റഫേല്‍ ഇടപാടില്‍ അന്വേഷണം; കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ കണ്ടു

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ കണ്ടു. ഇടപാട് സംബന്ധിച്ചു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നു ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് സംഘം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം സിഎജിയെ കണ്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ് സമാന ആവശ്യവുമായി വിജിലന്‍സിനു മുന്നിലെത്തിയത്. വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരിയെ കണ്ട സംഘം നിവേദനം നല്‍കി. എച്ച്എഎല്ലിനെ ഒഴിവാക്കി റിലയന്‍സിന് കരാര്‍ 30,000 കോടിയുടെ നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്രമക്കേട് നടത്താനായെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയില്ലാതെ കൂടിയ വിലയ്ക്ക് വിമാനം വാങ്ങിയതുള്‍െപ്പടെയുള്ള കാര്യങ്ങളിലും അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തേ നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി 300 ശതമാനം ഇരട്ടി വിലയ്ക്കാണ് വിമാനം വാങ്ങാന്‍ കരാറായിരിക്കുന്നത്. സാങ്കേതിക വിദ്യ കൈമാറണമെന്ന നിബന്ധനയും ഒഴിവാക്കിയതിലൂടെ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയെ തുരങ്കം വച്ചു. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണ്ടതാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കരാറില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവാത്തത് ലജ്ജാകരമാണെന്നു മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം പറഞ്ഞു.
ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചിദംബരം. സത്യത്തിന് രണ്ടു വശമുണ്ടാവില്ലെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. അതിനോട് ഞാന്‍ യോജിക്കുന്നു. ധനകാര്യമന്ത്രി പറയുന്നു രണ്ടു വശമുണ്ടെന്ന്. എങ്കില്‍ ഏതു വശമാണ് ശരിയെന്ന് അറിയാന്‍ എന്താണ് വഴി. ഒന്നുകില്‍ അന്വേഷണം നടത്താം, അല്ലെങ്കില്‍ നാണയം ടോസിട്ട് നോക്കാം. തല രണ്ടു വശത്തുമുള്ള നാണയം ടോസ് ചെയ്യാനായിരിക്കും ജെയ്റ്റ്‌ലിക്ക് താല്‍പര്യമെന്നും ചിദംബരം ട്വിറ്ററില്‍ പരിഹസിച്ചു.

Next Story

RELATED STORIES

Share it