്യദായകമാണെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവല്‍കരണം കൂടി ലക്ഷ്യമിട്ടാണ് റമദാന്‍ സംഗമങ്ങളിലും ഹരിതചട്ടം ഏര്‍പ്പെടുത്താന്‍ ജില്ല ഭരണകൂടം തയ്യാറായത്. ഇത്തവണ മുതല്‍ റമദാന്‍ നോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളും എല്ലാത്തരം പ്ലാസ്റ്റിക്ക്/ പേപ്പറുകളില്‍ നിര്‍മിതമായ ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പ്രകൃതിസൗഹൃദമായി സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.നോമ്പുതുറയ്ക്ക് ആഹാരപാനീയങ്ങള്‍ കഴുകി ഉപയാഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍/ചില്ല്/സെറാമിക്സ് ഗ്ലാസ്സുകളിലും പാത്രങ്ങളിലും സജ്ജീകരിക്കുക, ആവശ്യാനുസരണം കഴുകി ഉപയാഗിക്കാന്‍ കഴിയുന്ന  പാത്രങ്ങള്‍  ജമാഅത്ത് കമ്മിറ്റികള്‍  നേരിട്ടോ വിശ്വാസികളില്‍ നിന്നും സംഭാവനയായോ സ്പോണ്‍സര്‍ഷിപ്പിലൂടെയോ സ്ഥിര ഉപയാഗത്തിനായി വാങ്ങി സൂക്ഷിക്കുക, പാത്രങ്ങള്‍ ആവശ്യാനുസരണം കഴുകി ഉപയാഗിക്കുക, പഴവര്‍ഗങ്ങള്‍,  ലഘുഭക്ഷണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന്  ചെറിയ പാത്രങ്ങള്‍/ കിണ്ണങ്ങള്‍ ആവശ്യാനുസരണം സജ്ജീകരിക്കുക, ആഹാരശേഷം പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ തന്നെ കഴുകി വയ്ക്കാന്‍ നിര്‍ദേശിക്കുന്നത് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം'' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായകമാണ്. ജമാഅത്ത്  വക ഓഡിറ്റോറിയങ്ങള്‍ പള്ളികള്‍ എന്നിവിടങ്ങളില്‍ കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ സജ്ജീകരിക്കുക, ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് സംവിധാനമൊരുക്കുക, ജമാഅത്ത് വക ഓഡിറ്റോറിയങ്ങളില്‍ നടത്തപ്പെടുന്ന എല്ലാ വിവാഹങ്ങളും പൊതു പരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം നടത്തണം, ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശങ്ങള്‍ ഭിത്തികളില്‍ ആലേഖനം ചെയ്യണം, വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അലങ്കാരങ്ങള്‍ ചെയ്യുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക, ഓഡിറ്റോറിയങ്ങളുടെ വാടക എഗ്രിമെന്റുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉള്‍പ്പെടുത്തുക, ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. റമദാന്‍ അനുബന്ധ ഹരിതനിയമാവലി ശുചിത്വമിഷനാണ് ജില്ല ഭരണകൂടത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചത്. നഗരത്തിലെ പല സ്ഥാപനങ്ങളും നിലവില്‍ പ്ലാസ്റ്റിക് പാത്രം ഉപയോഗിക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭക്ഷണം പൊതിഞ്ഞു നല്‍കുന്നതിന് ഇപ്പോഴും ബട്ടര്‍ പേപ്പര്‍ പോലുള്ളവ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം കൂടി ഒഴിവാക്കാന്‍ പരിശ്രമിക്കുമെന്ന് അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. ശുചിത്വമിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ ബിജോയ് കെ വര്‍ഗീസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി ഒ സാബിര്‍, പി എ സുധീര്‍ കല്ലുപാലം, ബി സൈനുദ്ദീന്‍, ടി എച്ച് എം ഹസന്‍, എ ജി സൈനുദ്ദീന്‍, ജമാല്‍ പള്ളാത്തുരുത്തി, എം കെ നവാസ്, ഷാജി കോയ, എഎംഎം ഷാഫി, പി എ ഷിഹാബുദ്ദീന്‍, എം ബാബു, ലത്തീഫ്, എച്ച് അശ്്‌റഫ്, ഡോ. ബഷീര്‍, ഒ എം ഖാന്‍, എ കെ ഷൂബി, സൈഫ് വട്ടപ്പള്ളി, സബി വലിയകുളം പങ്കെടുത്തു.
Next Story

RELATED STORIES

Share it