palakkad local

രൂപരേഖ ലഭിച്ചാല്‍ പദ്ധതി കിഫ്ബിക്ക് സമര്‍പ്പിക്കും: മന്ത്രി

പാലക്കാട്: മലമ്പുഴ റിങ് റോഡിലെ മൈലാടിപ്പുഴയ്ക്കു കുറുകെ പാലം പണിയുന്നതിന് കിഫ്ബി 2016-17 ല്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയ്ക്ക് തത്വത്തില്‍ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നിയമസഭയില്‍ വി എസ് അച്ച്യുതാനന്ദന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പദ്ധതിയില്‍ മൈലാടിപ്പുഴയ്ക്കു കുറുകെ ഒരു പാലവും  അപ്രോച്ച് റോഡുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും റിപോര്‍ട്ട്, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറി (ഡിസൈന്‍, റിസര്‍ച്ച്, ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ബോര്‍ഡി)ന്  സമര്‍പ്പിച്ചിട്ടുണ്ട്.
പൊതുമരാമത്ത് ഡിആര്‍ഐക്യു വിഭാഗത്തില്‍ നിന്ന് ഡിസൈന്‍ ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ പ്രൊജക്ട് റിപോര്‍ട്ട് കിഫ്ബിയില്‍ സാമ്പത്തികാനുമതിക്കായി സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെയും വനം വകുപ്പിന്റെയും സ്ഥലം ആവശ്യമാണ്.
സ്വകാര്യ വ്യക്തികളുടെ സ്ഥലം ഫ്രീ സറണ്ടര്‍ ആയി ലഭ്യമാക്കുമെന്ന് ജനപ്രതിനിധികളും സ്ഥലവാസികളും അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, മലമ്പുഴ പഞ്ചായത്ത് പ്രതിനിധികള്‍, സ്ഥലവാസികള്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ സ്ഥലം വിട്ടു കിട്ടുന്നതിനായി പൊതുമരാമത്ത് അപേക്ഷ നല്‍കേണ്ടതുണ്ട്.
അപേക്ഷയില്‍ പ്രൊജക്ടിനായി ഉപയോഗപ്പെടുത്തുന്ന മുഴുവന്‍ വസ്തുവിന്റെയും സര്‍വെ നമ്പര്‍, വിസ്തീര്‍ണം എന്നിവ ഉള്‍പ്പെടുത്തണം. സ്വകാര്യ വ്യക്തികളുടെ വസ്തുവിന്റെ അതിരുകളും സബ് ഡിവിഷനുകളും ഉള്‍പ്പെടെ സര്‍വെ നമ്പരുകളും റവന്യൂ അധികൃതരോട് റിപോര്‍ട്ടായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റിപോര്‍ട്ട് ലഭ്യമായാലുടന്‍ വനം വകുപ്പിന്റെ സ്ഥലം വിട്ടു കിട്ടുന്നതിന് പൊതുമരാമത്ത് വകുപ്പ് അപേക്ഷ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 1980ലാണ് റിങ് റോഡിന്റെ ആദ്യഘട്ട പ്രവൃത്തി മലമ്പുഴ ഡാം പരിസരം മുതല്‍ അക്കരെ കവ പ്രദേശം വരെ തുടങ്ങിയത്.
1990കളില്‍ കവ-കുരുത്തിക്കാവ്, ആനക്കല്ല് എലിവാല്‍ എന്നീ പ്രദേശങ്ങളിലേക്ക് ഇതു ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായ എലിവാല്‍ പ്രദേശം മുതല്‍ തെക്കേ മലമ്പുഴ അമ്പലംവരെയുള്ള റോഡും റോഡിനെ ബന്ധിപ്പിക്കുന്ന പാലവും 10 വര്‍ഷത്തിലേറെയായി പൂര്‍ത്തീകരിക്കാതെ കിടക്കുകയാണ്.  മലമ്പുഴയില്‍ നിന്ന് ആരംഭിച്ച് ചേമ്പന, വലിയകാട്, ആനക്കല്ല്, പൂക്കുന്ന്  പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന റോഡ് മലമ്പുഴ ഡാം പരിസരത്ത് എത്തും. നിര്‍ദ്ദിഷ്ട റിങ്ങ് റോഡിന്റെ 230 മീറ്റര്‍ ഭാഗം വനം വകുപ്പിന്റെ കൂപ്പ് റോഡാണ്.
പൊതുജനങ്ങളുടെ ഗതാഗതാവശ്യത്തിനായി ഈ ഭാഗത്തെ റോഡിന് വനം വകുപ്പിന്റെ നിരാക്ഷേപപത്രം ലഭ്യമാകുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍  സ്ഥലം ഡിഎഫ്ഒയോട്  അവലോകന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായി  വി എസ് അച്യുതാനന്ദന്‍ സബ്മിഷനില്‍ പറഞ്ഞു. റിങ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരണം നീണ്ടു പോകുന്നതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് 32 കീലോമീറ്റര്‍ യാത്ര ചെയ്ത് വേണം മലമ്പുഴ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്താന്‍. റിങ് റോഡ് പൂര്‍ത്തീകരിച്ചാല്‍ അഞ്ച് കിലോമീറ്ററായി ഈ അകലം കുറയുമെന്നും സബ്മിഷനില്‍ സൂചിപ്പിക്കുന്നു.  കൂടാതെ, മലമ്പുഴയുടെ  വിനോദസഞ്ചാര സൗകര്യങ്ങളും എക്കോ ടൂറിസം സാധ്യതയും വര്‍ധിക്കാന്‍ അത് ഇടയാക്കും.
Next Story

RELATED STORIES

Share it